|    Apr 22 Sun, 2018 8:20 pm
FLASH NEWS

മണ്‍ട്രോതുരുത്തിനായി പ്രത്യേക വികസന പദ്ധതി തയ്യാറാക്കണമെന്ന് നിയമസഭാ സമിതി

Published : 14th July 2017 | Posted By: fsq

 

കൊല്ലം: മണ്‍ട്രോതുരുത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. ഇവിടുത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സ്വസ്ഥജീവിതവും ഉപജീവനവും ഉറപ്പാക്കുന്നതിനും ഉതകുന്ന പദ്ധതിയുടെ അനിവാര്യത സമിതി റിപോര്‍ട്ടില്‍ വ്യക്തമാക്കുമെന്ന് ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍—എ പറഞ്ഞു.  മണ്‍ട്രോതുരുത്ത് നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികാഘാതം, ചവറ ആലപ്പാട് പ്രദേശത്ത് കരിമണല്‍ ഖനനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ചവറ കെ എം എം എലുമായി ബന്ധപ്പെട്ട മലിനീകരണം എന്നീ വിഷയങ്ങലില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പില്‍ സമിതി അംഗങ്ങളായ പി —ടി —എ റഹീം, എം വിന്‍സെന്റ്, അനില്‍ അക്കര എന്നിവരും പങ്കെടുത്തു. ആര്‍ രാമചന്ദ്രന്‍ എംഎല്‍—എ, പരിസ്ഥിതി കമ്മിറ്റി അഡീഷനല്‍ സെക്രട്ടറി കെ —എസ് അനസ്, ജില്ലാ കലക്ടര്‍ ടി മിത്ര, സബ് കലക്ടര്‍ എസ് ചിത്ര, എ—ഡി—എം ഐ അബ്ദുല്‍ സലാം എന്നിവരും സന്നിഹിതരായിരുന്നു. അതത് പ്രദേശ വാസികളും ജനപ്രതിനിധികളും സമിതി മുമ്പാകെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സമിതി അംഗങ്ങള്‍ മണ്‍ട്രോത്തുരുത്ത്, ആലപ്പാട്, ചിറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മണ്‍ട്രോത്തുരുത്തിലെ ജനങ്ങള്‍ക്ക് പ്രകൃതിയുമായി ബന്ധപ്പെട്ട  ജീവിതം എങ്ങനെ രൂപകല്‍പ്പനചെയ്യാനാകുമെന്ന് പരിശോധിക്കണം. കൃഷി ഉള്‍പ്പടെ എല്ലാം ഇവിടെ നഷ്ടത്തിലാണ്. ജനജീവിതത്തിന് ഭീഷണിയായ ജലത്തെ എങ്ങനെ അവര്‍ക്ക് അനുഗ്രഹമാക്കി മാറ്റാം എന്നാണ് പരിശോധിക്കേണ്ടത്. ഇവിടുത്തെ മണ്ണിന് താങ്ങാവുന്ന വിധത്തിലുള്ള കെട്ടിട നിര്‍മാണ സാങ്കേതിക വിദ്യയും കണ്ടെത്തണം. അതോടൊപ്പം സാധാരണക്കാര്‍ക്ക് വരുമാനം കിട്ടത്തക്ക വിധത്തില്‍ ഇവിടുത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വഴി തേടണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സമഗ്രവികസന പദ്ധതി തയ്യാറാക്കേണ്ടതെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍—എ പറഞ്ഞു. ഐ—ആര്‍—ഇയും കെ—എം—എം—എലും നാടിന്റെ പൊതു സ്വത്താണ്. കരിമണല്‍ ശേഖരിക്കുന്ന സ്ഥലങ്ങള്‍ സംരക്ഷിച്ചും മലിനീകരണം ഒഴിവാക്കിയും  ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാമൂഹിക പ്രതിബദ്ധത കാട്ടാന്‍ കമ്പനികള്‍ തയ്യാറാകണം. തീരസംരക്ഷണത്തില്‍ കൂറേക്കൂടി വിശാലമായ സമീപനം പുലര്‍ത്തണം. കരിമണല്‍ ഖനനം ശാസ്ത്രീയമാക്കാന്‍ നടപടിവേണം. കെ—എം—എം—എല്‍ കമ്പനിയുമായി ബന്ധപ്പെട്ട പരിസര മലിനീകരണം പരിഹരിക്കുന്നതിന് പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss