|    Feb 19 Sun, 2017 10:21 pm
FLASH NEWS

മതവിദ്വേഷപ്രസംഗം: ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: മതസ്പര്‍ധ വര്‍ത്തുന്ന തരത്തില്‍ സംസാരിക്കുകയും വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന കുറ്റംചുമത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. 153(എ) വകുപ്പുപ്രകാരമാണ് ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്.
രണ്ടാഴ്ച മുമ്പ് ശശികല ടീച്ചര്‍ക്കെതിരേ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, രണ്ടാഴ്ചയോളമായി കേസെടുത്തിരുന്നില്ല. ആഭ്യന്തരവകുപ്പി ല്‍ നിന്ന് നിയമോപദേശം തേടിയിരുന്നതായാണ് പോലിസ് അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ തന്റെ ഫേസ്ബുക്കിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്തുകൊണ്ട് ശശികലയ്‌ക്കെതിരേ കേസെടുക്കുന്നില്ലെന്നായിരുന്നു ഷാജിയുടെ ചോദ്യം. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മതവിദ്വേഷം തകര്‍ക്കുന്ന രൂപത്തില്‍ പ്രസംഗിച്ചെന്നായിരുന്നു പരാതി. ഈ പ്രസംഗം താന്‍ നേരിട്ട് കേട്ടിരുെന്നന്നും ഇതടക്കമുള്ള ശശികലയുടെ പ്രസംഗങ്ങളുടെ ക്ലിപ്പിങുകള്‍ സഹിതമാണ് ഷുക്കൂര്‍ പരാതി നല്‍കിയത്.
നേരത്തേ ഷുക്കൂറിന്റെ പരാതിയില്‍ കോഴിക്കോട്ടെ മുജാഹിദ് നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരേ കാസര്‍കോട് പോലിസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് കോഴിക്കോട് കസബ സ്‌റ്റേഷനിലേക്കു മാറ്റുകയും അവിടത്തെ സിഐ അഷ്‌റഫ്, ഷംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ ശശികല നടത്തിയ പ്രസംഗങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്നതരത്തില്‍ പരാമര്‍ശമുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. മറ്റു ജില്ലകളിലും അന്വേഷിച്ച് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണറിയുന്നത്. എന്നാല്‍, യുഎപിഎ ചുമത്താതെ പോലിസ് ഒത്തുകളിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തന്റെ പരാതിയില്‍ കേസെടുത്ത നടപടി സ്വാഗതാര്‍ഹമാണെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ തേജസിനോട് പറഞ്ഞു. എന്നാല്‍, ലീഗിനെ പ്രീണിപ്പിക്കാനാണ് തനിക്കെതിരേ കേസെടുത്തതെന്ന് ശശികലയും പ്രതികരിച്ചിട്ടുണ്ട്. മതസ്പര്‍ധ ഉണ്ടാക്കുന്നതരത്തില്‍ താന്‍ ഒരിടത്തും പ്രസംഗിച്ചിട്ടില്ല. മതവിവേചനം ഉണ്ടാക്കുന്നതരത്തിലുള്ള പ്രസംഗം നടത്തുന്നത് എന്റെ രീതിയല്ല. എന്നാല്‍, താന്‍ അടങ്ങുന്ന മതവിഭാഗത്തിനോടുള്ള വിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതൊരു കുറ്റമാണെങ്കില്‍ ഇനിയും തുടരുമെന്നും ശശികല പറയുന്നു.
മലബാറില്‍ സിപിഎമ്മും ലീഗും അടുക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരേയുള്ള കേസ്. കെ എം ഷാജി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ ദുരൂഹതയുണ്ട്. മലബാറില്‍ ലീഗും സിപിഎമ്മും ഒന്നിച്ചാല്‍ മറ്റൊരു പാര്‍ട്ടിക്കും സീറ്റ് കിട്ടില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത് ഇതിനു തെളിവാണെന്നും ശശികല പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക