|    Jan 17 Tue, 2017 8:25 pm
FLASH NEWS

മണ്‍മറഞ്ഞതു സംഘടിത സക്കാത്തിന്റെ അമരക്കാരന്‍

Published : 19th October 2016 | Posted By: Abbasali tf

മഞ്ചേരി:  മഞ്ചേരിയില്‍ ആദ്യമായി സംഘടിത സക്കാത്ത് വിതരണത്തിന് ആരംഭം കുറിച്ച വ്യക്തികളിലൊരാളാണ് ഇന്നലെ മരണപ്പെട്ട എംപി അബ്ദുറഹ്മാന്‍ കുരിക്കള്‍. 1990ലാണ് അബ്ദുറഹ്മാന്‍ കുരിക്കള്‍ മഞ്ചേരിയിലെ സെന്‍ട്രല്‍ ജുമാമസ്ജിദിന് കീഴില്‍ സംഘടിത സക്കാത്ത് വിതരണം ആരംഭിച്ചത്.  തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും പദ്ധതിയുടെ എല്ലാ നല്ല വശങ്ങളും മനസ്സിലാക്കിക്കൊടുത്ത് കുരിക്കള്‍ തന്റെ പ്രയ്തനം ആരംഭിക്കുകയായിരുന്നു. ഒറ്റക്ക് സക്കാത്ത് നല്‍കുന്നതിലേറെ നല്ലതാണെന്ന് ബോധ്യപ്പെടുത്തുകയും പ്രവാചക മാതൃക ജനങ്ങളെ അറിയിക്കുകയും ചെയ്തുകൊണ്ടാണ് സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പാവപ്പെട്ടരുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് സഹായം ചെയ്തിരുന്നയാളായിരുന്നു കുരിക്കള്‍. ഇസ്്‌ലാമിക് ബാങ്കിങ് എന്ന സാങ്കേതിക ശബ്ദം ചര്‍ച്ചയാവുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്  അത്തരമൊരു മാതൃക  പ്രാവര്‍ത്തികമാക്കിയ അദ്ദേഹം ദരിദ്രരുടെ അത്താണിയായിരുന്നു. മക്കളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി കുറി നടത്തുകയും ആദ്യഘഡുവായി ലഭിക്കുന്ന പണം പാവങ്ങള്‍ക്ക് വായ്പ നല്‍കുകയും ചെയ്തിരുന്നു. വിവാഹം, കച്ചവടം, വീട് വെയ്‌യ്ക്കല്‍, വിദേശയാത്ര, കടം തീര്‍ക്കല്‍, ചികില്‍സ എന്നിവയ്ക്ക് വായ്പ നല്‍കിയിരുന്ന അദ്ദേഹം നാട്ടുകാര്‍ക്ക് പലിശ രഹിത ബാങ്ക് തന്നെയായിരുന്നു. നാട്ടിലെ സാധാരണക്കാരെയാണ് അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ പ്രയാസത്തിലാക്കുക. വ്യക്തിഗതമായി നിശബ്ദ സേവനം നടത്തുന്നതോടൊപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹം നിറസാനിധ്യമായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചേര്‍ന്ന് കുടുംബ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍ കെയ്യെടുത്തിരുന്നു. മഞ്ചേരിയില്‍ ആദ്യമായി ഈദ് ഗാഹ് സംഘടിപ്പിക്കാനും കുരിക്കള്‍ മുന്നിലായിരുന്നു. 1973ല്‍ മഞ്ചേരി സഭാ ഹാളിന്റെ മുറ്റത്താണ് ആദ്യമായി ഈദ് ഗാഹ് ആരംഭിച്ചത്. ക്രിസ്ത്യന്‍ സ്ഥാപനമായ മര്‍ക്കസുല്‍ ബിശാറയിലെ മതപരിവര്‍ത്തം സംബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ മത പണ്ഡിതേരയും മറ്റും വിളിച്ചു ചേര്‍ക്കാന്‍ കുരിക്കള്‍ മുന്നിട്ടിറങ്ങി. സാധുക്കള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ സന്മാര്‍ഗ്ഗ വേദി സ്ഥാപിച്ചു.  മഞ്ചേരിയില്‍ ആദ്യമായി ഇശാഅത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസ തുടങ്ങാന്‍ നേതൃത്വം നല്‍കി.മുബാറക് ഇഗ്ലീഷ് സ്‌കുള്‍, മുബാറക് മസ്ജിദ്, ശാഫി മസ്ജിദ് എന്നിവയുടെ ഭാരവാഹി കൂടിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ കുരിക്കള്‍ അന്നത്തെ മഞ്ചേരി ഫര്‍ക്കയുടെ അമീറായിരുന്നു. ഇശാഅത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചാണ് ജമാഅത്ത്  പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ കാല പ്രവര്‍ത്തകനായ ഹാജി സാഹിബിനൊപ്പവും സജീവമായിരുന്നു. പുസ്തമെഴുതുന്നതിലും കുരിക്കളുടെ സംഭാവന മികച്ചതായിരുന്നു. പുസ്തകം പ്രസീദ്ധീകരിക്കാന്‍ കുരിക്കള്‍ ആരംഭിച്ച ഹാദി പബ്ലിഷിങ് ഹൗസ്  മികച്ച സംഭാവനയായിരുന്നു. തന്റെ ചെറു പുസ്തകങ്ങളില്‍ ഇസ്‌ലാമും കമ്മ്യൂണിസവും എന്ന കൃതി മികച്ചു നിന്നു. ഖുര്‍ആനിലെ നിരവധി ചെറിയ സൂറത്തുകളും ഹസ്‌റത്ത് ആയിഷ എന്ന ഗ്രന്ഥവും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. തന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിനിടയിലും കച്ചവട രംഗവും സജീവമാക്കാന്‍ സമയം കണ്ടെത്തിയിരുന്നു. തൊണ്ണൂറുകാരനായ അബ്ദുറഹ്മാന്‍ കുരിക്കള്‍ കിടപ്പിലാകുന്നതു വരേ നാട്ടുകാര്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക