|    Oct 20 Sat, 2018 8:28 pm
FLASH NEWS
Home   >  Kerala   >  

മതംമാറ്റി വിവാഹംകഴിച്ച ശേഷം മര്‍ദനം: പോലീസ് പ്രതികളെ സംരക്ഷിക്കുന്നെന്ന് പരാതി

Published : 12th September 2017 | Posted By: shins

മഞ്ചേരി: വൈക്കത്ത് മതം മാറ്റി വിവാഹം കഴിച്ച ശേഷം യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നു. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ കാലതാമസം വരുത്തി മുന്‍കൂര്‍ ജാമ്യത്തിനുള്ള സാഹചര്യം പോലീസ് ഒരുക്കിക്കൊടുക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. മലപ്പുറം പാണ്ടിക്കാട് പന്തലൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് പാവണ്ടൂര്‍ സ്വദേശി അഭിജിത്ത് ബാലന്‍, പിതാവ് ബാലന്‍ എന്നിവരെ പ്രതിചേര്‍ത്ത് ഗാര്‍ഹിക പീഢനത്തിനാണ് വൈക്കം പോലീസ് കേസെടുത്തിരുന്നത്. പിന്നീട് യുവതിയുടെ ബന്ധുക്കള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയെ കണ്ടതിനെതുടര്‍ന്ന് വധശ്രമത്തിനും സ്ത്രീപീഢനത്തിനും കേസെടുക്കാന്‍ എസ്പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരു പ്രതികളും ഒളിവിലാണെന്ന വിശദീകരണമാണ് പോലീസില്‍ നിന്നും ലഭിക്കുന്നത്. ആര്‍എസ്എസുമായും പോലീസുമായും ബന്ധമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്.
മൂന്നു വര്‍ഷം മുമ്പ് ക്രൈസ്തവ മതത്തില്‍ പെട്ട യുവതിയെ അഭിജിത്ത് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വീട്ടില്‍ കയറാന്‍ മതം മാറണമെന്ന ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി സംഘ പരിവാര നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ആര്യ സമാജത്തില്‍വച്ച് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഇത് പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നില്ല. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ കയറ്റിയില്ല. വൈക്കത്തെ കളത്തില്‍ ലേക്ക് റിസോര്‍ട്ടിലാണ് അഭിജിത്ത് യുവതിയെ താമസിപ്പിച്ചിരുന്നത്. അവിടെവെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് യുവതി വെളിപ്പെടുത്തി. പണം ആവശ്യപ്പെട്ടുള്ള മര്‍ദനം പിന്നീട് വിവാഹ മോചനം ആവശ്യപ്പെട്ടായി. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായും യുവതി പറയുന്നു.
മാതാ അമൃതാനന്ദമയിയുടെ അനുയായികളായ അഭിജിത്തിന്റെ കുടുംബം അവര്‍ പറഞ്ഞതിനാലാണ് മര്‍ദ്ദിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നത്രെ. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി ഫെയ്‌സ്ബുക്കില്‍ വീഡിയോ സന്ദേശമിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും പോലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയത്തു നിന്നും മഞ്ചേരിയിലേക്ക് വിദഗ്ധ ചികിത്സക്കായി എത്തിച്ചിരുന്നു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.
ഉന്നത ബന്ധങ്ങളുള്ള പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നു എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നാട്ടിലെത്തിയ യുവതിയോട് കേസിന്റെ തെളിവെടുപ്പിനായി വൈക്കത്തെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം കാരണം പോയിട്ടില്ല. വനിതാ കമ്മീഷന്‍ സ്വമേധയാ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരും ഇതുവരെ വിവരങ്ങള്‍ പോലും ആരാഞ്ഞിട്ടില്ലെന്ന് യുവതി പറഞ്ഞു. ജീവനപഹരിക്കാന്‍ ശ്രമിച്ചവരെ നിയമവഴിയില്‍ നേരിടുമെന്നും യുവതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss