|    Jun 18 Mon, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതപരിവര്‍ത്തനം വിഷയമാക്കാന്‍ സിനിമാക്കാര്‍ക്കു ഭയം: ടി എ റസാഖ്

Published : 22nd March 2016 | Posted By: SMR

T-A-RAZAK

കോഴിക്കോട്: മതപരിവര്‍ത്തനം വിഷയമാക്കാന്‍ സിനിമാക്കാര്‍ ഭയപ്പെടുകയാണെന്നും സാമൂഹിക പ്രതിബന്ധത അനാവരണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ തമസ്‌കരിക്കപ്പെടുകയാണെന്നും തിരക്കഥാകൃത്ത് ടി എ റസാഖ്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത, സിനിമാ മേഖലയിലുള്ളവര്‍ തിരഞ്ഞെടുപ്പ് രംഗേത്തക്കു വരുന്നതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളില്‍ ന്യായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി എ റസാഖ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘മൂന്നാംനാള്‍ ഞായറാഴ്ച’എന്ന ചലച്ചിത്രത്തെക്കുറിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് കമ്മിറ്റിക്കാര്‍ പണക്കൊഴുപ്പിന്റെ ആഘോഷവുമായെത്തുന്ന സിനിമകള്‍ക്ക് പിന്നാലെയാണ്. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഉദാഹരണം. സുഖമായിരിക്കട്ടെ’എന്ന തന്റെ ചലച്ചിത്രത്തില്‍ പ്രതിഫലംപോലും വാങ്ങാതെ അസാമാന്യ പ്രകടനം നടത്തിയ സിദ്ദീഖിനെ തഴഞ്ഞതു നീതീകരിക്കാനാവില്ല. ഇത്തരം സമീപനങ്ങള്‍ തുടരുന്നത് അവാര്‍ഡില്‍ വിശ്വാസം നഷ്ടപ്പെടുത്തും.
മലയാള സിനിമയെ വിലയിരുത്താന്‍ യോഗ്യരായ വിധികര്‍ത്താക്കളെ ലഭിക്കാനില്ലാത്ത അവസ്ഥയാണിപ്പോള്‍. ജീവിതം പച്ചപിടിപ്പാക്കാന്‍ ഗള്‍ഫ് നാട്ടില്‍ പോവുകയും അവിടെ വച്ച് പോലിസ് പിടിയിലായി 10 വര്‍ഷം തടവനുഭവിച്ച് മടങ്ങുകയും ചെയ്യുന്ന ദലിതനായ കഥാനായകന്‍. ഒടുക്കം എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതിയടത്തു നിന്ന് സ്വന്തം കുടുംബത്തെ കണ്ടെത്തുമ്പോള്‍ അവര്‍ ദാരിദ്യത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിന് ഇരയായ അവസ്ഥ. വിശപ്പകറ്റാനും ക്രിസ്തുമതം സ്വീകരിച്ച സ്വന്തം ഭാര്യയെയും കുട്ടിയെയും തിരിച്ചുകിട്ടാനും ദൈവത്തെ പേരുമാറ്റി വിളിക്കാന്‍ നിര്‍ബന്ധിതമാവുന്ന കഥാനായകന് സംഭവിക്കുന്ന അവസ്ഥാന്തരങ്ങളാണ് മൂന്നാംനാള്‍ ഞായറാഴ്ച’എന്ന സിനിമയുടെ പ്രമേയം.
സലിംകുമാര്‍ കറുമ്പന്‍ എന്ന ദലിതനായി ചിത്രത്തില്‍ വേഷമിടുന്നു. നിര്‍മാതാവും സലിം കുമാറാണ്. കലാമൂല്യവും സാമൂഹികപ്രതിബദ്ധതയുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ കിട്ടുന്നില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെഎസ്എഫ്ഡിസി ചെയര്‍മാനായ ശേഷം ഇത്തരം ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ തിയേറ്ററുകള്‍ അനുവദിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ടി എ റസാഖ് വ്യക്തമാക്കി. 18ന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ മൂന്നാംനാള്‍ ഞായറാഴ്ച’കാല്‍നൂറ്റാണ്ടിനു ശേഷം പുറത്തിങ്ങുന്ന ഏക ദലിത് ജീവിത സംബന്ധിയായ ചലച്ചിത്രമാണെന്നതും ശ്രദ്ധേയമാണ്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss