|    Jun 28 Wed, 2017 10:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതവിദ്വേഷം കുത്തിവച്ച് ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകള്‍

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതനിലെ പഞ്ചാംഗ സിലബസ് മതവിദ്വേഷം അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ആരോപണം. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ വര്‍ഗീയപ്രചാരണങ്ങള്‍ നടത്തി അടുത്ത തലമുറയില്‍ സംഘപരിവാര ആശയങ്ങള്‍ക്ക് സ്വാധീനമുണ്ടാക്കുകയാണ് വിദ്യാഭാരതി സ്‌കൂളുകളുടെ ലക്ഷ്യം.
500ഓളം സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ‘മാര്‍ക്‌സിസത്തിനും മദ്‌റസാവാദികള്‍ക്കുമെതിരേയുള്ള ആശയമാണ് വിദ്യാഭാരതി’ എന്നാണ് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവും വിദ്യാഭാരതി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ദീനനാഥ് ബത്ര വ്യക്തമാക്കുന്നത്. സംസ്‌കൃതം മുഖ്യ ഭാഷയാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളില്‍ ഭാഷാപഠനങ്ങള്‍ക്കും ഗണിത-ശാസ്ത്ര വിഷയങ്ങള്‍ക്കുമൊപ്പം പഠിപ്പിക്കുന്ന പഞ്ചാംഗ സിലബസ് വഴിയാണ് സംഘപരിവാര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ശാരീരിക് ശിക്ഷണ്‍, നൈതിക ശിക്ഷണ്‍, സംസ്‌കൃതം, യോഗ എന്നിവയാണ് പഞ്ചാംഗ സിലബസിലുള്ളത്. ആര്‍എസ്എസ് ബൗദ്ധിക ശിക്ഷണ്‍ വിഭാഗത്തിനു കീഴിലുള്ള അക്കാദമിക് കൗണ്‍സിലാണ് സിലബസ് തയ്യാറാക്കുന്നത്. ദേശീയപ്രസ്ഥാനത്തിനും ദേശീയനേതാക്കള്‍ക്കും പ്രാധാന്യമില്ലാത്ത സിലബസില്‍ അന്ധവിശ്വാസങ്ങളും അബദ്ധങ്ങളുമാണ് ശാസ്ത്രമെന്ന പേരില്‍ പഠിപ്പിക്കുന്നതെന്ന് ആര്‍എസ്എസില്‍നിന്ന് രാജിവച്ചു പുറത്തുവന്ന വിദ്യാഭാരതിയുടെ വേദഗണിത അധ്യാപകനായിരുന്ന സന്തോഷ്മിന്നി  വെളിപ്പെടുത്തിയിരുന്നു.
ആര്‍എസ്എസ് ശാരീരിക് ശിക്ഷകുമാരുടെ കീഴില്‍ വിദ്യാര്‍ഥികളെ ശാരീരിക പരിശീലനത്തിനു വിധേയരാക്കുന്നത് നേരത്തേ വിവാദമായിരുന്നു.  ആര്‍എസ്എസിന്റെ ആയുധപരിശീലന ക്യാംപുകള്‍ക്കും വിദ്യാനികേതന്‍ സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താറുണ്ട്.
വര്‍ഷംതോറും ക്രിസ്മസ് അവധിക്കാലത്ത് സംസ്ഥാനവ്യാപകമായി വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആയുധപരിശീലന ക്യാംപ് നടക്കാറുണ്ട്.
2015ല്‍ തൊടുപുഴ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ക്യാംപില്‍ കോതമംഗലം സ്വദേശിയായ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. 2013ല്‍ തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തും വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ആയുധ പരിശീലന ക്യാംപില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന സ്‌കൂള്‍ സിലബസിനെതിരേ പരിശോധിച്ച് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക