|    Oct 19 Fri, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മതംമാറ്റി വിവാഹം കഴിച്ച ശേഷം മര്‍ദനം: അന്വേഷണം തൃപ്തികരമല്ലെന്ന്

Published : 7th September 2017 | Posted By: fsq

 

കോട്ടയം: വിവാഹം കഴിക്കാനായി ഹിന്ദു യുവാവ് മതംമാറ്റിയശേഷം യുവതിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം. യുവതിയുടെ ബന്ധുക്കളാണ് പോലിസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കോഴിക്കോട് സ്വദേശി അഭിജിത് നായരുടെ ഭാര്യ മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന അല്‍ഫോണ്‍സ മര്‍ദനമേറ്റ് ചികില്‍സയിലാണ്. സംഭവദിവസം മൊഴിരേഖപ്പെടുത്തുക മാത്രമാണ് പോലിസ് ചെയ്തതെന്നും തുടര്‍ന്ന് ഒരു അന്വേഷണവുമുണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. ദില്‍നയെ മര്‍ദിച്ച അഭിജിത്തിനെ ഇതുവരെയും പിടികൂടിയിട്ടില്ല. ഇയാള്‍ ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി അറിഞ്ഞു. എന്നാല്‍, ആരും തങ്ങളില്‍നിന്ന് മൊഴി രേഖപ്പെടുത്താനെത്തിയിട്ടില്ലെന്നും ദില്‍നയുടെ ബന്ധു വ്യക്തമാക്കി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതിയെ ഇപ്പോള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശരിയായ ചികില്‍സ ലഭിക്കാത്തതിനാലാണ് കോട്ടയത്തുനിന്ന് യുവതിയെ മഞ്ചേരിയിലേക്ക് കൊണ്ടുപോയതെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം വൈക്കം കളത്തില്‍ ലേക്ക് റിസോര്‍ട്ടില്‍വച്ചാണ് ദില്‍ന ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായത്. വിവാഹമോചനമാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. റിസോര്‍ട്ടില്‍ തടവില്‍ കഴിയവെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ദില്‍ന തന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ ഇട്ടത്. കേസന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് വൈക്കം പോലിസ് പറയുന്നത്. കേസന്വേഷണം അതിന്റെ വഴിയെ നീങ്ങുമെന്നാണ് പോലിസിന്റെ വിശദീകരണം. സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളില്‍ പോലിസിന് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. പ്രതിയെ അറസ്റ്റ്‌ചെയ്യുന്നതിന് മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമാണെന്നും പോലിസ് പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതലങ്ങളില്‍നിന്ന് പോലിസിനുമേല്‍ സമ്മര്‍ദമുണ്ടെന്ന ആക്ഷേപവും ശക്തമാണ്. സംഘപരിവാര നിയന്ത്രണത്തില്‍ കോഴിക്കോട്ടുള്ള‘ആര്യസമാജ് മന്ദിറില്‍ കൊണ്ടുപോയി മതംമാറ്റുകയും ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നുവെന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. മാതാ അമൃതാനന്ദമയി പറഞ്ഞിട്ടാണ് പീഡിപ്പിക്കുന്നതെന്ന് അഭിജിത്ത് തന്നോട് പറഞ്ഞതായി ദില്‍ന പോലിസിന് മൊഴിനല്‍കി. തന്നെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കണമെന്ന് അമൃതാനന്ദമയി ഭര്‍ത്താവിന് നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കി. മതംമാറ്റിയശേഷം അനുഗ്രഹം വാങ്ങാനായി ഭര്‍ത്താവ് തന്നെ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കൊണ്ടുപോയിരുന്നുവെന്നും യുവതി പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss