|    Apr 23 Mon, 2018 3:28 am
FLASH NEWS
Home   >  Top Stories   >  

മതവികാരമിളക്കി മനുഷ്യജീവിതം കൊണ്ട് പന്താടുന്നവര്‍

Published : 13th April 2016 | Posted By: sdq

IMTHIHAN-SLUG-352x300കേരളത്തെ മാത്രമല്ല ഇന്ത്യയെത്തന്നെ നടുക്കിയ കൊല്ലം പരാവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്നുറപ്പു വരുത്താനുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. നൂറിലേറെ മനുഷ്യ ജീവനുകളെടുത്ത അഥവാ നൂറിലേറെ കുടുംബങ്ങളെ അനാഥരാക്കി കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഇടപെടുകയായിരുന്നു.
എന്നാല്‍ സങ്കടകരമെന്നു പറയട്ടെ; എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടിയുളള ഹൈക്കോടതിയുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളെ ഉയര്‍ന്ന പൗരബോധത്തോടെ ഉള്‍ക്കൊളളാനല്ല മറിച്ച് മത വികാരമിളക്കി മറി കടക്കാനാണ് സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ തീരുമാനം. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാരവാഹികളാണ് ഇവരില്‍ പ്രധാനികള്‍. പൂരം നടത്തിപ്പിനെക്കുറിച്ച ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ പൂരം പ്രതീകാത്മകമായി നടത്തുമെന്നാണ് ഭീഷണി. പൂരത്തിന്റെ വെടിക്കെട്ട് നടക്കുമ്പോള്‍ മനുഷ്യ ജീവന്റെ സുരക്ഷക്ക് ഉണ്ടാവുന്ന ആശങ്കയെക്കുറിച്ച് കമ്മറ്റിക്ക് യാതൊരു പരിഭ്രമവുമില്ല. ആളു വില കല്ലു വില എന്ന മട്ട്. വെടിക്കെട്ടിനെയും ആന എഴുന്നളളത്തിനെയും കുറിച്ച ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ദുരൂഹമാണ് എന്നാണത്രെ കമ്മറ്റി ഭാരവാഹികളുടെ നിലപാട്.സുപ്രീം കോടതി തൃശൂര്‍ പൂരത്തിനു നേരത്തേ ഇളവു നല്‍കിയിരുന്നു എന്നും ഇവര്‍ വാദിക്കുന്നു.
രാത്രി കാലങ്ങളില്‍ ഉഗ്ര ശബ്ദത്തോടെയുളള വെടിക്കട്ടാണ് ഹൈക്കോടതി നിരോധിച്ചിരിക്കുന്നത്. 140 ഡെസിബെല്‍ ശബ്ദത്തോടെ പകല്‍ വെടിക്കെട്ട് നടത്തുന്നതിനു വിരോധമില്ല. യഥാര്‍ത്ഥത്തില്‍ രാത്രി കാലങ്ങളിലെ വെടിക്കെട്ട് 2005 ജൂലൈ 18 ന് ദീപാവലിയോടനുബന്ധിച്ച വെടിക്കെട്ട് കേസ് പരിഗണിക്കവെ സുപ്രീം കോടതി നിരോധിച്ചതാണ്. ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന ജീവിക്കാനുളള അവകാശത്തെയാണ് ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ ഹനിക്കുന്നതെന്നും വര്‍ണ ശബളിമക്ക് ഉഗ്രശബ്ദത്തിന്റെ അകമ്പടി ആവശ്യമില്ലെന്നും രാജ്യത്തെ പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതാണ്.
പക്ഷേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചതു പോലെ നിയമങ്ങളുടെ അപര്യപ്തതയല്ല ഇവിടെ പ്രശ്‌നം.നടപ്പാക്കുന്നതിലെ വീഴ്ചയാണ് ദുരന്തങ്ങള്‍ വരുത്തി വെക്കുന്നത്. വെടിക്കെട്ടുകളും ഗജമേളകളുമൊക്കെ നടക്കുന്നത് വിവിധ മത വിഭാഗങ്ങളുടെ ആഘോഷങ്ങളോടനുബന്ധിച്ചാണ് എന്നതിനാല്‍ വോട്ട് ബാങ്കുകളുടെ അപ്രീതി ഭയന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ഉദ്യോഗസ്ഥരെ സ്വതന്ത്രമായി നിയമ പാലനം നടത്തുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഈ ഉല്‍സവ കാലത്തു മാത്രം 27 വെടിക്കെട്ടപ്പകടങ്ങള്‍ കേരളത്തില്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ ജീവഹാനിയും നിരവധിയാണ്.
ഇത്തവണയും മേപ്പടി നാടകം അതേപ്പടി ആവര്‍ത്തിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പടി വാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒരു പ്രമുഖ മത വിഭാഗത്തിനു അലോസരമുണ്ടാക്കുന്ന യാതൊരു നടപടിക്കും ഉമ്മന്‍ ചാണ്ടി എന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍ മുതിരുകയില്ലെന്നുറപ്പ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ തടവറയില്‍ കഴിയുന്ന പ്രതിപക്ഷവും കമാ എന്നുരിയാടാന്‍ പോവുന്നില്ല.
ഈ സാഹചര്യത്തില്‍ വിവേകം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പൊതു സമൂഹത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഉല്‍സവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്നത് എന്താണ് എന്ന തിരിച്ചറിവ് ഭക്ത ജനങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കച്ചവട മനസ്സില്ലാത്ത മതാചാര്യന്‍മാര്‍ക്ക് സാധിക്കേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ അവ നാട്ടിലെ ഫ്യൂഡല്‍ പ്രഭുക്കന്‍മാര്‍ക്കും പുത്തന്‍ പണക്കാര്‍ക്കും ഢംബ് കാണിക്കാനുളള അവസരങ്ങളല്ലെന്നും വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss