|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മതില്‍ നിര്‍മിക്കാനുള്ള സമയമായി: ഡോണള്‍ഡ് ട്രംപ്‌

Published : 24th November 2018 | Posted By: kasim kzm

മെക്‌സിക്കോ സിറ്റി: അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള സമയമായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതിലിന്റെ നിര്‍മാണമടക്കമുള്ള സുരക്ഷാ പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ നിര്‍ബന്ധമായും സഹകരിക്കണമെന്നും അദ്ദേഹം ഡെമോക്രാറ്റുകളോടും റിപബ്ലിക്കരോടും ആവശ്യപ്പെട്ടു.
അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സങ്കീര്‍ണമായി. ഇത് യുഎസിലെ കാര്‍ഷികോല്‍സവത്തേയും സാരമായി ബാധിച്ചു. കാര്‍ഷികോല്‍സവത്തില്‍ പങ്കെടുക്കാനായി അതിര്‍ത്തി കടക്കാനെത്തിയവരും സുരക്ഷാ നടപടിയെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങി. പഠനാവശ്യങ്ങള്‍ക്കും ജോലിക്കുമായി യുഎസിലേക്ക് ദിനേന പതിനായിരക്കണക്കിനു മെക്‌സിക്കന്‍ വംശജരാണ് എത്തുന്നത്.
മെക്‌സിക്കോ അതിര്‍ത്തിപ്രദേശമായ ടിജുവാനയില്‍ ക്യാംപ് ചെയ്തിരുന്ന മധ്യ അമേരിക്കന്‍ കുടിയേറ്റക്കാര്‍ യുഎസിലേക്ക് കടക്കാനായി ചാപരാല്‍ അതിര്‍ത്തിയിലെത്തിയതോടെ യുഎസ് തങ്ങളുടെ പ്രധാന അതിര്‍ത്തി കവാടങ്ങള്‍ അടച്ചു. ചാപരാല്‍ വഴി സാന്‍ഡിയാഗോയിലേക്കും കാലഫോര്‍ണിയയിലേക്കും കടക്കാന്‍ സാധിക്കും. എന്നാല്‍, ഇവിടെയും അതിര്‍ത്തി യുഎസ് അടച്ചു.
ബ്ലാങ്കറ്റുകള്‍ അല്ലാതെ മറ്റു സാധനങ്ങളൊന്നും അവരുടെ കൈവശമില്ലായിരുന്നു. 6000 പേരടങ്ങുന്ന സംഘമാണ് യുഎസിലേക്ക് മെക്‌സിക്കോ വഴി കടക്കാനായി ടിജുവാനയില്‍ ക്യാംപ് ചെയ്തിരുന്നത്. യുഎസ് അഭയാര്‍ഥികളായി പ്രഖ്യാപിക്കും വരെ കാത്തിരിക്കുമെന്നു കുടിയേറ്റക്കാര്‍ അറിയിച്ചു. “തങ്ങള്‍ കടുത്ത നിരാശയിലാണ് കഴിയുന്നത്. കഴിഞ്ഞദിവസം രാത്രി മഴ പെയ്തു. മുറികളൊന്നും ഒഴിവില്ലാത്തതിനാല്‍ എല്ലാവരും നനഞ്ഞു.
അസുഖവും പിടിച്ചു. തങ്ങളുടെ കുട്ടികള്‍ക്കും അസുഖമായി. സഹായത്തിനായി ആരും എത്തിയില്ല’- ഹോണ്ടുറന്‍ വംശജന്‍ ഡേവിഡ് പറയുന്നു. എന്നാല്‍, മെക്‌സിക്കോ വഴി കുടിയേറ്റക്കാരുടെ ഒഴുക്ക് ശക്തമായതോടെ അതിര്‍ത്തി സുരക്ഷ യുഎസ് ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമെന്നും എല്ലാ കവാടങ്ങളും അടയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss