|    Apr 26 Thu, 2018 1:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മതം അടിച്ചേല്‍പ്പിക്കപ്പെടുന്നതോ അബദ്ധത്തില്‍ പെട്ടുപോവുന്നതോ ആവരുത്

Published : 26th July 2016 | Posted By: sdq

imamas Councilകോഴിക്കോട്: സാമ്പ്രദായികമായ മതാനുയായി ആവുന്നതിന് പകരം ബുദ്ധിയുടെ സ്വതന്ത്രമായ വിനിയോഗത്തിലൂടെയും ആലോചനയിലൂടെയും മതത്തെ കണ്ടെത്താനുള്ള ശ്രമമാണ് മനുഷ്യന്‍ നടത്തേണ്ടതെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സന്തുലിതമായ സാമൂഹിക വ്യവസ്ഥിതിക്ക് അത് അനിവാര്യമാണ്. ആത്മനിര്‍വൃതിക്ക് മതത്തിന്റെ ആവശ്യമില്ല. ആത്മനിര്‍വൃതിക്കു വേണ്ടി ആചരിക്കുക എന്നതിനപ്പുറം സാമൂഹിക സ്പര്‍ശിയും സഹജീവികള്‍ക്ക് ഉപകാരമുള്ളതുമായി വിശ്വാസം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യാ ഇമാംസ് കൗ ണ്‍സില്‍ സംസ്ഥാന കമ്മിറ്റി ‘ഇസ്‌ലാം അറിയുക അടുക്കുക’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം അടിച്ചേല്‍പ്പിക്കപ്പെടുന്നതോ അബദ്ധത്തില്‍ പെട്ടുപോവുന്നതോ ആവരുത്.
വ്യക്തിയുടെ സമ്പൂര്‍ണമായ വിമോചനത്തിനും വിശുദ്ധിക്കും ഉപകരിക്കുന്നതാവണം. പ്രമാണിമാരും പുരോഹിതരും ഉള്‍പ്പെടെയുള്ള ചൂഷക ശക്തികളുടെ താല്‍പര്യത്തെ ദൈവിക വ്യവസ്ഥിതി എന്ന നിലയില്‍ ഹനിക്കുന്നതാണ് ഇസ്‌ലാമിന് പ്രതിയോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. തന്നെക്കുറിച്ചും പ്രാപഞ്ചിക വൈവിധ്യങ്ങളെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി പറയാന്‍ കഴിയാത്ത വ്യവസ്ഥിതിക്ക് മതമാവാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഈസാ മൗലവി ഫാളില്‍ മമ്പഈ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിനെതിരായ പ്രചാരണം നടക്കുമ്പോള്‍ നിശ്ശബ്ദരാവാന്‍ മുസ്‌ലിമിനാവില്ലെന്നും ലോകത്ത് എല്ലാവര്‍ക്കും നന്മ വരാന്‍ ആഗ്രഹിക്കുന്ന മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു.
പി കെ സുലൈമാന്‍ മൗലവി, പാങ്ങില്‍ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, വി എം ഫതഹുദ്ദീന്‍ റഷാദി, അബ്ദുല്‍ ലത്തീഫ് (എംഇഎസ്), ഹാഫിസ് അഫ്‌സല്‍ ഖാസിമി, സി പി മുഹമ്മദ് ബഷീര്‍, അബ്ദുര്‍റഹ്മാന്‍ ദാരിമി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, യു കെ അബ്ദുസ്സലാം മൗലവി, സുബൈര്‍ കൗസരി, ഷിഹാബ് മാഹിരി, ഹുസൈന്‍ കാമില്‍ സഖാഫി, നിസാറുദ്ദീന്‍ മൗലവി, അബ്ദുന്നാസര്‍ ലത്വീഫി, അര്‍ഷദ് നദ്‌വി, ഷബീര്‍ ഖാന്‍ മൗലവി സംസാരിച്ചു.
ഇസ്‌ലാമിലേക്ക് കടന്നുവന്ന ഇടുക്കി സ്വദേശി റയ്യാന്‍, കൊല്ലം സ്വദേശി അബ്ദുല്ല എന്നിവര്‍ അനുഭവങ്ങള്‍ വിശദീകരിച്ചു.
കാംപയിന്റെ ഭാഗമായി ലഘുലേഖ, പോസ്റ്റര്‍ പ്രചാരണം, ഗൃഹസമ്പര്‍ക്ക പരിപാടി, പൊതുയോഗങ്ങള്‍, പ്രമുഖ വ്യക്തികളുമായി സംവാദം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. കാംപയിന്‍ ആഗസ്ത് 11ന് തിരുവനന്തപുരത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss