|    Jul 19 Thu, 2018 5:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മണ്ണുസംരക്ഷണത്തിന് ശാസ്ത്രീയ ഇടപെടലുകളില്ല; സംസ്ഥാനം ഉല്‍പാദന പ്രതിസന്ധിയിലേക്ക്‌

Published : 27th September 2017 | Posted By: fsq

 

റജീഷ്  കെ  സദാനന്ദന്‍

മഞ്ചേരി: ഇടയ്ക്കിടെ കനക്കുന്ന മഴയില്‍ വന്‍തോതില്‍ മേല്‍മണ്ണ് ഒലിച്ചുപോവുന്നത് ഉല്‍പാദനരംഗത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത ഗണ്യമായി കുറയുന്നതിന് ഇതു വഴിവയ്ക്കുന്നെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണുസംരക്ഷണ കേന്ദ്രത്തിന്റേതാണ് ഗൗരവതരമായ കണ്ടെത്തല്‍. മേല്‍മണ്ണ് സംരക്ഷണത്തിന് ശാസ്ത്രീയമായ ഇടപെടലുകള്‍ വൈകുമ്പോള്‍ കാര്‍ഷികാഭിവൃദ്ധിക്ക് അനിവാര്യമായ ഫലഭൂയിഷ്ഠമായ മണ്ണ് നഷ്ടമാവുകയാണ്. ഇത് വരുംകാല കാര്‍ഷികോല്‍പാദനം ഗണ്യമായി കുറയ്ക്കും.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജലാശയങ്ങള്‍ നിറഞ്ഞുകവിഞ്ഞ് വയലുകളിലൂടെ വരെ ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. മലയോരങ്ങളിലാവട്ടെ, ഉരുള്‍പൊട്ടലും ചെറുതും വലുതുമായ മണ്ണിടിച്ചിലും വ്യാപകമായുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ 50 സെന്റിമീറ്റര്‍ വരെ ആഴത്തിലുള്ള മേല്‍മണ്ണ് ഒലിച്ചുപോവുകയാണ്. ഒരു സെന്റിമീറ്റര്‍ മേല്‍മണ്ണ് സ്വാഭാവികമായി രൂപപ്പെടാന്‍ 100 വര്‍ഷമെടുക്കുമെന്നാണ് ശാസ്ത്രീയ വിശദീകരണം.രൂക്ഷമായ വരള്‍ച്ചയാണു കഴിഞ്ഞ വേനലില്‍ സംസ്ഥാനം അഭിമുഖീകരിച്ചത്. ജലസംരക്ഷണത്തിന് ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മഴവെള്ള സംരക്ഷണത്തിനും ശേഖരണത്തിനും ചില പദ്ധതികള്‍ പേരിനു നടന്നുവെന്നല്ലാതെ മണ്ണൊലിപ്പു തടയുന്നതിനടക്കമുള്ള ഗൗരവപൂര്‍ണമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നത് സംസ്ഥാനത്തെ അവശേഷിക്കുന്ന കൃഷികൂടി ഇല്ലാതാക്കും. മഴയ്ക്കു മുമ്പുള്ള മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നില്ല. ജൈവകൃഷിക്ക് വലിയ സ്വീകാര്യത സംസ്ഥാനത്തുണ്ടാവുകയും വിവിധ തുറകളിലുള്ളവര്‍ കൃഷിയോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ ഇത് ഫലപ്രദമായി നിലനിര്‍ത്താന്‍ മണ്ണുസംരക്ഷണം അനിവാര്യമാണ്. ഫലഭൂയിഷ്ഠത നഷ്ടപ്പെടുമ്പോള്‍ രാസവളപ്രയോഗത്തിനാണ് ഇന്നും കൃഷിവകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് സ്വാഭാവിക മണ്ണിന്റെ നാശത്തിനു കാരണമാവുമ്പോള്‍ ജൈവകൃഷി വ്യാപനം പ്രഖ്യാപനം മാത്രമാവും. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാം പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമാവുന്ന നിലയിലേക്കാണ് മേല്‍മണ്ണിന്റെ നഷ്ടം വഴിതുറക്കുന്നത്. കൃഷിവകുപ്പിലെയും മണ്ണുസംരക്ഷണ വകുപ്പിലെയും ജീവനക്കാരുടെ കുറവും മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss