|    Jun 22 Fri, 2018 6:56 pm
FLASH NEWS
Home   >  Big stories   >  

മതേതരത്വത്തില്‍ നിന്ന് ഇന്ത്യ അകന്നു

Published : 21st August 2015 | Posted By: admin

തേജസ് ദൈ്വവാരിക ഓഗസ്റ്റ് 16

National-President-E.-Aboobacker


 

 

 

 

ഇ. അബൂബക്കര്‍

സുപ്രിംകോടതി ശിരോവസ്ത്രത്തെ കുറിച്ച് നടത്തിയത് പോലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. ഓരോ കാലഘട്ടത്തിനും അതിനനുസരിച്ചുള്ള രാജാക്കന്മാരെ കിട്ടുമെന്നു പറയുന്നതുപോലെത്തന്നെ അതിനനുസരിച്ചുള്ള ജഡ്ജിമാരെയും കിട്ടിത്തുടങ്ങി എന്നാണതിനര്‍ഥം. ഒരു നിമിഷത്തേക്കോ അരനിമിഷത്തേക്കോ ഒരു മാത്ര നേരത്തേക്കോ വിശ്വാസിക്ക് വിശ്വാസത്തെ മാറ്റിവയ്ക്കാന്‍ സാധിക്കില്ല. ഓരോ വിഷയത്തിലും അതുതന്നെയാണ് അവസ്ഥ. ഒരു നിയമമുണ്ടെങ്കില്‍ അതനുസരിച്ചു ജീവിക്കണം. അത് ഒരു നിമിഷത്തേക്കു താന്‍ മാറ്റിവയ്ക്കുന്നു എന്നു പറയാന്‍ സാധ്യമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള കഴിവ് ജഡ്ജിമാര്‍ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് അടുത്ത കാലത്തു വരുന്ന വിധികളെക്കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശിരോവസ്ത്രത്തെക്കുറിച്ച് മാത്രമുള്ള ആശങ്കയല്ല; ശിരസ്സിനെക്കുറിച്ചുതന്നെ ആശങ്കയുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഫ്രാന്‍സിലേതുപോലുള്ള സാഹചര്യമല്ല ഇന്ത്യയില്‍ ഉണ്ടാവേണ്ടത്. ഇന്ത്യയെപ്പോലെത്തന്നെ എന്നു പറയാന്‍ പറ്റുന്ന ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുമോ എന്ന് ഇവിടെയുള്ള മതേതരവാദികളും
ജനാധിപത്യവിശ്വാസികളും ചിന്തിക്കണം. യോഗയിലൂടെ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി. ഇപ്പോള്‍ നിര്‍ബന്ധമല്ല എന്നു പറയുന്നു. പക്ഷേ, ഒരു മതേതര രാജ്യത്ത് ഇതുപോലെ മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. ഇപ്പോള്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുകയും പിന്നീട് ആവശ്യമുള്ളവര്‍ നമസ്‌കരിച്ചാല്‍ മതി എന്നു പറയുന്നതും മതേതര രാജ്യത്ത് പാടില്ലാത്തതാണ്. മുസ്‌ലിംകളുടെ ളുഹ്ര്‍ നമസ്‌കാരം ഇവിടെ സ്‌കൂളില്‍ നടത്തും, സംഘടിതമായി നിര്‍വഹിക്കും, അതില്‍ പങ്കെടുക്കുന്നവര്‍ പങ്കെടുത്താല്‍ മതി, താല്‍പര്യമില്ലാത്തവര്‍ പങ്കെടുക്കേണ്ടതില്ല എന്നുള്ള ഒരു നിയമം കൊണ്ടുവരാന്‍ സാധിക്കുമോ? അങ്ങനെയാവുമ്പോള്‍ സൂര്യനമസ്‌കാരവും കൊണ്ടുവരാം. ഇപ്പോള്‍ പറയുന്നത് സുപ്രിംകോടതി നിര്‍ബന്ധമാക്കിയിട്ടില്ല എന്നാണ്. രാജസ്ഥാനില്‍ ഒരു കോടതിവിധി ഉണ്ടായത്, നിര്‍ബന്ധമില്ല എന്നു സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാണ്. ആവശ്യക്കാര്‍ക്ക് ചെയ്താല്‍ പോരേ എന്ന്. മുസ്‌ലിംകളുടെ ആരാധനാകര്‍മങ്ങളിലും ക്രിസ്ത്യാനികളുടേതിലും ഹിന്ദുക്കളുടേതിലും മറ്റു മതവിഭാഗങ്ങളുടേതിലും ഇതുപോലുള്ള നിലപാട് എടുക്കുമെങ്കില്‍ അതു സ്വീകാര്യമായിരിക്കും. അല്ലെങ്കില്‍ വിവേചനപരമാണ്. ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷമുള്ള സ്‌കൂളില്‍ ഒരുപക്ഷേ ഹിന്ദുകുട്ടികള്‍ മുഴുവന്‍ സൂര്യനമസ്‌കാരം നിര്‍വഹിച്ചെന്നു വരും. അവിടെ നാല്‍പ്പതോ അമ്പതോ മുസ്‌ലിം കുട്ടികള്‍ ഉണ്ടാവും. ഇവര്‍ മാത്രം വേറിട്ടുനില്‍ക്കും. അങ്ങനെയുള്ള പച്ചയായ വിഭാഗീയതയും മതവൈരവുമുണ്ടാക്കാനുള്ള നിയമങ്ങളാണ് ആവിഷ്‌കരിക്കുന്നത്. അതിനു ചൂട്ടുപിടിക്കുന്ന വിധികളാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്. യോഗ ഒരു എക്‌സര്‍സൈസ് എന്നതില്‍ നിന്നു മതപരമായ ഒരനിവാര്യതയാക്കി മാറ്റുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. അതിനെയാണ് നാം എതിര്‍ക്കുന്നത്. ഒരു എക്‌സര്‍സൈസ് എന്ന നിലയ്ക്ക് അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. യോഗ ഒരു മതപരമായ പശ്ചാത്തലത്തില്‍ നിന്നു വന്നതായിരിക്കാം. അതുകൊണ്ടു പ്രശ്‌നമില്ല. അതില്‍ നിന്നു ബഹുദൈവാരാധനാപരമായ അംശങ്ങള്‍ ഇല്ലായ്മ ചെയ്യുകയും മതവിശ്വാസത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തുകൊണ്ട് ‘ശാരീരികമായി ഗുണം ചെയ്യുന്ന ഒന്ന്’ എന്ന നിലയില്‍ അതിനെ കാണുകയും ചെയ്താല്‍ കുഴപ്പമൊന്നുമില്ല. മോദി സര്‍ക്കാര്‍ ഇതില്‍ നിന്നു വ്യത്യസ്തമായ ചില സൂചനകള്‍ നല്‍കുകയാണ്. ചെറിയ തോതില്‍ ഓരോന്നു തുടങ്ങിവരുകയാണ്. ഇനി ക്രമേണ അതിനപ്പുറത്തേക്കും പോവും. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മോദി സര്‍ക്കാര്‍ നിര്‍ദേശിക്കാന്‍ സാധ്യതയുള്ളത് ശവാസനമായിരിക്കുമെന്ന് എനിക്കു തോന്നുന്നു. ആ വിധത്തില്‍ സംഗതികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ എന്നല്ല മുസ്‌ലിംകള്‍ തന്നെ തേഡ് ജനറേഷനാണ്. മുസ്‌ലിംകളിലെ ഒന്നാമത്തെ ജനറേഷന്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടുകയും ഗവണ്‍മെന്റ് വിരുദ്ധ നിലപാടെടുക്കുകയും ചെയ്തുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗത്തു നിലകൊണ്ടു. അന്നവര്‍ ബ്രിട്ടിഷുകാരന്റെ എല്ലാം നിരാകരിച്ചു. അവര്‍ വിദ്യാഭ്യാസത്തെത്തന്നെ നിരാകരിച്ചു. വലിയ വിവരക്കേടായി നമുക്കതിനെ കാണാം. പക്ഷേ, സെക്കന്‍ഡ് ജനറേഷന്‍ തീര്‍ത്തും അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. പിന്നീട് ഗള്‍ഫ് സ്വാധീനവും സാമ്പത്തിക പുരോഗതിയുമൊക്കെ ഉണ്ടായി. മാത്രമല്ല, മറ്റു ജനവിഭാഗങ്ങളില്‍ നിന്നുള്ള പരിഹാസമേറ്റ് മുസ്‌ലിംകള്‍ വിദ്യാഭ്യാസമേഖലയിലേക്കു പ്രവേശിക്കാന്‍ തുടങ്ങി. ഇന്നു വിദ്യാഭ്യാസമേഖലയില്‍ മെഡിക്കല്‍ കോളജിലാവട്ടെ, എന്‍ജിനീയറിങ് കോളജിലാവട്ടെ എവിടെയും മുസ്‌ലിം കുട്ടികളെ നമുക്കു കാണാന്‍ സാധിക്കും. ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടികളെയും കാണാന്‍ സാധിക്കും. ഇതിനെ മതവൈരത്തിന്റെയും മതവെറിയുടെയും പ്രതലത്തിലെത്തിക്കുക എന്നതാണ് ഇവിടെയുള്ള ഫാഷിസ്റ്റുകള്‍ മാത്രമല്ല, ഇവിടത്തെ സെക്കുലറിസ്റ്റ് കമ്മ്യൂണിസ്റ്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്. മലപ്പുറത്ത് ഏതാനും കുട്ടികള്‍ ജയിച്ചാല്‍ അവിടെ കോപ്പിയടിയജ്ഞം നടത്തിയതാണെന്നു കരുതാന്‍ മാത്രമേ നമ്മുടെ സെക്കുലര്‍ ഇടതുപക്ഷം വളര്‍ന്നിട്ടുള്ളൂ. മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യം മാറിയെന്നു മനസ്സിലാക്കുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെടുകയാണ്. മുസ്‌ലിം കുട്ടികളെ പഠനരംഗത്തുനിന്ന് അകറ്റിനിര്‍ത്താന്‍ കഴിയുമോ എന്നാണ് പ്രതിലോമകാരികള്‍ പരീക്ഷിക്കുന്നത്. അതു കഴിയില്ല എന്നു തെളിയിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കാണ്. വിദ്യാഭ്യാസപരമായി മുസ്‌ലിംകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച വളര്‍ച്ച എല്ലാ രംഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം ആണ്‍കുട്ടികളാണ് ഇപ്പോള്‍ വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ വളരെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. അതു മറ്റൊരു സാമൂഹികപ്രശ്‌നം സൃഷ്ടിക്കുമോ എന്ന ഭയപ്പാടിലാണ് ഇപ്പോള്‍ നാം. ഒരനുഭവം പറയാം: കുറച്ചു കാലം മുമ്പ് ഇന്ത്യാടുഡേയുടെ ഒരു ലേഖകന്‍ എന്റെ അടുത്ത് ഇന്റര്‍വ്യൂവിനു വന്നു. അയാളുടെ പ്രധാന ചോദ്യങ്ങള്‍ പര്‍ദയുമായി ബന്ധപ്പെട്ടതായിരുന്നു. പര്‍ദ പുരോഗതിയെ പിന്നോട്ടുനയിക്കുകയില്ലേ എന്നായിരുന്നു അയാളുടെ ഒരു ചോദ്യം. ഞാന്‍ അയാളോട് പറഞ്ഞു: ലോകത്ത് ഏറ്റവും കൂടുതല്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നത് കന്യാസ്ത്രീകളാണ്. അവരുടെ അതേ വസ്ത്രം തന്നെയാണ് മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്നതും. നേരിയ വ്യത്യാസം മാത്രമേയുള്ളൂ. മുഖവും മുന്‍കൈയുമൊഴികെ ബാക്കിയെല്ലാം മറയ്ക്കുന്നതും മറ്റും സേവനരംഗത്തുനിന്നും സാമൂഹികപ്രവര്‍ത്തന രംഗത്തുനിന്നുമൊക്കെ സ്ത്രീകളെ തടയുമെങ്കില്‍ കന്യാസ്ത്രീകളെ തടയണമായിരുന്നില്ലേ? അതിനാല്‍ നാം മനസ്സിലാക്കേണ്ടത് ഒരു വസ്ത്രം ഒന്നില്‍ നിന്ന് ആരെയും തടയുന്നില്ല- ഒരുപക്ഷേ, തിന്മകളില്‍ നിന്നു തടയുമെന്നല്ലാതെ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. പക്ഷേ, ആ ഭാഗം മാത്രം അയാള്‍ എഴുതിയില്ല. പല ക്രിസ്ത്യന്‍ സ്ഥാപനങ്ങളും ശിരോവസ്ത്രം ധരിക്കുന്നതില്‍ നിന്നു മുസ്‌ലിം പെണ്‍കുട്ടികളെ തടയുന്നു. അവരുടെ കന്യാസ്ത്രീകള്‍ക്ക് അവിടെ ശിരോവസ്ത്രം ധരിക്കുകയും ചെയ്യാം. ഇപ്പോള്‍ ഒരു കന്യാസ്ത്രീയെ പരീക്ഷയില്‍ നിന്നു തടഞ്ഞപ്പോള്‍ മനസ്സിലായല്ലോ എന്താണ് ഒരു വസ്ത്രം എന്നു പറഞ്ഞാല്‍ എന്ന്. ആ നിലയ്‌ക്കേ അതിനെയൊക്കെ കാണാന്‍ പാടുള്ളൂ. ഒരു സ്‌കൂളില്‍ കുട്ടികള്‍ അവരുടെ വസ്ത്രം ധരിക്കട്ടെ. എന്താണ് അതിനു പ്രശ്‌നം? വളരെ വര്‍ഗറായിട്ടുള്ള ഷോര്‍ട്‌സ് പോലുള്ള വേഷം ധരിച്ചെത്തുന്നത് തടയേണ്ടതാണ്. അല്ലാതെ മറ്റു നിലയ്ക്ക് വസ്ത്രധാരണത്തെ തടസ്സപ്പെടുത്തേണ്ടതില്ല. എല്ലാവരും സഹിഷ്ണുക്കളാവണം. മുസ്‌ലിംകളും സഹിഷ്ണുക്കളായിരിക്കണം. അവനവന്റെ നേരെ വരുമ്പോള്‍ മാത്രം ഇതു ശരിയായില്ല എന്നു പറയുന്ന രീതി അവസാനിപ്പിക്കണം. എല്ലാ രാജ്യങ്ങളിലും – അള്‍ട്രാ വര്‍ഗീയ-അള്‍ട്രാ സെക്കുലര്‍ രാജ്യങ്ങളിലൊക്കെ – ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായ സിവില്‍ കോഡുകളുണ്ട്. പേഴ്‌സനല്‍ ലോകളുണ്ട്. ഇവിടെത്തന്നെ മുസ്‌ലിം പേഴ്‌സനല്‍ ലോ ഉണ്ടായത് കോണ്‍ഗ്രസ്സുകാരുടെ കാലത്തല്ല, ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ കാലത്താണ്. അതൊക്കെ നല്ലതാണ്. ഓരോ ജനവിഭാഗങ്ങള്‍ അവരുടെ രീതിയനുസരിച്ച് അങ്ങനെ ജീവിക്കട്ടെ. അതില്‍ മറ്റുള്ളവര്‍ക്കെന്താ കാര്യം? ഒരാള്‍ തലയില്‍ തട്ടമിട്ടാല്‍ അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതൊരു പൗരാവകാശപ്രശ്‌നമെന്ന നിലയിലേ കാണേണ്ടതുള്ളൂ. ചിലര്‍ തലയില്‍ തട്ടമിടാന്‍ ഉദ്ദേശിക്കുന്നു. ചിലര്‍ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ചില ആളുകള്‍ തലയില്‍ തൊപ്പി വയ്ക്കും, ചിലര്‍ തലയില്‍ തലേക്കെട്ട് കെട്ടും, ചില ആളുകള്‍ തലയില്‍ വലിയ തലേക്കെട്ട് കെട്ടും, പകിടി കെട്ടും. രാജസ്ഥാനില്‍ ആളുകള്‍ പകിടിയാണ് കെട്ടുക. ഇതൊക്കെ സഹിഷ്ണുതാപരമായി നാം കാണണം. പകിടി കെട്ടുന്നവരോട് അസഹിഷ്ണുത എന്തിനാണ്? നോര്‍ത്ത് ഇന്ത്യയിലെ ചില ആളുകള്‍ തുണി മടക്കി ചുരുട്ടി കെട്ടിവയ്ക്കുന്നുണ്ട്, പിന്നില്‍ ബന്ധിക്കും. അത് കാണുമ്പോള്‍ നമ്മളെന്തിനാ വിഷമിക്കുന്നത്? അത് അവരുടെ ഒരു ശീലം. നാമെന്തിന് അസഹിഷ്ണുത പ്രകടിപ്പിക്കണം? മതേതരത്വത്തെപ്പറ്റിയുള്ള സങ്കല്‍പ്പം തന്നെ തെറ്റായിപ്പോയിട്ടുണ്ട്. ഓരോ വ്യക്തിയും അവനവന്റെ മതപരമായ രീതിയില്‍ ജീവിച്ചുകൊണ്ടുതന്നെ മറ്റുള്ളവരുടെ മതപരമായ അനുഷ്ഠാനങ്ങളെ ആദരിക്കുക എന്നുള്ളിടത്താണ് മതേതരത്വം. അതാണ് വ്യക്തികളുടെ മതേതരത്വം. സര്‍ക്കാരിന്റെ മതേതരത്വം വ്യത്യസ്തമാണ്. ഒരു മതത്തിനും യാതൊരുവിധ പ്രാധാന്യവും നല്‍കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ മതേതരത്വം. വ്യക്തിയുടെ മതേതരത്വം, ഞാന്‍ എന്റെ മതചടങ്ങുകള്‍ അനുഷ്ഠിച്ചുകൊണ്ടുതന്നെ എനിക്കെന്റെ സഹോദരന്റെ മതാനുഷ്ഠാനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ സാധിക്കണം എന്നതാണ്. ഈ മതേതരത്വ സങ്കല്‍പ്പത്തില്‍ നിന്ന് ഇന്ന് ഇന്ത്യാ രാജ്യം തിരിച്ചു പോയി. ഭൂരിപക്ഷത്തിന്റെ മതമേതാണോ അത് അംഗീകരിക്കുക എന്നതാണ് മതേതരത്വം എന്നു വന്നു. അതിനു പൊതുബോധമെന്നോ മറ്റോ ഒക്കെ പേര്‍ പറയും. കോടതികളില്‍ വിധി പ്രസ്താവിക്കുമ്പോള്‍ പൊതുബോധമാണല്ലോ പറയുന്നത്. ന്യായത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട കോടതികള്‍ തന്നെ പൊതുബോധം അങ്ങനെയാണെന്നു പറഞ്ഞുകൊണ്ടാണല്ലോ തൂക്കിലേറ്റുന്നത്. ഇവിടെ സ്വാതന്ത്ര്യത്തിനു ശേഷം തൂക്കിലേറ്റപ്പെട്ടവരില്‍ 94 ശതമാനവും ദലിതുകളോ സിഖുകാരോ മുസ്‌ലിംകളോ ആണെന്നാണ് പറയുന്നത്. 2012നു ശേഷം വധിക്കപ്പെട്ട മൂന്നു പേരും മുസ്‌ലിംകളാണ്. മുസ്‌ലിംകളാണ് എന്നതൊന്നും നമ്മെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാകാന്‍ പാടില്ല. മുസ്‌ലിംകളാണെന്നതിനാല്‍ ഒരു പ്രത്യേകമായ ദുഃഖമോ മുസ്‌ലിംകളല്ല എങ്കില്‍ ഒരു പ്രത്യേകമായ സന്തോഷമോ ഉണ്ടാവാന്‍ പാടില്ല. ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകള്‍ തൂക്കിലേറ്റപ്പെട്ടതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. തൂക്കിക്കൊല വേണോ എന്നുള്ളത് വേറൊരു സംഗതിയാണ്. ഇത്തരം ശിക്ഷാവിധി തന്നെ അവസാനിപ്പിക്കണോ എന്നത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്. പക്ഷേ, ശിക്ഷിക്കപ്പെടുന്നത് നീതിപൂര്‍വമാകണം. നിയമത്തിന്റെ അടിസ്ഥാനത്തിലാകണം. അതില്ലാത്തിടത്ത് മതേതരത്വം അവസാനിക്കുന്നു. ജനാധിപത്യബോധം അവസാനിക്കുന്നു. നീതി കശാപ്പു ചെയ്യപ്പെടുന്നു. കോടതി തന്നെ ഒരുതരം ഫാഷിസത്തിന്റെ ഭാഗമായി മാറുന്നു. ഭരണം മാറിയതുകൊണ്ട് മാത്രമുള്ള ഒരു മാറ്റമല്ല ഇപ്പോള്‍ കോടതിക്കുണ്ടായത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ യു.പി.എ. ഗവണ്‍മെന്റല്ലേ ഭരിച്ചിരുന്നത്? യു.എ.പി.എ. നിയമം കൊണ്ടുവന്നത് യു.പി.എ. ഗവണ്‍മെന്റല്ലേ? ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യനോട് നീതി കാണിക്കാതിരിക്കുക എന്നത് ഫാഷിസ്റ്റുകളുടെ ഭരണസ്വാധീനം കൊണ്ടല്ല, ഫാഷിസത്തിന്റെ സ്വാധീനം കൊണ്ടാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ബി.ജെ.പി. ഭരിക്കുമ്പോഴും അതുണ്ട്. ആരു ഭരിക്കുമ്പോഴും ഫാഷിസത്തിന്റെ ഭരണസ്വാധീനമുണ്ടാവും. ഫാഷിസത്തെ തടയുകയാണ് ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റ് ചെയ്യേണ്ടത്. അതു കോണ്‍ഗ്രസ്സിനില്ല, ബി.ജെ.പിക്കുമില്ല. ബി.ജെ.പി. ആഗ്രഹിക്കുന്നതുതന്നെ വരുന്നു. അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്നതെല്ലാം വളരെ അപകടം പിടിച്ച സംഗതികളാണ്. ഇന്ത്യാരാജ്യത്തോട് സ്‌നേഹമുള്ള ആളുകള്‍ക്കു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിഭാഗീയതയും വര്‍ഗീയതയും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഈ അടുത്ത കാലത്തുണ്ടായ ബി.ജെ.പിയുടെ വി. മുരളീധരന്റെ പ്രസ്താവനയെ കാണാന്‍ കഴിയുക. മുരളീധരന്‍ പറഞ്ഞ കാര്യം കള്ളം പറഞ്ഞുകൊണ്ടല്ല സ്ഥാപിച്ചെടുക്കേണ്ടത്. ഹിന്ദുക്കള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നുണ്ടെങ്കില്‍, മുസ്‌ലിംകളും ക്രിസ്ത്യാനികളും സാമ്പത്തികമായി ഉയര്‍ന്നുവരുന്നുണ്ടെങ്കില്‍, അതിന്റെ അടിസ്ഥാന കാരണമെന്തെന്നു കണ്ടുപിടിക്കേണ്ടത് എന്റെയും നിങ്ങളുടെയും എല്ലാവരുടെയും ആവശ്യമാണ്. കാരണം നാം ഈ സമൂഹത്തിലെ ആളുകളാണ്. സമൂഹത്തില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്ന വ്യത്യാസങ്ങളൊന്നും നമ്മള്‍ കല്‍പ്പിക്കാന്‍ പാടില്ല. ഹിന്ദു, ഹിന്ദുക്കള്‍ എന്ന നിലയില്‍ സാമ്പത്തികമായി പിന്നാക്കം പോകുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തുകയും അത് പരിഹരിക്കാന്‍ സമൂഹവും ഗവണ്‍മെന്റും കൂട്ടായി ശ്രമിക്കുകയും വേണം. അത് വര്‍ഗീയവല്‍ക്കരിച്ച് ഹിന്ദുക്കളെ ഭയപ്പെടുത്തേണ്ടതില്ല. സാമൂഹികവിരുദ്ധ ശക്തികളെ സംബന്ധിച്ചിടത്തോളം വര്‍ഗീയവല്‍ക്കരിക്കുകയും വോട്ടു നേടുകയും മാത്രമാണ് ലക്ഷ്യം. അതല്ലാതെ പ്രശ്‌നം പരിഹരിക്കുകയോ ഹിന്ദുസമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരുകയോ അല്ല. മുസ്‌ലിംകളെക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞു. ഒരുകാലത്ത് നാടകങ്ങളിലും മറ്റും മുസ്‌ലിംകളെ അവഹേളിക്കുകയാണ് ചെയ്തിരുന്നത്. ഒരു അരപ്പട്ടയും കെട്ടി, ഹൃദയത്തില്‍ നിന്നല്ലാതെ തൊണ്ടയുടെ അടിത്തട്ടില്‍ നിന്നു ഭയങ്കരമായ ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ജനവിഭാഗമായി മുസ്‌ലിംകളെ കണ്ടു. ഭീകരമായ ഒരുതരം താടിയും ആകാരഭാവങ്ങളുമായി മുസ്‌ലിംകളെ ചിത്രീകരിച്ചു. അതില്‍ നിന്ന് എന്താണ് സംഭവിച്ചത്. തങ്ങള്‍ അവഹേളിക്കപ്പെടുന്നുണ്ട്, അവഗണിക്കപ്പെടുന്നുണ്ട്, ചവിട്ടിത്താഴ്ത്തപ്പെടുന്നുണ്ട് എന്നു മുസ്‌ലിംകള്‍ മനസ്സിലാക്കി. വിവേചനത്തിനു വിധേയമാകുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്: വിദ്യാഭ്യാസം, സാമൂഹികമായ ഉന്നമനം, അധികാരത്തില്‍ പങ്കാളിത്തം. ഇതിനെ സംബന്ധിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് മുന്നോട്ടുപോവുകയും ചെയ്ത് ആ വിഭാഗം വളര്‍ന്നുവന്നു, ഉയര്‍ന്നുവന്നു. ഹിന്ദുസമൂഹത്തിലെ ദുര്‍ബല വിഭാഗത്തെയാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. യഥാര്‍ഥത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരുമാണല്ലോ ഹിന്ദുക്കള്‍ എന്ന വിഭാഗം. ദലിതരും പിന്നാക്കക്കാരുമല്ലല്ലോ. വെള്ളാപ്പള്ളി നടേശനും മറ്റും ബ്രാഹ്മണന്മാര്‍ തോളില്‍ കൈവച്ചാല്‍ സായൂജ്യം ലഭിച്ചുവെന്നു വിചാരിക്കുന്നവരാണ്. അത്തരം ആളുകളെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ദുര്‍ബല ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ഡോ. പല്‍പ്പു, അയ്യങ്കാളി, കേരളകൗമുദിയുടെ സ്ഥാപകന്‍ സുകുമാരന്‍ ബി.എ. തുടങ്ങി കുറേ ആളുകള്‍ മുന്‍ഗാമികളായുണ്ട്. ഇവരൊക്കെ ഹിന്ദു സമുദായത്തെപ്പറ്റി എന്താണ് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കണം. എന്നാണ് ഇവരെല്ലാം ഹിന്ദുക്കളായത്? 18ാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഒരു കാനേഷുമാരി കണക്കെടുപ്പു നടത്തി. ആ സമയത്ത് ഒരു മതവുമില്ലാത്ത ആള്‍ക്കാര്‍, അവര്‍ ഏതു മതാചാരവുമായാണ് സാമ്യത പുലര്‍ത്തുന്നതെന്ന ഒരു ചോദ്യത്തിന് ഹിന്ദുമതത്തോട് എന്ന് ഉത്തരം പറഞ്ഞു. കുലദൈവാരാധകരാണെന്നു പറഞ്ഞു. അതുകൊണ്ട് അവരെയെല്ലാം ഹിന്ദുക്കളായി കണക്കാക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ഇവര്‍ ഹിന്ദുക്കളല്ല. സവര്‍ണര്‍ മാത്രമാണ് ഹിന്ദുക്കള്‍. പക്ഷേ, അസവര്‍ണര്‍ എന്തുകൊണ്ട് പിന്നാക്കം പോയി? അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്താണ് വഴി? ഇത് ആലോചിക്കുന്നതിനു പകരം കാടടച്ചു വെടിവയ്ക്കുകയും കള്ളപ്രചാരണങ്ങള്‍ നടത്തുകയുമല്ല ചെയ്യേണ്ടത്. അവരെ ഉയര്‍ത്തിക്കൊണ്ടുവരുക എന്നത് എല്ലാവരുടെയും ബാധ്യതയാണ്. മുരളീധരന്റെ മാത്രമല്ല, കേരള സമൂഹത്തിന്റെ മുഴുവന്‍ ബാധ്യതയാണ്. അതിനെന്താണ് മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്? സവര്‍ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനപ്പുറം എന്തെങ്കിലും ലക്ഷ്യം അവര്‍ക്കുണ്ടോ? വര്‍ഗീയത പ്രചരിപ്പിച്ചുകൊണ്ട് വോട്ട് വാങ്ങുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? 25 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുമെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് നമ്മുടെ ഇടതുപക്ഷക്കാരനായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരത്തേ പറഞ്ഞതാണല്ലോ. ഇവരൊക്കെ ഒരേ തൂവല്‍പ്പക്ഷികളാണ്. അരുവിക്കരയില്‍ വരെ സംഭവിച്ചത് അതാണ്. ഇപ്പോള്‍ ഇടതുപക്ഷം കരഞ്ഞിട്ടൊന്നും കാര്യമില്ല. ഇടതുപക്ഷം ഹിന്ദുത്വത്തെയോ മൃദുഹിന്ദുത്വത്തെയോ സ്വീകരിച്ചുകൊണ്ട്, മൃദുഹിന്ദുത്വത്തേക്കാള്‍ നല്ലത് നമുക്ക് സാക്ഷാല്‍ ഹിന്ദുത്വം തന്നെയല്ലേ എന്നു ചിന്തിക്കുന്നിടത്ത് അച്യുതാനന്ദനും ഇടതുപക്ഷവും കൂടി ഹിന്ദുക്കളെ എത്തിക്കുകയാണ് ചെയ്തത്. യഥാര്‍ഥ മതേതരത്വത്തിന്റെ ആള്‍ക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. സാമുദായികമായും വര്‍ഗീയമായും കാണുന്നതിനു പകരം സത്യസന്ധമായി കാര്യങ്ങളെ സമീപിക്കാന്‍ ശ്രമിക്കണം. സെന്‍സസ് തന്നെ കള്ളത്തരമാണ് എന്ന് അഭിപ്രായമുള്ളവരുണ്ട്. കളവു തന്നെ മൂന്നു തരമാണെന്ന് പറയുന്നു. കള്ളം, പച്ചക്കള്ളം, സെന്‍സസ്, നാലാമത്തെ കള്ളം വി. മുരളീധരന്‍- അങ്ങനെ നാലു തരം കള്ളമാണ് ഇപ്പോഴുള്ളത് എന്നാണ് എന്റെ അഭിപ്രായം. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുമെന്നാണ് വാദം. മുസ്‌ലിംകള്‍ക്കു മാത്രമല്ലല്ലോ അത്തരം ഉല്‍പ്പാദനശേഷി. എല്ലാവര്‍ക്കുമുണ്ടല്ലോ. എന്താണ് അത് പ്രായോഗികമാക്കാത്തത്? സമൂഹം വളരാന്‍ സമൂഹത്തില്‍ ആളുകള്‍ ഉണ്ടാവേണ്ടതുണ്ട്. നിലവിലുള്ള ആളുകള്‍ക്ക് സുഖിക്കാന്‍ വേണ്ടി ഭാവിയെ നിരാകരിക്കുകയല്ല വേണ്ടത്. വര്‍ത്തമാനത്തെ സുഖിപ്പിക്കാന്‍ വേണ്ടി ഭാവിയെ നിരാകരിക്കുന്ന രീതി അവസാനിപ്പിക്കണം. അങ്ങനെയാവുമ്പോള്‍ തലമുറകളുണ്ടാവും, ജനതതികളുണ്ടാവും, ജനങ്ങളുണ്ടാവും. എല്ലാവരും വര്‍ധിക്കട്ടെ. എല്ലാവരും വര്‍ധിച്ച് രാഷ്ട്രനിര്‍മാണത്തിനും സമൂഹനിര്‍മിതിക്കും പ്രാപ്തി നേടിയ വിഭാഗമായി വളരട്ടെ. അവര്‍ ലോകത്തെത്തന്നെ ഉയര്‍ച്ചയിലേക്കു നയിക്കട്ടെ. അല്ലാതെ മുരളീധരന്‍ പറയുന്നപോലെ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയല്ല വേണ്ടത്. ഹിന്ദുക്കള്‍ക്ക് പ്രത്യേകമായി ഇന്ത്യാരാജ്യത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? കേരളത്തിലുണ്ടോ? ഹിന്ദുക്കള്‍ വളരെ ഉയര്‍ന്ന ജീവിതനിലവാരത്തിലുള്ള ആളുകളാണ്. ഹിന്ദുമതത്തിലേക്ക് പില്‍ക്കാലത്ത് ചേര്‍ക്കപ്പെട്ട പിന്നാക്കക്കാരും ദലിതുകളുമായ ആളുകള്‍ക്കാണ് പ്രശ്‌നങ്ങളുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ ആ നിലയ്ക്കുതന്നെ കാണണം. മുസ്‌ലിംകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഗള്‍ഫിലും മറ്റെവിടെയെല്ലാമോ പോയി അധ്വാനിച്ചു. അതുപോലെ ക്രിസ്ത്യാനികളും. എവിടെ പോയി നോക്കിയാലും നല്ലനല്ല പോസ്റ്റുകളിലൊക്കെ ഹിന്ദുക്കളാണ്. ഗള്‍ഫിലും അമേരിക്കയിലും മറ്റെവിടെയാണെങ്കിലും ഉയര്‍ന്ന പോസ്റ്റുകളിലൊക്കെ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയിരിക്കും. മുസ്‌ലിംകള്‍ അടുത്ത കാലത്താണ് ഉയരാന്‍ തുടങ്ങിയത്. മിക്കവരും ലേബേഴ്‌സാണ് ഹിന്ദുക്കള്‍. കള്ള് നിരോധിക്കുകയും കള്ള് ചെത്തേണ്ട എന്നു തീരുമാനിക്കുകയും ഗള്‍ഫിലും മറ്റും പോയി ജോലി ചെയ്യുകയും ചെയ്യട്ടെ, അപ്പോള്‍ പണമുണ്ടാകും. അംബരചുംബികളായ കെട്ടിടങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും മാത്രമല്ല, ഹിന്ദുക്കള്‍ക്കുമുണ്ടാവും. അങ്ങനെ ചെയ്തവര്‍ വളരുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ ഉടമസ്ഥതയില്‍ തന്നെ ധാരാളം മാളുകളുണ്ടല്ലോ. അങ്ങനെ വളര്‍ന്നുവരട്ടെ. അത് സാമുദായികമായോ വര്‍ഗീയമായോ കാണേണ്ടതില്ല. എല്ലാവരും വളരും, വളരട്ടെ. അതോടൊപ്പം തന്നെ മനസ്സില്‍ നിന്നു വര്‍ഗീയത അവസാനിപ്പിക്കുകയും വേണം. മുരളീധരനെപ്പോലെയുള്ള ആളുകള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരു ഭൂമികയായാണ് വര്‍ഗീയതയെ കാണുന്നത്. ഏക സിവില്‍കോഡ് നടപ്പാകുന്ന സംഗതിയല്ല. ആരുടേതാണ് ഏക സിവില്‍കോഡ്? ഹിന്ദുക്കളുടേതാണോ മുസ്‌ലിംകളുടേതാണോ? എന്നാല്‍, എല്ലാവര്‍ക്കും വേണ്ടി മുസ്‌ലിംകളുടേത് നടപ്പാക്കാമോ? എന്താണ് ഏക സിവില്‍കോഡ്? എന്തിനാണത്? ഓരോരുത്തരും അവനവന്റെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ. ബഹുഭാര്യത്വം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമുള്ളതായാണ് പ്രചാരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത് ഹിന്ദുക്കളാണ്, മുസ്‌ലിംകളല്ല. കണക്കുകള്‍ അതാണ് പറയുന്നത്. ശൈശവ വിവാഹവും അങ്ങനെത്തന്നെയാണ്. നമ്മുടെ പ്രധാനമന്ത്രി തന്നെ ശൈശവവിവാഹം നടത്തി വിട്ടുനില്‍ക്കുന്ന ആളല്ലേ? ആര്‍.എസ്.എസുകാരുടെ പ്രചാരണത്തിനുള്ള മറുപടി വേറെയാണ്. ആര്‍.എസ്.എസിന്റെ ഫുള്‍ടൈം പണിയെടുക്കുന്നവര്‍ കല്യാണം കഴിക്കാന്‍ പാടുണ്ടോ? കല്യാണം കഴിച്ചെങ്കിലേ ജനങ്ങളുണ്ടാവുകയുള്ളൂ. കഴിച്ച പെണ്ണിനെത്തന്നെ ഒഴിവാക്കി നിര്‍ത്തരുത്. അവരുമായി കുടുംബജീവിതം നയിക്കണം. സാധ്വികളും സാധുക്കളും വിദ്വേഷപ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ല. കുടുംബജീവിതം നയിച്ചെങ്കിലേ സ്‌നേഹമെന്താണെന്ന് അറിയുകയുള്ളൂ. അപ്പോഴേ സമൂഹം വളരുകയുള്ളൂ. എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ കാണാന്‍ സാധിക്കണം. ഏക സിവില്‍കോഡ് എന്ന മുറവിളിയുടെ കാരണം വര്‍ഗീയ ചിന്ത മാത്രമാണ്. സ്വാതന്ത്ര്യസമരകാലത്തു പോലും വര്‍ഗീയതയുടെ സ്വാധീനമുണ്ടായിരുന്നു. വളരെ പെട്ടെന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നാണല്ലോ വര്‍ഗീയത. ആളുകള്‍ എല്ലാ നിയമങ്ങളെയും ദുരുപയോഗം ചെയ്യും. അതു വച്ചിട്ടല്ല നിയമത്തെ വിമര്‍ശിക്കേണ്ടത്. അതുപോലെ മുസ്‌ലിംകള്‍ മുത്വലാഖ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. വളരെ ചുരുങ്ങിയ കേസുകളേ ഇങ്ങനെയുണ്ടാവൂ. അതു നിയന്ത്രിക്കണം. സാക്ഷരതയില്ലാത്ത ആളുകളാണ് ഇങ്ങനെ ചെയ്യുന്നതില്‍ അധികവും. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഈ വിഷയത്തില്‍ ‘ഇസ്‌ലാഹെ മുആശറാ’ എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. സമൂഹത്തില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ബോധവല്‍ക്കരണ കാംപയിനുകള്‍ എത്രയോ കാലമായി നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. ശരീഅഃ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതൊക്കെത്തന്നെ. പക്ഷേ, മുസ്‌ലിംകളില്‍ പലതരം ചിന്താഗതിയുള്ള, പലവിധ കര്‍മശാസ്ത്രസരണികളെ അവലംബിക്കുന്ന ആളുകളുണ്ട്. അവയ്ക്കനുസരിച്ച നിയമങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരീഅഃ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss