|    Nov 18 Sun, 2018 8:29 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മതാഘോഷങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍

Published : 27th August 2016 | Posted By: SMR

കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി അതിവിപുലമായ സന്നാഹങ്ങളോടെയാണ് ആഘോഷിക്കാറുള്ളത്. ജന്മാഷ്ടമി ദിവസം കൊച്ചുകുട്ടികളെ കൃഷ്ണവേഷം കെട്ടിച്ചുകൊണ്ടും പുരാണേതിഹാസങ്ങളിലെ സംഭവങ്ങള്‍ക്കു ദൃശ്യാവിഷ്‌കാരം നല്‍കിക്കൊണ്ടുമുള്ള ശോഭായാത്രകള്‍ നാട്ടിലുടനീളം നടക്കും. ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍, തെരുവുകള്‍ അമ്പാടിയാവും.
കൃഷ്ണഭക്തി ഹിന്ദുത്വ സംഘടനകള്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്തുന്നുവോ എന്ന ആശങ്കയെത്തുടര്‍ന്ന്, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ സജീവമായി ഇടപെടാന്‍ ഇപ്പോള്‍ സിപിഎമ്മും തീരുമാനിച്ചിരിക്കുന്നു. തങ്ങളുടെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ ജന്മാഷ്ടമി നാളില്‍ സിപിഎമ്മും ജാഥകള്‍ നടത്തി. ചട്ടമ്പിസ്വാമികളുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നടത്തിയ ‘നമ്മളൊന്ന്’ പരിപാടി എന്നൊക്കെയാണ് പറയുന്നതെങ്കിലും, സംഗതി ഹിന്ദുത്വരാഷ്ട്രീയം മതബിംബങ്ങള്‍ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നതിനെതിരായുള്ള പ്രതിരോധം തന്നെയാണ്.
ഇത്തവണ കാര്യമായ സംഘര്‍ഷമില്ലാതെ ഇരുകൂട്ടരുടെയും യാത്രകള്‍ അവസാനിച്ചിട്ടുണ്ട്. എങ്കിലും ചില ഉരസലുകളൊക്കെ ഉണ്ടായി. ചില വിവാദങ്ങള്‍ പൊട്ടിമുളച്ചിട്ടുമുണ്ട്. ഭാവിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ കൂടുതല്‍ പ്രശ്‌നകലുഷിതമാവും എന്നതിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. സ്വതവേതന്നെ സംഘര്‍ഷാത്മകമായ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ധ്രുവീകരണങ്ങളുണ്ടാവുകയും കൂടുതല്‍ ചോരപ്പുഴകള്‍ ഒഴുകുകയുമാവും അതിന്റെ ഫലം. എന്തു തന്ത്രം ഉപയോഗിച്ചും കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഹിന്ദുത്വരാഷ്ട്രീയത്തിനായിരിക്കും അതുകൊണ്ടുള്ള ഗുണം.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ സിപിഎം ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, മതാചാരങ്ങളിലേക്കും മതാനുഷ്ഠാനങ്ങളിലേക്കും പ്രവേശിച്ച് ജനസ്വാധീനമുറപ്പിക്കുന്നതാണ് അതിന്റെ വഴി എന്നുവരുന്നത് തിരിച്ചടികള്‍ സൃഷ്ടിക്കാനാണിട. ഹൈന്ദവരാഷ്ട്രീയത്തിനെതിരായ പോരാട്ടം മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കണം. അമ്പലകമ്മിറ്റികളിലും പള്ളികമ്മിറ്റികളിലും കടന്നുകൂടുക, ശ്രീകൃഷ്ണജയന്തി ആഘോഷിക്കുക തുടങ്ങിയ ലളിതയുക്തികള്‍ പ്രായോഗികമാവാനിടയില്ല.
മതഘോഷയാത്രകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുകൂടി ഈ അവസരത്തില്‍ പറയേണ്ടതുണ്ട്. ശോഭായാത്രകളും നബിദിന റാലികളും പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എഴുന്നള്ളത്തുകളും മറ്റും ജനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ കുറച്ചൊന്നുമല്ല. എന്തിനാണ് മതത്തെ തെരുവുകളിലേക്ക് വലിച്ചിഴയ്ക്കുന്നത്, ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നത്, ശബ്ദമലിനീകരണമുണ്ടാക്കുന്നത്? ആളുകള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഘോഷയാത്രകള്‍ സര്‍ക്കാര്‍ തടയാറുണ്ട്, അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്; പക്ഷേ, മതത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാം നിര്‍ബാധം നടക്കുന്നു. ഇതും ആലോചനാവിഷയമാവേണ്ടതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss