|    Jun 25 Sun, 2017 7:17 pm
FLASH NEWS

മണ്‍റോത്തുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിട്ടു കാണാന്‍ അന്തര്‍ദേശീയ സംഘമെത്തി

Published : 28th October 2016 | Posted By: SMR

ശാസ്താംകോട്ട: മണ്‍ട്രോത്തുരുത്തിന്റെ പാരിസ്ഥിതിക പ്രശനങ്ങള്‍ മനസ്സിലാക്കുന്നതിനായി അന്തര്‍ ദേശീയ സംഘം തുരുത്ത് സന്ദര്‍ശിച്ചു. ആഗോള താപനത്തിന്റെ ഭാഗമായി ജല നിരപ്പ് ഉയരുന്നതോടെ കര ഭാഗം താഴ്ന്നു പോകുന്നത് ഉള്‍പ്പെടെ വിവിധങ്ങളായ പ്രശനങ്ങള്‍ നേരിടുന്ന മണ്‍റോത്തുരുത്ത് നേരില്‍ കാണുന്നതിനും പഠനം നടത്തുന്നതിനുമായാണ് എന്‍എസിഎ ഡയറക്ടര്‍ എഡ്വേഡോ എമിലിയാനോയും  ഡബ്ല്യുസിഎ  അംഗം നതാവീയും മണ്‍റോത്തുരുത്തില്‍ എത്തിയത്.കഴിഞ്ഞ ആഗസ്തില്‍ ബാങ്കോങ്ങില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ മണ്‍റോത്തുരുത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുന്‍ എം പി കെ എന്‍ ബാലഗോപാല്‍ ഒരു പ്രബന്ധം അവതരിപ്പിക്കുകയും അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ സത്വര ശ്രദ്ധ ഈ വിഷയത്തില്‍ പതിയണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ബാങ്കോങ്ക് സമ്മേളനത്തിലെ പ്രതിനിധികളായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞരായ  എഡ്വേഡോ എമിലിയാനോയും  നതാവീയും കഴിഞ്ഞ ദിവസം കൊച്ചി ഫിഷറീസ് യൂനിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം മണ്‍റോത്തുരുത്തില്‍ എത്തുകയായിരുന്നു. ബാലഗോപാല്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍ അറിഞ്ഞതെന്നും ബഹുവിധമായ പ്രതിസന്ധികള്‍ ഈ പ്രദേശം നേരിടുകയാണെന്നും അവര്‍ പറഞ്ഞു. ആഗോള താപനം, അമിതമായ പരിസ്ഥിതി ചൂഷണം തുടങ്ങി നിരവധി കാരണങ്ങള്‍ മണ്‍റോത്തുരുത്തിന്റെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ഈ പ്രദേശത്തെ സംരക്ഷിച്ചു കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. മണ്‍റോത്തുരുത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ആഗോള ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അതിനായി പരമാവധി പരിശ്രമിക്കുമെന്നും അന്തര്‍ദേശീയ സഹായം ഉറപ്പു വരുത്തുമെന്നും ഇരുവരും അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക