|    Jan 18 Wed, 2017 7:44 pm
FLASH NEWS

മണ്ണെണ്ണവില മാസംതോറും വര്‍ധിപ്പിക്കും; കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ഐഒസി

Published : 14th July 2016 | Posted By: SMR

kerosene-web

ന്യൂഡല്‍ഹി: രാജ്യത്ത് മണ്ണെണ്ണയുടെ വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ മാസവും ലിറ്ററിന് 25 പൈസ വീതം വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കി. അടുത്തവര്‍ഷം ഏപ്രില്‍ വരെയാണു നടപടി. ഇതോടെ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്കും വില വര്‍ധിക്കും.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് മണ്ണെണ്ണ വില കൂട്ടുന്നത്. ഈ മാസം ഒന്നിന് 25 പൈസ കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും മണ്ണെണ്ണ സബ്‌സിഡി തുടര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാവും.
സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത 10 മാസം ലിറ്ററിന് 25 പൈസ വച്ച് കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഐഒസി വക്താവ് വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണെണ്ണ വില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നതിനാല്‍ 11,496 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനനഷ്ടം.
മണ്ണെണ്ണയ്ക്ക് ലിറ്ററിന് 12ഉം പാചകവാതകം സിലിണ്ടറിന് 116 രൂപയുമാണ് സബ്‌സിഡി. 2015-2016 വര്‍ഷത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍ നല്‍കിവരുന്ന സബ്‌സിഡിയുടെ 42 ശതമാനവും മണ്ണെണ്ണയ്ക്കാണ്. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. വില വര്‍ധനയിലൂടെ പ്രതിവര്‍ഷം 1000 കോടിയുടെ സബ്‌സിഡി ചെലവ് കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഡീസല്‍, പെട്രോള്‍ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞപ്പോള്‍ പാവപ്പെട്ടവരെ ബാധിക്കുന്ന മണ്ണെണ്ണ സബ്‌സിഡി നീക്കംചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
മണ്ണെണ്ണവില കൂടുന്നത് എണ്ണക്കമ്പനികള്‍ക്കാണ് ഗുണകരമാവുക. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് 67 ശതമാനം വിപണി ഓഹരിയുള്ളത്. 2001 മുതല്‍ രാജ്യത്തെ മണ്ണെണ്ണ ഉപയോഗത്തില്‍ പ്രതിവര്‍ഷം മൂന്നുശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ പാചകവാതകത്തിന്റെ ആവശ്യത്തില്‍ ഏഴു ശതമാനം വര്‍ധനയുമുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക