|    Jul 18 Wed, 2018 12:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മതംമാറി വിവാഹം ചെയ്ത യുവതിക്ക് യോഗാ കേന്ദ്രത്തില്‍ ക്രൂര പീഡനം

Published : 25th September 2017 | Posted By: fsq

 

കൊച്ചി: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ആയുര്‍വേദ ഡോക്ടറായ യുവതിക്ക് യോഗാ കേന്ദ്രത്തില്‍ ക്രൂര പീഡനം. വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാനായി ഉദയംപേരൂരുള്ള കണ്ടനാട് യോഗാ പരിശീലനകേന്ദ്രത്തില്‍ എത്തിച്ച യുവതിക്കാണ്  പീഡനമേറ്റത്. 22 ദിവസത്തോളം അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പോലിസില്‍ പരാതി നല്‍കി. ശിവശക്തി യോഗാ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ തൃശൂര്‍ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടില്‍ റിന്റോയുടെ ഭാര്യ ഡോ. ശ്വേതാ ഹരിദാസനാണ് പരാതി നല്‍കിയത്. ഇവിടെ തന്നെയാണ് ആര്‍ഷവിദ്യാ സമാജവും പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാംമതം സ്വീകരിച്ച് പിന്നീട് തിരിച്ചുപോയ ആതിരയെയും ഇവിടെ തന്നെയായിരുന്നു താമസിപ്പിച്ചിരുന്നത്. ഡോക്ടറുടെ പരാതിയില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും യുവതിയുടെ സഹോദരീഭര്‍ത്താവും ഉള്‍പ്പെടെ 6 പേര്‍ക്കെതിരേ കേസെടുത്തു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവാണ് ഇവരെ യോഗാ കേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു. നടത്തിപ്പുകാരന്‍ ഗുരുജി എന്നു വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരീഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സ്മിത, ലക്ഷ്മി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഹില്‍പാലസ് സിഐയാണ് കേസന്വേഷണം നടത്തുന്നത്. ക്രിസ്തുമത വിശ്വാസിയായ റിന്റോയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്ത ശ്വേതയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍, ശ്വേത ഇതിനെതിരേ കണ്ണൂര്‍ കുടുംബകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന്, വീട്ടുകാര്‍ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു. യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരീഭര്‍ത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്.  മൊബൈല്‍ ഫോണും മറ്റും വാങ്ങിവച്ചശേഷം ഇവര്‍ ശ്വേതയെ കൈകാലുകളും വായയും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചു. ഭര്‍ത്താവിന് ഹിന്ദുത്വ മതമൗലികവാദികളുടെ ഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്. മറ്റ് 65 പെണ്‍കുട്ടികളെ കൂടി സ്ഥാപനത്തില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗികപീഡനത്തിന് ഇരകളാവുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് പുറത്തിറങ്ങിയ ശ്വേത അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss