|    Dec 11 Tue, 2018 3:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മതിയായ സഹായം നല്‍കാത്തതിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മഴക്കെടുതിമൂലം ദുരിതത്തിലായ കേരളത്തിന് മതിയായ കേന്ദ്രസഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. ജന്തര്‍ മന്ദറിലെ കേരള ഹൗസിനു മുമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാല, ഡല്‍ഹി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും വിവിധ മനുഷ്യാവകാശ, സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം 4,800 കോടി ചെലവഴിച്ച കേന്ദ്രസര്‍ക്കാര്‍ പ്രളയക്കെടുതിമൂലം വന്‍ ദുരിതം നേരിട്ട കേരളത്തിന് കേവലം 500 കോടി നല്‍കിയ കേന്ദ്ര നടപടിയെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.
കേരളത്തിനു കൂടുതല്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഐഐടിയിലെയും ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളും കഴിഞ്ഞദിവസം പ്രതിഷേധപ്രകടനം നടത്തി. ജെഎന്‍യു വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാത്രി കാംപസിനകത്തും ഇന്നലെ രാവിലെ പാര്‍ലമെന്റ് സ്ട്രീറ്റിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധധര്‍ണ നടത്തി.
ജന്തര്‍മന്ദറില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കേരളത്തിന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബിജെപിക്ക് അവസരം നല്‍കാത്തതാണ് കേരളത്തെ അവഗണിക്കാന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഗുജറാത്തില്‍ ഇതിലും ചെറിയ പ്രളയക്കെടുതി ഉണ്ടായ സമയത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് ഈ ദുരന്തത്തെ കണ്ടില്ലെന്നു നടിക്കുന്നതെന്നും അവര്‍ ചോദിച്ചു. മലയാളത്തില്‍ അടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss