|    Jun 25 Mon, 2018 7:21 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മതനിരപേക്ഷതയും സംസ്‌കാരവും

Published : 5th May 2016 | Posted By: SMR

ഹാമിദ് അന്‍സാരി

ഇന്നു നാം ജമ്മുകശ്മീര്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭരായ ചില വിദ്യാര്‍ഥികളെയാണ് ഇവിടെ ആദരിക്കുന്നത്. അവരുടെ നേട്ടങ്ങള്‍ അപൂര്‍വവും ആഘോഷിക്കേണ്ടതുമാണ്. നമ്മുടെ രാഷ്ട്രസ്ഥാപകര്‍ നമുക്കൊരു ഭരണഘടന തന്നു. അതില്‍ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ആദര്‍ശവും മൂല്യവുമാണ്. ഇതില്‍ ആദ്യത്തേത് നീതിയാണ്. രാഷ്ട്രമീമാംസകനായ ജോണ്‍ റോള്‍സ് വ്യക്തമാക്കിയപോലെ, നീതിവ്യവസ്ഥ ഉറപ്പാക്കിയ അവകാശങ്ങള്‍ രാഷ്ട്രീയ വിലപേശലിനോ സാമൂഹിക താല്‍പര്യങ്ങള്‍ക്കോ വിധേയമാവേണ്ടതല്ല.
നീതിന്യായവ്യവസ്ഥയുടെ കേന്ദ്രബിന്ദു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ്. അതിനു മൂന്നു പ്രധാന ഘടകങ്ങളുണ്ട്. ഏതൊരു പൗരനും നീതിന്യായവ്യവസ്ഥയെ സമീപിക്കാനുള്ള സൗകര്യമാണ് ഒന്ന്. മറ്റൊന്ന്, അതിന്റെ ചെലവു താങ്ങാനാവണം. മൂന്നാമത്തേത്, വേഗത്തില്‍ നീതി ലഭ്യമാവുമെന്ന വിശ്വാസമാണ്. ആനുകാലിക പ്രശ്‌നങ്ങള്‍ക്കു മുകളിലാണ് നീതിന്യായവ്യവസ്ഥയെങ്കിലും അതു പ്രശ്‌നങ്ങള്‍ക്കപ്പുറമല്ല. അമേരിക്കന്‍ ജഡ്ജിയായ ബെഞ്ചമിന്‍ കാര്‍ഡോസോ പറഞ്ഞതുപോലെ, നാം കാര്യങ്ങള്‍ വസ്തുനിഷ്ഠമായി നോക്കിക്കാണാന്‍ ശ്രമിക്കുന്നു. എന്നാലും നമ്മുടെ കണ്ണുകളിലൂടെയല്ലാതെ നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ല.
പൊതുവ്യവഹാരങ്ങളില്‍ ആധിപത്യം സ്ഥാപിച്ച പ്രധാനമായൊരു വിഷയം സമ്മിശ്ര സംസ്‌കാരമുള്ള ഒരു മതേതര റിപബ്ലിക് രാജ്യമാണ് ഇന്ത്യ എന്ന ഭരണഘടനാപരമായ ആശയവുമായി ബന്ധപ്പെട്ടതാണ്. ഭരണഘടനയുടെ ആമുഖത്തിലും പിന്നെ 51 എ(എഫ്) വകുപ്പിലുമാണ് മതേതരത്വത്തെക്കുറിച്ചുള്ള പരാമര്‍ശം. ഭരണഘടനാപരമായ ഈ മൂല്യങ്ങളെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും സാമൂഹിക ഘടകങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. വ്യത്യസ്തതയാണ് ഇതിന്റെ സ്വഭാവം. 4,635 സമുദായങ്ങളിലായി ജീവിക്കുന്ന 130 കോടി ജനങ്ങള്‍. അതില്‍ 78 ശതമാനവും ഭാഷാപരവും സാംസ്‌കാരികപരവും മാത്രമല്ല, സാമൂഹികമായ വിഭാഗങ്ങള്‍ കൂടിയാണ്. ആകെ ജനസംഖ്യയുടെ 19.4 ശതമാനം മതന്യൂനപക്ഷങ്ങളാണ്. നമ്മുടെ ജനാധിപത്യവ്യവസ്ഥയും മതേതര രാജ്യമെന്ന അതിന്റെ ഘടനയും ഈ ബഹുത്വം പൂര്‍ണമായി അംഗീകരിക്കുന്ന രീതിയിലാണ് നിജപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ വ്യത്യസ്ത സ്വത്വങ്ങള്‍ മായ്ച്ചുകളയാനോ കൂട്ടിയോജിപ്പിക്കാനോ നിര്‍ദേശങ്ങളുണ്ടായിരുന്നില്ല.
മതനിരപേക്ഷതയെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകളെക്കുറിച്ച് രാഷ്ട്രീയ വൈജ്ഞാനികരും സമൂഹശാസ്ത്രജ്ഞരും ധാരാളം എഴുതിയിട്ടുണ്ട്. ഒരു മതനിരപേക്ഷ രാജ്യത്തിന്റെ പൊതുവായി പരിഗണിക്കപ്പെട്ട മൂന്നു സ്വഭാവങ്ങള്‍ മതസ്വാതന്ത്ര്യം, മതങ്ങള്‍ തമ്മിലുള്ള സമത്വം, നിഷ്പക്ഷത അല്ലെങ്കില്‍ മതത്തിനും ഭരണകൂടത്തിനുമിടയിലുള്ള അതിര്‍വരമ്പ് എന്നിവയാണ്. എന്നാല്‍, പ്രയോഗത്തില്‍ അതു നേര്‍വിപരീതമാവുന്നു; പലപ്പോഴും ചില പ്രധാനവൈരുധ്യങ്ങള്‍ വികസിക്കുന്നു. അമര്‍ത്യാ സെന്‍ നിരീക്ഷിച്ചത്, മതനിരപേക്ഷതയെന്നാല്‍ അടിസ്ഥാനപരമായി വ്യത്യസ്ത മതസമുദായങ്ങളുടെ സമഭാവത്തോടുകൂടിയുള്ള രാഷ്ട്രീയ പരിഗണനയെന്നാണ്. എന്നാല്‍, സമഭാവമെന്നതിനു പല രൂപങ്ങളുണ്ടാവും. വ്യത്യസ്ത സമുദായങ്ങളുടെ കൂട്ടമായ അസഹിഷ്ണുതയിലൂടെ വരുന്ന സമഭാവവും സഹിഷ്ണുതയുടെ കൂടിച്ചേരലിലൂടെയുള്ള സമഭാവവും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്.
നാം നേരിടുന്ന വെല്ലുവിളി നിയമലംഘനങ്ങള്‍ പൂര്‍ണമായും എടുത്തുകളയാനാവില്ലെങ്കില്‍ തന്നെ അവ എങ്ങനെ കുറച്ചുകൊണ്ടുവരുമെന്നതാണ്. അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്: ഇന്ത്യ തത്ത്വത്തിലും പ്രവൃത്തിയിലും മതനിരപേക്ഷതയ്ക്കും സമ്മിശ്ര സംസ്‌കാരത്തിനും രൂപം നല്‍കിയത് എങ്ങനെയാണ്? ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട തത്ത്വങ്ങളില്‍നിന്നും ഭരണാധികാരികളുടെ നയ ആധികാരിക പ്രഖ്യാപനങ്ങളില്‍നിന്നും മാറി തദ്‌വിഷയകമായി ജുഡീഷ്യറി എന്തു പറയുന്നു എന്നു പരിശോധിക്കുന്നത് ഗുണകരമാവും.
ഭരണഘടനയുടെ അടിസ്ഥാന ഘടനാപ്രമാണം ഇപ്പോള്‍ ക്രമീകരിക്കപ്പെട്ട നിയമമാണ്. അതിലെ ഒരു ഘടകം മതനിരപേക്ഷതയാണ്. ഇത് മതരാഷ്ട്രവാദികളായ ചില വിഭാഗങ്ങള്‍ ഒഴിച്ച് പല വിഭാഗങ്ങളും തത്ത്വത്തില്‍ അംഗീകരിച്ചതാണ്. നിഷ്‌ക്രിയമായ മതസഹിഷ്ണുതയെന്ന നിലപാടിനും അപ്പുറമാണിത്; സമത്വമെന്ന സങ്കല്‍പത്തിന്റെ കൂടുതല്‍ ക്രിയാത്മകമായ ആഖ്യാനമാണിത്. എസ് ആര്‍ ബൊമ്മൈ(1994) കേസില്‍ സുപ്രിംകോടതി നിരീക്ഷിക്കുന്നു: മതേതരത്വത്തിന് ഗുണാത്മകവും നിഷേധാത്മകവുമായ ഉള്ളടക്കങ്ങളുണ്ട്. പൊതുമര്യാദയെയും ധാര്‍മികതയെയും ആരോഗ്യത്തെയും മുന്‍നിര്‍ത്തി, ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പാക്കിക്കൊണ്ട് ഭൗതിക കാര്യങ്ങള്‍ തമ്മില്‍ ഭരണഘടന ഒരു സന്തുലിതാവസ്ഥ കൊണ്ടുവരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ഔദ്യോഗിക മതമായി പരിഗണിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. അത് നിഷ്പക്ഷത പുലര്‍ത്തണം. രാജ്യത്ത് പൂര്‍ണവിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കുന്ന ബാധ്യത ഭരണകൂടത്തിനാണ്. ദേശീയോദ്ഗ്രഥനത്തിനും മതപരമായ ഐക്യത്തിനുമുള്ള ഒരു വ്യവസ്ഥ എന്ന നിലയില്‍ മതസഹിഷ്ണുതയും സാഹോദര്യവും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്. മതം അടിസ്ഥാനമാക്കി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളും തത്ത്വങ്ങളും, രാഷ്ട്രീയ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി മതത്തെ അംഗീകരിക്കുന്നതിനു തുല്യമാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്.
ഇവിടെ പറഞ്ഞിരിക്കുന്ന തത്ത്വം സുദൃഢമാണ്. എന്നാല്‍, അതിനു വ്യക്തതയുണ്ടെങ്കില്‍പ്പോലും ഇതുസംബന്ധിച്ച പലതരം വ്യാഖ്യാനങ്ങള്‍ രൂപപ്പെട്ടു. മതനിരപേക്ഷത യഥാര്‍ഥത്തില്‍ എന്താണ് എന്നതിന് അഭിപ്രായസമന്വയം കോടതിക്കകത്ത് ഉണ്ടായിട്ടില്ല. കോടതി പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത് എന്ന അഭിപ്രായങ്ങളുയര്‍ന്നു. മതേതരത്വം സംബന്ധിച്ച സുപ്രിംകോടതിയുടെ ചില വിധികള്‍ അഗാധമായ മതേതരവിരുദ്ധ കാഴ്ചപ്പാടുകളുള്ള ചില വിഭാഗങ്ങളെ ന്യായീകരിക്കുന്നുവെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍, കൂടുതല്‍ കൃത്യമായതരത്തില്‍ രാഷ്ട്രീയത്തില്‍നിന്നു മതം പൂര്‍ണമായും വേര്‍തിരിക്കുന്നതാണ് ജനാധിപത്യത്തിനു ഗുണകരമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ മതവും രാഷ്ട്രീയവും തമ്മില്‍ അതിര്‍ത്തിമതില്‍ പ്രായോഗികമല്ല. അതിനാല്‍ രണ്ടും തമ്മില്‍ തുല്യമായ അകലം പാലിക്കുന്നതിനും കുറഞ്ഞ ഇടപെടലുകള്‍ മാത്രം ഉണ്ടാവുന്നതിനും പറ്റിയ ഒരു സമവാക്യം വികസിപ്പിച്ചെടുക്കുക എന്നതാണ് വെല്ലുവിളി. മതവിശ്വാസത്തെ സംസ്‌കാരത്തിന്റെ രൂപരേഖകളില്‍നിന്ന് വേര്‍തിരിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം, രണ്ടും തമ്മില്‍ കൂടിക്കലരുമ്പോള്‍ കപട സങ്കല്‍പങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടം ലഭിക്കുന്നു. അതിനു പുറമേ, ഓരോ മതവും ഒരു സാംസ്‌കാരികമണ്ഡലവും അതിനായുള്ള ചരിത്രപരമായ നീതീകരണങ്ങളും അവകാശപ്പെടുന്നുണ്ടെന്നതിനാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാവാനാണു സാധ്യത. അതേ പരിധിയില്‍ തന്നെ, എന്നാല്‍ അതില്‍നിന്നു വിഭിന്നമായി ഭരണഘടനാ ഖണ്ഡികകളായ 14, 15, 16 എന്നിവ അവസരസമത്വവും സാമൂഹികസമത്വവും ഉറപ്പുനല്‍കുന്നു. ഈ സമത്വം ഔപചാരികം മാത്രമാവുന്നതിലുപരി പ്രയോഗത്തിലുണ്ടായിരിക്കണം. സാമ്പത്തികമേഖലയിലെ അസമത്വം രാഷ്ട്രീയാധികാരം നേടുന്നതിലെ അസമത്വങ്ങളിലേക്കു നയിക്കുകയും ചെയ്യുമെന്ന് റിപോര്‍ട്ട് സമര്‍ഥിക്കുന്നു. സ്ഥാപനങ്ങളുടെ പ്രകൃതവും പ്രവര്‍ത്തനവും നയവും അസമമായ അധികാരഘടന തീരുമാനിക്കുമ്പോള്‍ വിഷമവൃത്തം പൂര്‍ത്തിയാവുന്നു. പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടാതെ പോവുന്നു.
എല്ലാ മതവിഭാഗങ്ങളെയും മറ്റു മതവിശ്വാസങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതരത്തില്‍ മാറ്റുന്നതിനും എല്ലാ മതങ്ങളും രാജ്യത്തെ സമ്മിശ്ര സംസ്‌കാരത്തെ സമ്പുഷ്ടമാക്കുന്നതിനുള്ള സംഭാവനകള്‍ നല്‍കുന്നതിനും ഇന്ത്യയിലെ ഈ സാംസ്‌കാരിക പൈതൃകം കാരണമായെന്ന് ബൊമ്മൈ വിധിയില്‍ സുപ്രിംകോടതി പറയുന്നു. അതിനാല്‍ മതനിരപേക്ഷതയും സമ്മിശ്ര സംസ്‌കാരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇന്ത്യയിലെ സാമൂഹിക, സാംസ്‌കാരിക ജീവിതം വിവിധ മതങ്ങളെയും വിവിധ പ്രാദേശികതകളെയും സംയോജിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ചരിത്രപരമായിക്കൂടിയുള്ള സാംസ്‌കാരിക, സാമൂഹിക വിനിമയങ്ങള്‍ ഉപഭൂഖണ്ഡത്തില്‍ മുഴുവനായി വ്യാപിച്ചു, ഏകമാനവതയ്ക്കു പകരം വൈവിധ്യങ്ങളിലേക്കും ബഹുസ്വരതയിലേക്കും അതു നയിച്ചു. ചരിത്രപരമായി സംസ്‌കാരങ്ങളുടെ വര്‍ണശബളമായൊരു കൂടിച്ചേരലായി ഇന്ത്യ വികസിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചലനാത്മകത ഈ വൈവിധ്യങ്ങളില്‍നിന്നാണ് ഉടലെടുത്തത്.
സുപ്രിംകോടതിയുടെ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു വാള്യത്തില്‍, പ്രസിദ്ധരായ രണ്ട് ന്യായാധിപര്‍ ഇങ്ങനെ നിരീക്ഷിച്ചിരുന്നു: അടുത്ത സഹസ്രാബ്ദത്തിലേക്ക് കടക്കുമ്പോള്‍ ഭൂരിപക്ഷവാദികളുടെ കടന്നാക്രമണങ്ങളില്‍നിന്നു ന്യൂനപക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സുപ്രിംകോടതി ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. സാധ്യമാവുന്ന എല്ലാ രീതിയിലും ഭരണഘടനാവകുപ്പുകളും നിയമങ്ങളും ജനങ്ങളില്‍ നീതിയുക്തമായി നടപ്പാവുമെന്നുറപ്പാവുമ്പോള്‍ മാത്രമാണ് സുപ്രിംകോടതി അതിന്റെ സംരക്ഷണബാധ്യത പൂര്‍ത്തിയാക്കുന്നത്.

(ജമ്മു സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗത്തില്‍ നിന്ന്) 
പരിഭാഷ: ഷിനില മാത്തോട്ടത്തില്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss