|    Aug 22 Tue, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതരാഷ്ട്രവാദത്തിനെതിരേ യോജിക്കണം: പിണറായി വിജയന്‍

Published : 12th November 2016 | Posted By: SMR

തൃശൂര്‍: ഏകശിലാരൂപത്തിലുള്ള മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ വിശ്വാസികളും അവിശ്വാസികളും യോജിച്ചു പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം 11ാം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം. വിശ്വാസമല്ല, മനുഷ്യത്വമാണ് അളവുകോലാവേണ്ടതെന്നും പിണറായി പറഞ്ഞു. എഴുത്തുകാര്‍ ഏത് ചേരി എന്നത് ഇന്നു പ്രസക്തമാണ്. മനുഷ്യത്വം സംരക്ഷിക്കുന്ന ചേരിയും അതിനെ ഞെരിച്ചമര്‍ത്തുന്നവരുടെ ചേരിയും വളരെ വ്യക്തമാണ്. എഴുത്തിനുള്ള സ്വാതന്ത്ര്യത്തെ ഇത്രത്തോളം ഞെരിച്ചമര്‍ത്തിയ കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ഭയരഹിതമായി വരയ്ക്കാനോ എഴുതാനോ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ പ്രതികരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ തയ്യാറാവണം- പിണറായി പറഞ്ഞു. ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേ സൃഷ്ടികളിലൂടെ എഴുത്തുകാര്‍ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വരേണ്യ ന്യൂനപക്ഷത്തിന്റെ സ്വകാര്യസ്വത്തായിരുന്ന സാഹിത്യത്തെ ജനകീയമാക്കിയത് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തനഫലമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക ഐക്യനിരയില്‍ കമ്മ്യൂണിസ്റ്റുകളല്ലാത്ത എഴുത്തുകാരെയും ഉള്‍പ്പെടുത്തണമെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  കേരള സംഗീത നാടക അക്കാദമിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പുകസ പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത, മുര്‍പോക്ക് എഴുത്താളര്‍ സംഘം പ്രസിഡന്റ് തമിഴ് ശെല്‍വന്‍, കെ ശിവ റെഡ്ഡി, നീല കെ, സ്വാഗതസംഘം കണ്‍വീനര്‍ എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക