|    Jul 25 Tue, 2017 2:01 am
FLASH NEWS

മതാതീതമായ ഐക്യം നിലനിര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published : 5th September 2016 | Posted By: SMR

തൃപ്പൂണിത്തുറ: മതാതീതമായ ഐക്യം മുഴുവന്‍ മനുഷ്യര്‍ക്കുമിടയില്‍ നിലനിര്‍ത്തണമെന്ന സര്‍വകാല പ്രസക്തിയുള്ള സന്ദേശമാണ് അത്തം ഘോഷയാത്ര നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന സാഹചര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ചരിത്രത്തില്‍ നിന്നുള്ള മഹനീയപാഠമാണ് അത്തം ഘോഷയാത്ര. തൃപ്പൂണിത്തുറ അത്താഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് തൃപ്പൂണിത്തുറ. ഇവിടത്തെ അത്താഘോഷത്തിന് കാലിക പ്രസക്തിയുണ്ട്. മതനിരപേക്ഷമായ ഉള്ളടക്കം ഉണ്ട് എന്നതാണ് കാലിക പ്രസക്തിക്കു കാരണം. രാജഭരണകാലത്ത് ഘോഷയാത്രയുടെ മുന്‍നിരയില്‍ വ്യത്യസ്ത മത പ്രതിനിധികള്‍ ഉണ്ടായിരുന്നു.
കരിങ്ങാച്ചിറ കത്തനാര്‍, ചെമ്പില്‍ അരയന്‍, നെട്ടൂര്‍ തങ്ങള്‍ എന്നിവര്‍ വ്യത്യസ്തമായ മൂന്ന് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഘോഷയാത്രയില്‍ പങ്കെടുത്തു. ഇന്നും ഘോഷയാത്ര ശക്തമായ മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തിന് തീപ്പിടിച്ചപ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം മതവിശ്വാസികള്‍ ഒത്തു ചേര്‍ന്ന് തീകെടുത്താന്‍ ശ്രമിച്ചു. ഇത്തരത്തിലുള്ള മതനിരപേക്ഷ പാരമ്പര്യം തുടരാന്‍ കഴിയുന്നത് നല്ലകാര്യം തന്നെ. വളരെക്കാലമായി നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇത്തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സാന്നിധ്യത്തില്‍ രാഷ്ട്രപതി ഭവനില്‍ കേരള സര്‍ക്കാരിന്റെ പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഈ പരിപാടി രാജ്യത്തിന്റെയും രാഷ്ട്രപതിഭവന്റെയും ചരിത്രത്തില്‍ ആദ്യമാണ്.
നാട്ടില്‍ നിലനില്‍ക്കുന്ന വൈവിധ്യമാണ് സംസ്‌കാരത്തിന്റെ ജീവന്‍. ഈ വര്‍ണശബളമായ സാംസ്‌കാരിക രംഗമാണ് നമുക്ക് ആവശ്യം. ഇത് തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണം.
ഇതില്‍ ഏതെങ്കിലും ഒന്ന് പാടില്ല എന്ന് നിഷ്‌കര്‍ഷിക്കാന്‍ ആരും മുന്നോട്ടു വരരുത്. അങ്ങനെ വന്നാല്‍ തകരുന്നത് ഏകത്വമാണെന്ന് ജനങ്ങള്‍ മനസിലാക്കണം. ഇതിനെതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണം. ഇത്തരം ഒരു പാഠം കൂടി അത്താഘോഷം നമുക്ക് തരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക