|    Nov 14 Wed, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മതവിദ്വേഷ പ്രസംഗം; അന്വേഷണം തുടങ്ങി

Published : 2nd August 2016 | Posted By: SMR

കൊല്ലം: കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായി. മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കരയിലും പത്തനാപുരത്തും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. അതേസമയം, പിള്ളയ്‌ക്കെതിരേ പോലിസ് അന്വേഷണം ആരംഭിച്ചു. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി കൊട്ടാരക്കര റൂറല്‍ എസ്പി അജിതാബീഗം പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ പുനലൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും എസ്പി അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് കമുകുംചേരിയില്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ബാലകൃഷ്ണപ്പിള്ള വിവാദ പ്രസംഗം നടത്തിയത്. പത്ത് മുസ്‌ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയും. തിരുവനന്തപുരത്തു പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണു താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കിക്കൊടുക്കണം. അതാണു രീതി. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ.
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള വാദമാണ് ഇപ്പോ ള്‍ ഉയരുന്നത്. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. നാളെ പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന് ആവശ്യം ഉന്നയിച്ചാല്‍ അതിന് അനുകൂലമായി വിധിപറയാന്‍ ജഡ്ജിമാര്‍ തയ്യാറാവുമോ. അങ്ങനെ വന്നാല്‍ കോടതിപോലും അവിടെയുണ്ടാവാത്ത സ്ഥിതിയുണ്ടാവും. വിശ്വാസത്തിനുവേണ്ടി കഴുത്തറുക്കുകയാണിപ്പോള്‍. കഴുത്തറുത്തു കൊല്ലുന്ന ഐഎസിന്റെ വക്താക്കളാണ് മുസ്‌ലിംകളെന്ന് പ്രസംഗത്തില്‍ പരോക്ഷമായും പിള്ള ആരോപിക്കുന്നു.
ഇന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം, അവ മിക്കതും കൈയേറി പള്ളികള്‍ പണിഞ്ഞിരിക്കുകയാണ്. കാശി ക്ഷേത്രം ഉള്‍പ്പെടെ ഇതിന് ഉദാഹരണമാണ്. മറ്റ് സമുദായങ്ങള്‍ കരുത്തേകുമ്പോള്‍ നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കഴിയണം. നമ്മുടെ സമുദായക്കാരുടെ കുടുംബങ്ങളില്‍ നാളെ ചേലാകര്‍മം ചെയ്ത കുട്ടികള്‍ ഓടിക്കളിക്കുന്ന അവസ്ഥയുണ്ടാവരുതെന്നും പിള്ള പ്രസംഗത്തില്‍ പറയുന്നു. അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബാലകൃഷ്ണപ്പിള്ള രംഗത്തെത്തി.
കോടതികള്‍ ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നതു ശരിയല്ലെന്നു മാത്രമാണ് പറഞ്ഞത്. കൂടാതെ, പത്തനാപുരത്ത് നടത്തിയതു പൊതുപ്രസംഗമല്ല. എന്‍എസ്എസ് കരയോഗത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുന്നു സംസാരിച്ചതാണ്. ഒന്നേകാല്‍ മണിക്കൂര്‍ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോള്‍ ഓര്‍മയില്ല. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപ്പിള്ള കേരള തൊഗാഡിയ ആവാന്‍ ശ്രമിക്കരുത്: പോപുലര്‍ ഫ്രണ്ട്     
കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ള കേരള തൊഗാഡിയ ആവാന്‍ ശ്രമിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മയ്യത്തുംകര പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാരം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് പ്രചാരവേല നടത്തുന്ന സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ആളുകളില്‍ നിന്നുള്ള ഇത്തരം ജല്‍പ്പനങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗഹൃദ അന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ.
മതേതര നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടിട്ടുള്ള ബാലകൃഷ്ണപ്പിള്ളയെ പോലുള്ളവര്‍ മുസ്‌ലിം- ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരേ ഇത്തരം നീചമായ പ്രസ്താവനകള്‍ നടത്തിയത് തികച്ചും അപലപനീയമാണ്. സാമുദായിക സൗഹൃദ അന്തരിക്ഷം തകര്‍ത്ത് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകള്‍ക്ക് ചൂട്ടുപിടിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss