|    Dec 14 Fri, 2018 3:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മണ്ണ്, ജലം, വായു സംരക്ഷണ പ്രവര്‍ത്തനപദ്ധതി നടപ്പാക്കും

Published : 24th May 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിന്റെ ജൈവവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിനുള്ള പരിസ്ഥിതി ധവളപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധവളപത്രത്തിന്റെ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കും. അതിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തന പദ്ധതി കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നതിനും സമിതി രൂപീകരിക്കും. വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണവും ജനകീയ പങ്കാളിത്തവും ഉറപ്പാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക.
സംസ്ഥാനത്തെ 44 നദികളില്‍നിന്നുള്ള ജലവിഭവത്തിന്റെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ധവളപത്രം പറയുന്നു. സംസ്ഥാനത്ത് 65 ലക്ഷം കിണറുകളുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകള്‍. 80 ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമാണ്. 11,309 ചതുരശ്ര കിലോമീറ്ററാണ് വനമുള്ളത്. 2013ലെ ദേശീയ വനസര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനിബിഡ വനവും നിബിഡ വനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇടവിട്ട വനം 1423 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചു. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി 1.61 ലക്ഷം ഹെക്ടറാണ്. ആകെ 4354 തണ്ണീര്‍ത്തടങ്ങള്‍. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളുടെ വിസ്തൃതി 2009നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2009ല്‍ 5 ചതുരശ്ര കിലോമീറ്ററായിരുന്നു കണ്ടല്‍ക്കാടുകള്‍. 2015ലെ സര്‍വേ പ്രകാരം 9 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുണ്ട്.
മണല്‍ ഖനനം, കൈയേറ്റം, കൃഷിയിടങ്ങളില്‍ നിന്ന് ഒഴുകിവരുന്ന രാസപദാര്‍ഥങ്ങള്‍, വാസകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലവും ഖരമാലിന്യവും, ജലസസ്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനം തുടങ്ങിയവയെല്ലാം കേരളത്തിലെ നദികളുടെ ആവാസവ്യവസ്ഥയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നദീതീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള മലിനീകരണവും സംസ്‌കരിക്കാത്ത നഗരമാലിന്യങ്ങളും നദികളെ കൂടുതല്‍ മലിനമാക്കുന്നു.
നിര്‍മാണ മേഖലയ്ക്കാവശ്യമായ പുഴ മണലിന്റെ ക്ഷാമം പലപ്പോഴും വിവേചനരഹിതമായ മണല്‍ഖനനത്തിന് ഇടയാക്കുന്നു. നിര്‍മാണമേഖലയെ പരിഗണിച്ച്് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കണം.  പ്രദേശികമായി 90,563 മാലിന്യസംസ്‌കരണ പദ്ധതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വായുമലിനീകരണം സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. വാഹനഗതാഗതം, വ്യവസായം, നിരത്തിലെ പൊടിപടലങ്ങള്‍ എന്നിവയാണ് പ്രധാനമായും വായുവിനെ മലിനമാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്നും ധവളപത്രം പറയുന്നു.
നെല്‍വയലുകളുടെ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നു. 2014-15ല്‍ അത് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉല്‍പാദനക്ഷമതയും ചുരുങ്ങി. ഒരു ഹെക്ടറിന് 2.837 ടണ്‍ നെല്ലാണ് ലഭിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യ പോഷാകാഹാര സുരക്ഷയെ ഇത് ബാധിച്ചിട്ടുണ്ട്. നമ്മുടെ വിളകളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച് മാത്രമേ കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss