|    Dec 11 Mon, 2017 7:54 am
Home   >  Editpage  >  Second edit  >  

മതങ്ങളും നദികളും

Published : 7th September 2016 | Posted By: SMR

ഗണേശചതുര്‍ഥി കേരളത്തിലെയും നദികളുടെ ഒഴുക്കിന് വിഘ്‌നമായിത്തീരുമോ? ഗണേശചതുര്‍ഥിയോടനുബന്ധിച്ച് സംസ്ഥാനത്തെ എഴുപതിലേറെ കേന്ദ്രങ്ങളില്‍ നടന്ന വിഗ്രഹനിമജ്ജനം പരിസ്ഥിതിവാദികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയാല്‍ തെറ്റുപറയാനാവില്ല. അടുത്തകാലത്ത് ശിവസേനയോടൊപ്പമാണ് കേരളത്തില്‍ ഗണേശാരാധനയും കടന്നുവന്നത്. അതിനു മുമ്പ് ഇതേക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലായിരുന്നു, ഇവിടെ. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം നടന്നുകൊണ്ടിരുന്ന ഗണേശചതുര്‍ഥി കേരളത്തിലേക്കും പടര്‍ന്നുപിടിക്കുന്നതില്‍ രാഷ്ട്രീയമുണ്ട്. മൂന്നടി മുതല്‍ 20 അടിവരെ വലുപ്പമുള്ള മൂന്നുലക്ഷത്തിലേറെ വിഗ്രഹങ്ങളാണ് നദീകേന്ദ്രങ്ങളില്‍ ഇന്നലെ ഒഴുക്കിയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച്, കൃത്രിമനിറങ്ങളും രാസവസ്തുക്കളും ഉപയോഗിച്ച് നിറംപിടിപ്പിച്ച ഈ വിഗ്രഹങ്ങള്‍ നദീജലത്തെ മാരകമായവിധം മലിനമാക്കുന്നുവെന്നാണു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.
നദികള്‍ മലിനമാക്കുന്നതില്‍ മതപരമായ ആചാരങ്ങള്‍ക്കുള്ള പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. ഗംഗ പോലുള്ള നദികള്‍ ശുദ്ധമാക്കാനാവാത്തവിധം കളങ്കപ്പെട്ടിട്ടുണ്ട്. ശബരിമല സ്ഥിതിചെയ്യുന്നിടത്തുകൂടി ഒഴുകുന്ന പമ്പയാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നദികള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. അത് മലിനമാക്കുന്നതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും ന്യായീകരിക്കാനാവില്ല. മതനേതൃത്വങ്ങളും സംഘടനകളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കി അവസരത്തിനൊത്തുയരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക