|    May 24 Wed, 2017 4:20 am
FLASH NEWS

മണ്ണുമാന്തി കപ്പല്‍ ഹന്‍സിത കൊല്ലം തീരത്ത് കുടുങ്ങി

Published : 26th June 2016 | Posted By: SMR

കൊല്ലം:തുറമുഖ വകുപ്പിന് വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലം തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന മണ്ണുമാന്തി കപ്പലായ ഹന്‍സിത കൊല്ലത്ത് തീരത്തടിഞ്ഞു. ശക്തമായ തിരയില്‍ ബീച്ചിന് സമീപം കരയില്‍ നിന്നും ഏകദേശം നൂറുമീറ്റര്‍ അകലെയായി മണ്ണില്‍ പുതഞ്ഞുകിടക്കുകയാണ് കപ്പല്‍.

മുംബൈയിലെ മേഘ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹന്‍സിത’ കൊച്ചി തുറമുഖത്തു നിന്ന് 2013 മാര്‍ച്ച് 26നാണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്. ഡ്രെഡ്ജിങ്ങുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ കപ്പല്‍ ഒന്നരവര്‍ഷം കൊച്ചി തുറമുഖത്ത് പിടിച്ചിട്ടിരുന്നു. ഇതിനിടെ യന്ത്രത്തകരാറിലായ കപ്പല്‍ കേസ് ഒത്തുതീര്‍പ്പായ മുറയ്ക്ക് അറ്റകുറ്റപ്പണിക്കായി മര്‍ക്കന്റൈന്‍സ് മറൈന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ടഗ്ഗ് കെട്ടിവലിച്ച് കൊല്ലത്ത് എത്തിക്കുകയായിരുന്നു.
തുറമുഖ വാര്‍ഫ് ഉപയോഗിച്ചതിന്റെ വാടകയായി 50 ലക്ഷത്തിലധികം രൂപ കപ്പലിന്റെ ഉടമ മുംബൈ സ്വദേശി ഹേമന്ദ് റാവു നല്‍കാനുണ്ട്. വാര്‍ഫ് ഉപയോഗിക്കാന്‍ ദിവസ വാടകയായി 7000 രൂപയോളമാണ് ആദ്യം ഈടാക്കിയിരുന്നത്. വാടക 15 ദിവസം കുടിശ്ശികയായാല്‍ ഇരട്ടിത്തുക നല്‍കണം. ഒരുമാസം കഴിഞ്ഞാല്‍ നാലിരട്ടി നല്‍കണം. തുടക്കത്തില്‍ കപ്പല്‍ ഉടമ വാടക കൃത്യമായി നല്‍കി. എന്നാല്‍ പിന്നീട് വാടക നല്‍കാതെയായി. വാടക കുടിശ്ശിക 80 ലക്ഷം കവിഞ്ഞതോടെ കപ്പല്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചു. വാടക കുടിശ്ശികയില്‍ ഇളവു നല്‍കണമെന്നായിരുന്നു ആവശ്യം. കപ്പല്‍ ഉടമയുടെ ആവശ്യം തള്ളിയ കോടതി പോര്‍ട്ട് ഓഫിസറുടെ അധികാരം ഉപയോഗിച്ച് കപ്പിത്താനെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവായി. ഇതിനിടെ കുടിശ്ശികയില്‍ 45 ലക്ഷം അടച്ചു. 2009ല്‍ നിര്‍മിച്ച കപ്പല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ ദ്വീപ് രാജ്യമായ കൊമറോസില്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം തുറമുഖത്തു നങ്കൂരമിട്ട സമയത്ത് കപ്പല്‍ ഇന്ത്യന്‍ രജിസ്‌ട്രേഷനിലേക്കു മാറ്റി ക്ലാസിഫിക്കേഷന്‍ നടത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ വീണ്ടും കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കപ്പല്‍ കൊല്ലം തീരത്ത് തന്നെ പിടിച്ചിടേണ്ട അവസ്ഥ വന്നു.അതേസമയം, കപ്പല്‍ ദീര്‍ഘകാലമായി തുറമുഖത്തിനടുത്ത് കിടക്കുന്നതിലെ അപകടത്തെപ്പറ്റി തീരദേശ പോലിസ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുറമുഖവകുപ്പിന് വാടകക്കുടിശ്ശിക അടയ്ക്കാന്‍ കപ്പലുടമയായ മേഘാ ഡ്രഡ്ജിങ് െ്രെപവറ്റ് ലിമിറ്റഡ് വിസമ്മതിച്ചത് നിയമക്കുരുക്കിലാക്കി. ഹൈക്കോടതിയില്‍ കമ്പനി നല്‍കിയ കേസ് തീരാതെ മണ്ണുമാന്തിക്കപ്പല്‍ ഹന്‍സിതയ്ക്ക് കൊല്ലം തീരം വിടാനാവില്ല. പണം കിട്ടിയാല്‍ കപ്പല്‍ വിട്ടുനല്‍കാന്‍ തുറമുഖ വകുപ്പിന് തടസ്സവുമില്ല. എത്രയും വേഗം തീരം വിടണമെന്നാണ് പോര്‍ട്ട് അധികൃതരുടെ ആഗ്രഹവും. ഓരോ തവണയും ഹന്‍സിതയുടെ മടക്കയാത്രാ ശ്രമമൊക്കെ പാഴായി. ഇതിനിടെ ഉടമ കപ്പല്‍ ഉപേക്ഷിച്ചെന്നുവരെ പ്രചാരണമായി.
കപ്പല്‍ സുരക്ഷിതാവസ്ഥയില്‍ അല്ലെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പോലിസ് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് കപ്പലിന്റെ ഫോര്‍ പീക് ടാങ്കില്‍ വെള്ളം കയറി. ഇതോടെ അതിലുണ്ടായിരുന്ന നാലു ജീവനക്കാരെ തീര സുരക്ഷ സേന കരയ്‌ക്കെത്തിക്കുകയായിരുന്നു. രാത്രി ഇവിടെ കപ്പല്‍ ഉണ്ടെന്ന് അറിയാന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നു. സംരക്ഷണമില്ലാതെ കപ്പല്‍ കൊല്ലത്ത് തുടരുന്നത് വലിയ അപകടകരമായ സ്ഥിതിയാണുണ്ടാക്കുന്നതെന്ന് പോലിസ് പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തിരയില്‍പ്പെട്ട് കപ്പല്‍ കൊല്ലം തീരത്തടിഞ്ഞത്. ഇത് വലിയ സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day