|    Sep 26 Wed, 2018 10:41 am
FLASH NEWS

മതസ്പര്‍ധയുടെ രോഗാണു വര്‍ഷിക്കുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി

Published : 10th January 2017 | Posted By: fsq

 

കൊച്ചി: മതസ്പര്‍ധയുടെ രോഗാണു പ്രസരിക്കുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കോര്‍പറേഷനും പൗരാവലിയും ചേര്‍ന്ന് വരാപ്പുഴ അതിരൂപതയുടെ മെത്രോപൊലീത്തമാര്‍ക്ക് എറണാകുളം ടൗണ്‍ഹാളില്‍ ഒരുക്കിയ പൗരസ്വീകണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനുമതീതമായി മനുഷ്യനന്മയ്്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുരോഹിതരാണ് ഇന്നിന്റെ ആവശ്യം. ഈ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കണ്ണികളാവാനും പുരോഹിതര്‍ക്ക് കഴിയണം. മതമൈത്രിയുടെ സന്ദേശവാഹരാവാന്‍ കഴിയുന്നവരാണ് എല്ലാക്കാലത്തും ഓര്‍മിക്കപ്പെടുന്നത്. മതേതരമായ നിരവധി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുരോഹിതന്‍മാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയോടൊപ്പം താമസിക്കുകയും കഴിയുകയും ചെയ്തയാളാണ് വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ മാര്‍. ജോസഫ് കളത്തിപ്പറമ്പിലെന്നും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നുള്ളത് ആശ്വാസമേകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വത്തിന് കനത്ത വെല്ലുവിളിയാണ്് ഇപ്പോള്‍ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരിക്കുന്നവര്‍ക്ക് എല്ലാ മതങ്ങളെയും ഒരു പോലെ കാണാന്‍ സാധിക്കുന്നില്ല. മതപരമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ലത്തീന്‍ കാത്തോലിക്ക വിഭാഗത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഫ. എം കെ സാനുവും ഉപഹാരസമര്‍പ്പണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സന്ദേശം നല്‍കി. പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി കെ ഇബ്രാഹിംകുഞ്ഞ്, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എറണാകുളം ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ ജോസഫ് പടിയാരംപറമ്പില്‍, ഷാജി ജോര്‍ജ്, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss