|    Sep 25 Tue, 2018 4:57 pm
FLASH NEWS
Home   >  Editpage  >  Article  >  

മതംമാറ്റവും മനുഷ്യ കാമനകളും

Published : 7th January 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ്  ബി  എസ്

പുല്ലൂറ്റില്‍ നിന്നു ചേരമാന്‍ പള്ളി വഴി കോട്ടപ്പുറത്തേക്കുള്ള അലസമായ യാത്രകളില്‍ ചിലപ്പോഴൊക്കെ ആ ചോദ്യം എന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്: ചേരമാന്‍ പെരുമാള്‍ യഥാര്‍ഥത്തില്‍ മതം മാറി മക്കയിലേക്കു പോയിട്ടുണ്ടാവുമോ? തീര്‍ച്ചയില്ല. പക്ഷേ, ഒന്നറിയാം: പെരുമാള്‍ മക്കയില്‍ പോയാലും ഇല്ലെങ്കിലും നാം അങ്ങനെ വിശ്വസിച്ചിരുന്നു. പെരുമാളിന്റെ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളാണുള്ളത്. ഒന്ന് ഒരു സ്വപ്‌നവ്യാഖ്യാനത്തിന്റെയും മറ്റൊന്ന് പ്രായശ്ചിത്തത്തിന്റെയും. ആദ്യ കഥയനുസരിച്ച് പെരുമാളുടെ പത്‌നി സേനാനായകന്‍ പടമല നായരെ രഹസ്യവേഴ്ചയ്ക്കു ക്ഷണിച്ചു. വഴിപ്പെടാതിരുന്നപ്പോള്‍ പടമല നായര്‍ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പെരുമാളിനോട് പരാതിപ്പെട്ടു. കോപിഷ്ഠനായ പെരുമാള്‍ പടമല നായര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. താമസിയാതെ തെറ്റു മനസ്സിലായ പെരുമാള്‍ പ്രായശ്ചിത്തം ചെയ്യാന്‍ ആഗ്രഹിച്ചു. ‘വടക്ക് അശുവിങ്കല്‍ കുതിരപ്പുറത്ത് വേദആപിയാര്‍ എന്നൊരു ജോനകനുണ്ടെന്നും അയാളെ പോയി കണ്ട് നാലാം വേദമുറപ്പിച്ച് അശുവിനു പോയാല്‍ മോക്ഷം കിട്ടുമെ’ന്നും പടമല നായര്‍ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ചാണ് പെരുമാള്‍ മതം മാറിയത്. മറ്റൊരു വ്യാഖ്യാനമനുസരിച്ച് പെരുമാള്‍ ഒരു സ്വപ്‌നം കാണുകയാണ്. സ്വപ്‌നത്തില്‍ ചന്ദ്രന്‍ മക്കക്കു മുകളില്‍ വച്ച് രണ്ടായി പിളര്‍ന്നു. ഒരു പാതി ആകാശത്തും മറുപാതി ഭൂമിയിലും വീണു. പിന്നീട് രണ്ടു പാതികളും വീണ്ടും കൂടിച്ചേരുകയും ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്തു. സ്വപ്‌നം വ്യാഖ്യാനിക്കാനാവാതെ പെരുമാള്‍ കുഴങ്ങി. ആ സമയത്താണ് ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഏതാനും മുസ്‌ലിംകള്‍ കൊടുങ്ങല്ലൂരിലെത്തിയത്. അവര്‍ സ്വപ്‌നം വ്യാഖ്യാനിച്ചുനല്‍കി. ഇതില്‍ സന്തുഷ്ടനായ പെരുമാള്‍ മതം മാറി. മതംമാറ്റം മനുഷ്യന്റെ ന്യായബോധത്തിന്റെയും ധൈഷണികതയുടെയും കാമനകളുടെയും ഫലമാണെന്നാണ് നാം വിശ്വസിച്ചിരുന്നത്. ഈ രണ്ടു വ്യാഖ്യാനങ്ങളും അതാണ് സൂചിപ്പിക്കുന്നത്. കേരള ചരിത്രത്തിലെ പല മതംമാറ്റ കഥകളിലും ഈ കാമനകളുടെ രസതന്ത്രമുണ്ട്. മതം ഒരു അനുഭൂതിയും ജീവിതചര്യയുമായൊക്കെ കരുതി ഹിന്ദുവായവരും ക്രിസ്ത്യാനിയായവരും ധാരാളമാണ്. പെരുമാള്‍ മുതല്‍ കൊടുങ്ങല്ലൂരിലെ ടി എന്‍ ജോയി വരെ ആ ലിസ്റ്റില്‍ പെടും. കൊച്ചിരാജ്യത്തെ മതം മാറിയ ഒരു രാജകുമാരന്റെ കാര്യം മൂര്‍ക്കോത്ത് കുമാരന്റെ ജീവചരിത്രത്തില്‍ വായിക്കാം. സാമുദായികമായ ഉച്ചനീചത്വങ്ങളും പദവിയും മതംമാറ്റത്തിന്റെ പ്രധാന കാരണമായിരിക്കുമ്പോള്‍ തന്നെ മതംമാറ്റത്തില്‍ വ്യക്തിനിഷ്ഠ കാമനകള്‍ വഹിച്ചിരുന്ന പങ്ക് നിഷേധിക്കപ്പെടുകയാണ് പതിവ്. ആ സ്ഥാനത്ത് മതംമാറ്റത്തെ സാമ്പത്തികവും ദേശവിരുദ്ധവുമായ താല്‍പര്യങ്ങളോട് കൂട്ടിക്കെട്ടും. സാമൂഹിക ധ്രുവീകരണം ലക്ഷ്യംവച്ചുള്ളവയാണ് ഇത്തരം ആഖ്യാനങ്ങള്‍. ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ സംബന്ധിച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പഠനവും ഇത്തരം ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ‘ലൗജിഹാദ്’ എന്ന ആരോപണത്തെ തള്ളിക്കളയുന്നുണ്ടെങ്കിലും മതംമാറ്റത്തിന്റെ കാരണങ്ങളായി ആഭ്യന്തര വകുപ്പ് കണ്ടെത്തുന്നവ ആക്ഷേപാര്‍ഹമാണ്. പഠനം അനുസരിച്ച് 2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്‌ലാംമതം സ്വീകരിച്ചു. പ്രതിവര്‍ഷം 1216 പേര്‍. മലബാറില്‍ 568. തുടര്‍ന്ന് മതം മാറിയവരുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വിപുലമായ കണക്കാണ്. രസകരമായി തോന്നിയത് മതം മാറാന്‍ പറഞ്ഞ കാരണങ്ങളാണ്. അതിങ്ങനെ: പ്രണയം മൂലം മതം മാറിയവര്‍ 61 ശതമാനമാണ്. കുടുംബത്തകര്‍ച്ച മൂലം 12ഉം ദാരിദ്ര്യം മൂലം എട്ടും മാനസിക ബുദ്ധിമുട്ടുകള്‍ മൂലം ഏഴും പദവിക്കായി ആറും സാമൂഹിക മാധ്യമങ്ങളിലൂടെ രണ്ടും ശതമാനം പേരാണ് മതം മാറിയത്. എന്തെങ്കിലും കുഴപ്പങ്ങള്‍ മൂലമാണ് ആളുകള്‍ മതം മാറുന്നതെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. മാത്രമല്ല, ഇസ്‌ലാമിലേക്ക് മതം മാറിയവരുടെ മാത്രം കണക്ക് അവതരിപ്പിച്ചുകൊണ്ടും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചന നല്‍കിയും ദുരൂഹത സൃഷ്ടിച്ചിരിക്കുന്നു. പഠനത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കുറച്ചു ദിവസം മുമ്പ് വായിച്ച ഒരു ലേഖനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആലപ്പുഴയില്‍ ഹഫ്‌സത്ത്മാല എന്ന പേരില്‍ ഒരു ഖിസ്സപ്പാട്ടുണ്ടായിരുന്നുവത്രേ. 84 വര്‍ഷം മുമ്പ് നടന്ന പ്രണയവിവാഹമാണ് ഇതിവൃത്തം. ആലപ്പുഴയിലെ ഒരു നായര്‍ യുവതി യൂസുഫ് എന്ന ചെറുപ്പക്കാരനെ പ്രണയിച്ചു; ഇസ്‌ലാംമതം സ്വീകരിച്ചു. വലിയ കോലാഹലമായി. മന്നത്ത് പത്മനാഭന്‍ വരെ അതില്‍ ഇടപെട്ടു. മേത്തന്റെ കൂടെ ഇറങ്ങിത്തിരിച്ച യുവതിക്ക് ഭ്രാന്താണെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. തീര്‍ന്നില്ല, വീട്ടുകാര്‍ പോലിസുകാരുടെ സഹായത്തോടെ അവളെ ഭ്രാന്താശുപത്രിയിലുമാക്കി. ഖിസ്സപ്പാട്ടിലെ ഒരു വരി ഇങ്ങനെ: ”മേത്തന്റെ ചേര്‍ച്ചയിലിത്രയ്ക്കുമാത്രം മേത്തരമെന്തെടീ പൊട്ടച്ചൂലേ?” 84 വര്‍ഷങ്ങള്‍ക്കു ശേഷം പിണറായി തുടരുന്നതും അതേ സംസ്‌കാരം തന്നെ.     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss