|    Nov 20 Tue, 2018 11:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മതനിന്ദ: ആസിയ ബീബി മോചിതയായി; രാജ്യംവിട്ടതായി റിപോര്‍ട്ട്‌

Published : 9th November 2018 | Posted By: kasim kzm

ലാഹോര്‍: പാകിസ്താനില്‍ മതനിന്ദ കേസില്‍ വധശിക്ഷയില്‍ നിന്നു സുപ്രിംകോടതി കുറ്റവിമുക്തയാക്കിയ ക്രിസ്ത്യന്‍ വനിത ആസിയ ബീബിയെ ജയില്‍ മോചിതയാക്കി. എട്ടു വര്‍ഷമായി മുള്‍ട്ടാനിലെ വനിതകള്‍ക്കായുള്ള ജയിലില്‍ ഏകാന്തതടവില്‍ കഴിയുകയായിരുന്ന ആസിയയെ ബുധനാഴ്ച വൈകീട്ടാണു പുറത്തിറക്കിയത്. ആസിയ ബീബിയെ സ്വതന്ത്രയാക്കിയതായും വിമാനത്തില്‍ മറ്റൊരജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതായും അവരുടെ അഭിഭാഷകന്‍ സെയ്ഫുല്‍ മലൂഖ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ രാത്രിയോടെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചായി അസോസിയേറ്റഡ് പ്രസ്സും റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ ആസിയ ബിബി രാജ്യംവിട്ടെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം തള്ളി. ആസിയ ബീബി പാകിസ്താനിലുണ്ട്. അവര്‍ രാജ്യംവിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഫൈസല്‍ അറിയിച്ചു.
വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ മാധ്യമങ്ങള്‍ നിരുത്തരവാദപരമായി വാര്‍ത്ത നല്‍കിയതായി വിവരസാങ്കേതിക മന്ത്രി ഫവാദ് ചൗധരിയും വ്യക്തമാക്കി. 2010ലാണു നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോര്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
ഒക്‌ടോബര്‍ 31നു സുപ്രിംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതയായാല്‍ രാജ്യംവിടാന്‍ അനുവദിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
സുപ്രിംകോടതി വിധിക്കെതിരേ രാജ്യത്തു പ്രതിഷേധം ശക്തമാവുകയും ഭീഷണി ഉയരുകയും ചെയ്്തതോടെ ആസിയ ബീബിയുടെ അഭിഭാഷകന്‍ സൈഫുല്‍ മലൂഖ് രാജ്യംവിട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss