|    Jun 18 Mon, 2018 8:56 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മതേതരത്വത്തിന്റെ സംരക്ഷണത്തിന്

Published : 30th September 2016 | Posted By: SMR

സി അബ്ദുല്‍ ഹമീദ്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം രാഷ്ട്രം ഞായറാഴ്ച  ആചരിക്കാനൊരുങ്ങുമ്പോള്‍, ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ ഫാഷിസത്തിനെതിരേ ജനകീയമുന്നേറ്റത്തിന്റെ ചരിത്രസംഗമത്തിന് നാളെ കോഴിക്കോട് കടപ്പുറം സാക്ഷ്യംവഹിക്കും. നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ ഒന്നു മുതല്‍ 30 വരെ സംഘടിപ്പിച്ച ദേശീയ കാംപയിന്റെ സംസ്ഥാനതല സമാപനത്തിന്റെ ഭാഗമായ ജന മഹാസമ്മേളനം, ബിജെപിയുടെ തണലില്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിഷവിത്ത് വിതച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ രൂപപ്പെട്ടുവരുന്ന ഐക്യനിരയുടെ പ്രഖ്യാപനത്തിനാവും വേദിയൊരുക്കുക.
രാജ്യം 2016ല്‍ എത്തിനില്‍ക്കുമ്പോള്‍ ആഗതമാവുന്ന ഗാന്ധിജയന്തിക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയക്ക് സ്വജീവിതവും ജീവരക്തവും കൊണ്ട് ഊര്‍ജം പകര്‍ന്ന ഗാന്ധിജി, ഒരു നേതാവ് എന്നതിനപ്പുറം ഒരു ആശയവും വികാരവുമൊക്കെയായി പരിലസിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ, ഗാന്ധിഘാതകനായ ഗോഡ്‌സെക്ക് ജയ് വിളിക്കുകയും സ്മാരകം നിര്‍മിക്കുകയും ചെയ്യുന്ന തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള നീക്കങ്ങള്‍ ശരവേഗം പ്രാപിച്ചിരിക്കുന്നുവെന്നതാണ് ഈ പ്രസക്തിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. ഗാന്ധിജിയും ഗോഡ്‌സെയും നാളിതുവരെ എതിര്‍ദിശകളില്‍ പ്രതിനിധീകരിച്ചിരുന്ന സാംസ്‌കാരിക ഇടങ്ങളെ ഒരേ ദിശയിലേക്കു പറിച്ചുനടാന്‍ ശ്രമിക്കുന്ന ഏറ്റവും നീചവും അപകടകരവുമായ ചരിത്രസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഇത് ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല.  ചരിത്രവും പൈതൃകവും സംസ്‌കാരവുമെല്ലാം തിരുത്തിയെഴുതി കാവിയില്‍ മുക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്‍സിഇആര്‍ടി, പ്രസാര്‍ ഭാരതി, ചരിത്ര ഗവേഷണ കൗണ്‍സില്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി വിദ്യാഭ്യാസ, ചരിത്ര, സാംസ്‌കാരിക മേഖലകളിലെ സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് ആര്‍എസ്എസ് അനുഭാവികളെയും ആജ്ഞാനുവര്‍ത്തികളെയും തിരുകിക്കയറ്റിയത് ഇതിന്റെ ഭാഗമാണ്. പൗരന്റെ ചിന്താസ്വാതന്ത്ര്യത്തിലും ഭക്ഷണരീതി തിരഞ്ഞെടുപ്പിലും പോലും ഹിന്ദുത്വഫാഷിസത്തിന്റെ കടന്നുകയറ്റം ശക്തമായിരിക്കുന്നു. ഇവിടെ ഭീഷണി നേരിടുന്നത് രാജ്യത്തിന്റെ ജനാധിപത്യ, മതേതരമൂല്യങ്ങളാണ്. അട്ടിമറിക്കപ്പെടുന്നത് ഭരണഘടനാടിത്തറയാണ്. നഷ്ടമാവുന്നത് സഹിഷ്ണുതയാണ്. ശക്തിപ്പെടുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഒരു നവ സാമൂഹിക രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, അച്ഛാ ദിന്‍, സ്വച്ഛ് ഭാരത് തുടങ്ങി പറയാനും കേള്‍ക്കാനും സുഖമുള്ള പ്രയോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഭരണാധികാരികള്‍ രാജ്യത്തെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശൗചാലയങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള പരസ്യങ്ങള്‍ ചാനലുകളില്‍ അരങ്ങുതകര്‍ക്കുകയാണ്. ഇപ്പോഴിതാ, രാജ്യമെമ്പാടും ഗാന്ധിജയന്തിദിനത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തരം പ്രഹസനങ്ങളിലൂടെ ഗ്രാമങ്ങളില്‍ പൗരന്‍മാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയും ഹരിയാനയിലെ മേവാത്തും ഒഡീഷയിലെ കാലഹന്ദിയും ഗുജറാത്തിലെ ഉനയുമൊക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്തരം യാഥാര്‍ഥ്യങ്ങളാണ്. സ്വന്തം വീട്ടില്‍ ഇറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ ദാദ്രിയില്‍ കൊല്ലപ്പെടേണ്ടിവന്ന മുഹമ്മദ് അഖ്‌ലാഖ്, കാലിക്കച്ചവടത്തിന്റെ പേരില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കപ്പെട്ട ജാര്‍ഖണ്ഡിലെ മുഹമ്മദ് മജ്‌ലൂമും ആസാദ് ഖാനും, ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ഉനയില്‍ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ദലിത് യുവാക്കള്‍- ഇവരെപ്പോലുള്ളവരിലൂടെയാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്ന് ലോകത്തിനു മുന്നില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ആംബുലന്‍സ് വിളിക്കാന്‍ നിവൃത്തിയില്ലാതെ  ഭാര്യയുടെ മൃതശരീരം തോളിലേറ്റി  നടക്കേണ്ടിവന്ന ദനാ മാഞ്ചിയുടെ മുഖത്ത് തളംകെട്ടിനില്‍ക്കുന്ന നിസ്സംഗതയില്‍ നിഴലിക്കുന്നത് മോദിയും കൂട്ടരും വീമ്പിളക്കുന്ന ഡിജിറ്റല്‍ പ്രഭാവമല്ല; അഷ്ടിക്കു വകയില്ലാത്ത കോടിക്കണക്കിനു സാധാരണക്കാര്‍ നേരിടുന്ന ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമാണ്. ആണവശക്തി, ഐടി അതികായര്‍, ആഗോള വാണിജ്യരംഗത്ത് കുതിച്ചുയരുന്ന താരം തുടങ്ങിയ വിശേഷണങ്ങളോടെ സ്വതന്ത്ര ഇന്ത്യ എഴുപതിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദലിതുകളും അടക്കമുള്ള ജനവിഭാഗങ്ങളുടെ സ്ഥാനമെവിടെയെന്നതാണ് ചോദ്യം. ജാതിയുടെയും വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ ഇക്കൂട്ടരെ രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്താനും അന്യവല്‍ക്കരിക്കാനുമായി സംഘപരിവാരം ലഭ്യമായ എല്ലാ ആയുധങ്ങളും മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. സാക്ഷി മഹാരാജും സാധ്വി പ്രാചിയും യോഗി ആദിത്യനാഥും അടക്കമുള്ള തീവ്രഹിന്ദുത്വവാദികള്‍ മുസ്‌ലിംകള്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന വിഷംചീറ്റുന്ന പ്രസ്താവനകളും പ്രസംഗങ്ങളും സര്‍വസീമകളും ലംഘിച്ചിട്ടും നമ്മുടെ നിയമസംവിധാനങ്ങളും ക്രമസമാധാനപാലകരും ഇവര്‍ക്കു നേരെ മൗനം അവലംബിക്കുകയാണ്. മുസ്‌ലിംമുക്ത ഇന്ത്യയാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കാനാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ പള്ളികളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അവിടം ക്ഷേത്രങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ചുമാണ് ഇവര്‍ ചര്‍ച്ചചെയ്യുന്നത്. ഭരണഘടനയും നിയമവ്യവസ്ഥയും രാജ്യത്തിന്റെ ഉന്നതമായ മതേതര, ജനാധിപത്യമൂല്യങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്നത്. ലൗ ജിഹാദ് മുതല്‍ ഘര്‍വാപസി വരെയുള്ള നുണപ്രചാരണങ്ങളിലൂടെ  സമൂഹത്തില്‍ പ്രകോപനങ്ങളും കലാപങ്ങളും സൃഷ്ടിച്ച് വര്‍ഗീയ മുതലെടുപ്പിനു നടത്തിയ പരീക്ഷണങ്ങള്‍ ശക്തിപ്പെട്ടുവരുമ്പോള്‍, ഭരണസംവിധാനങ്ങള്‍ പുലര്‍ത്തുന്ന മൗനം ബൃഹത്തായ ഒരു ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വന്ദേമാതരവും സൂര്യനമസ്‌കാരവും മറ്റും നിര്‍ബന്ധമാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമടക്കമുള്ള മതവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോര്‍വിളികളുമെല്ലാം തന്നെ, രാജ്യത്തിന്റെ ബഹുസ്വരതയെ അട്ടിമറിച്ച്, ഹിന്ദുത്വ ഫാഷിസത്തെ ദേശീയനയമായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളും നിശ്ശബ്ദമാക്കപ്പെടുകയാണ്. ഇതിനെതിരേ ശബ്ദമുയര്‍ത്തുന്ന സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും അഭിഭാഷകരുമെല്ലാം ഹിന്ദുത്വഭീകരതയുടെ കൊലക്കത്തിക്കിരയാവുകയും ചെയ്യുന്നു. നരേന്ദ്ര ധബോല്‍ക്കറുടെയും  ഗോവിന്ദ് പന്‍സാരെയുടെയും എം എം കല്‍ബുര്‍ഗിയുടെയും ജീവന്‍ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്കു രാജ്യം നല്‍കേണ്ടിവന്ന വിലയാണ്. സ്വതന്ത്രചിന്തകള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും നേരെയാണ് അസഹിഷ്ണുതയുടെ മൂര്‍ച്ചയേറിയ നഖം നീണ്ടുകൊണ്ടിരിക്കുന്നത്. ഇവരുടെ മൃതശരീരങ്ങളില്‍ ചവിട്ടിനിന്നുകൊണ്ട് ഹിന്ദുത്വര്‍ ദേശസ്‌നേഹത്തിന്റെ പുതിയ തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുമ്പോഴും ഇതിനെതിരായ തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ്. ഹിന്ദുത്വഫാഷിസത്തിനെതിരേ പൊതുവായ ഐക്യനിര രൂപപ്പെട്ടുവരേണ്ട അനിവാര്യമായ ഘട്ടത്തില്‍പ്പോലും ഫാഷിസത്തെക്കുറിച്ച് തര്‍ക്കിച്ച് ഊര്‍ജം പാഴാക്കുന്ന ഇടതുപക്ഷത്തെ ചുമക്കേണ്ട ഗതികേടിലാണ് രാജ്യം.
ഒരുവശത്ത് വര്‍ഗീയ ഫാഷിസം അതിരുകടക്കുമ്പോള്‍, സാധാരണക്കാരന് അന്യമാവുന്ന രാജ്യത്തിന്റെ വിഭവശേഷിയുടെ  ഗുണഭോക്താക്കളായി സ്വദേശ, വിദേശ കുത്തകകള്‍ മാറുകയാണ്. കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് മോദി സര്‍ക്കാര്‍ അനുവദിച്ച ശതകോടികളുടെ നികുതിയിളവുകളും എഴുതിത്തള്ളിയ കോടിക്കണക്കിന് കടബാധ്യതകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. വിദേശ-നയതന്ത്ര മേഖലകളില്‍ ഇക്കാലമത്രയും നമ്മള്‍ നിലനിര്‍ത്തിപ്പോന്ന സ്വന്തമായ അസ്തിത്വം സാമ്രാജ്യത്വ-അധിനിവേശ ശക്തികള്‍ക്കു മുമ്പില്‍ അടിയറവയ്ക്കപ്പെടുന്ന സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരേ ഉയര്‍ന്നുവരേണ്ട ചെറുത്തുനില്‍പ്പിന്റെ അനിവാര്യതയെക്കുറിച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരന്തരമായി ജനങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ ഐക്യത്തിനും ബഹുസ്വരതയ്ക്കും ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ ഫാഷിസം കുടം തുറന്നുവിട്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും ബാധ്യസ്ഥരാണ്. അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന ഓര്‍മപ്പെടുത്തലോടെ ഏവരെയും നാളെ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ജന മഹാസമ്മേളനത്തിലേക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാഗതം ചെയ്യുന്നു.

(പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss