|    Jan 19 Thu, 2017 8:34 pm
FLASH NEWS

‘മതസ്വാതന്ത്ര്യം അട്ടിമറിക്കാന്‍ രാജ്യത്തൊരു ശക്തി പ്രവര്‍ത്തിക്കുന്നു’

Published : 6th October 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം അട്ടിമറിക്കാന്‍ നാളുകളായി രാജ്യത്തൊരു ശക്തി പ്രവര്‍ത്തിക്കുന്നതായി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രവര്‍ത്തക സമിതിയംഗം മൗലാനാ ശെയ്ഖ് മുസ്തഫ റിഫാഇ നദ്‌വി. കൊച്ചി കലൂര്‍ ഫ്രൈഡേ ക്ലബ്ബില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീഅത്തിനെയും ഖുര്‍ആന്‍ അധിഷ്ഠിതമായ നിയമവ്യവസ്ഥയെയും നിരന്തരം എതിര്‍ത്തുകൊണ്ടാണ് ഈ ശക്തികള്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇസ്‌ലാമിന്റെയും ശരീഅത്തിന്റെയും അസ്തിത്വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരുഭാഗത്ത് വ്യക്തമായ നീക്കം നടക്കുമ്പോള്‍ മറുഭാഗത്ത് ചില ശൈലികളും രീതികളും ഉപയോഗിക്കുന്നു. എന്നാല്‍ ഖുര്‍ആനിലൂടെ അല്ലാഹു നല്‍കിയ നിയമവ്യവസ്ഥിതിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താനോ ഒഴിവാക്കാനോ മാറ്റം വരുത്താനോ സാധിക്കില്ല. ഏക സിവില്‍ കോഡ് എന്നത് അപകടകരമായ വാദമാണ്. ഗംഗയും യമുനയും ഒഴുകുന്ന പ്രത്യേക സംസ്‌കാരമുള്ള നാടാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടനയും ശില്‍പികളും മതസ്വാതന്ത്ര്യത്തിനും മതബോധനത്തിനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. അതിര്‍ത്തിയുടെയും ഭാഷയുടെയും പേരില്‍ പോലും വൈകാരികമായി വിഘടന സ്വഭാവം കാണിക്കുന്ന രാജ്യത്താണ് ഏകനിയമമെന്ന വാദമുയര്‍ത്തുന്നത്.
ഏക സിവില്‍ കോഡ് നടപ്പാക്കുക എന്നത് മാത്രമല്ല, ഏകീകൃത ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നു. ശരീഅത്ത് പൂര്‍ണമായും മനസ്സിലാക്കാത്തവരും അറിയാത്തവരുമാണ് സമൂഹത്തിലേറെയും. അതിനാല്‍ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സുപ്രിംകോടതിയിലും മറ്റും പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ മുസ്‌ലിമിനെ മുസ്‌ലിമായി ജീവിക്കാന്‍ അനുവദിക്കണം. അതുപോലെ മറ്റു മതസ്ഥരുടെയും വിശ്വാസങ്ങളെ മാനിക്കണം. ഒരു പൂന്തോട്ടത്തില്‍ വിവിധ പുഷ്പങ്ങളുണ്ടെങ്കിലേ അത് പൂന്തോപ്പാകൂ. ഒരു പുഷ്പം മാത്രം മതിയെന്നു പറയുന്നത് അനുവദിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മൗലാനാ ഷുക്കൂര്‍ മൗലവി, അഡ്വ പി കെ ഇബ്രാഹീം എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക