|    Jan 17 Tue, 2017 6:21 am
FLASH NEWS

മണ്ണും മനുഷ്യനും സംസ്‌കൃതിയും

Published : 9th October 2015 | Posted By: swapna en

ഡോ. അനൂപ് വി എം

2015 ലോക മണ്ണുവര്‍ഷമായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടേതാണ് തീരുമാനം. എഫ്.എ.ഒ(ഭക്ഷ്യ കാര്‍ഷിക സംഘടന)യുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം. ഏറ്റവും അമൂല്യമായ പ്രകൃതിവിഭവമായ, അതേസമയം മനുഷ്യന്റെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മൂലം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്ന മണ്ണിനെപ്പറ്റി ചിന്തിക്കാനും മണ്ണിനെ സംരക്ഷിക്കാനുമുള്ള അവബോധമുണരുന്ന വര്‍ഷമാവട്ടെ ഇതെന്നു പ്രത്യാശിക്കാം. ഏറ്റവും വിസ്മരിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന വസ്തുവായി മാറിയിരിക്കുകയാണ് ഇന്നു മണ്ണ്. മണ്ണിനെപ്പറ്റി സംസാരിക്കുന്നവരും അവഗണിക്കപ്പെടുന്നവരായും പുച്ഛിക്കപ്പെടുന്നവരായും മാറിയിരിക്കുന്നു.

മണ്ണിനെ അവഗണിക്കുന്നവര്‍ വിസ്മരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഭൂമിയിലെ എല്ലാ ജീവന്റെയും നാന്ദി മണ്ണാെണന്ന കേവല സത്യം. മണ്ണില്ലെങ്കില്‍ പ്രപഞ്ചത്തില്‍ ജീവജാലങ്ങളില്ല. ജീവനെ നിലനിര്‍ത്തുന്ന അടിസ്ഥാനവ്യവസ്ഥ എന്നു മണ്ണിനെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ കാര്‍ഷിക രാഷ്ട്രമാണ്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവരാണ് ഇന്ത്യന്‍ ജനതയുടെ 70 ശതമാനവും. ജനപ്പെരുപ്പം കാരണം കൃഷിഭൂമിയുടെ വിസ്താരവും അശാസ്ത്രീയമായ കൃഷിരീതികള്‍ അവലംബിക്കുന്നതുമൂലം മണ്ണിന്റെ ഫലപുഷ്ടിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. അതെല്ലാം അതിജീവിച്ച് കര്‍ഷകര്‍ നമ്മെ തീറ്റിപ്പോറ്റുന്നു. അതേസമയം, ഇന്ത്യയില്‍ ഏറ്റവും ചൂഷണവിധേയരാവുന്നതും ഇവര്‍ തന്നെ.

മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യാന്‍ കര്‍ഷകന് ഉത്തേജനം നല്‍കുക എന്നതാണ് പ്രധാനം. മണ്ണ് പാറയില്‍ നിന്നുണ്ടായതാണല്ലോ. പലതരം പാറകള്‍ പലതരം മണ്ണിനെ ഉല്‍പ്പാദിപ്പിക്കുന്നു. മണ്ണിലെ ധാതുക്കള്‍ പഠനവിധേയമാക്കിയാല്‍ പാറയുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. ധാതുലവണങ്ങളാല്‍ സമൃദ്ധമായ മണ്ണ് ഒരു ബാങ്കിനു തുല്യമാണെന്നറിയുക. നമ്മുടെ പൂര്‍വികര്‍ നിക്ഷേപിച്ച ധനം നമ്മള്‍ പിന്‍വലിക്കുന്നു. ഒരു നിക്ഷേപവും നമ്മള്‍ നടത്തുന്നില്ലെന്നുവന്നാല്‍ എന്തു സംഭവിക്കും?

ഒരു ദിവസം അക്കൗണ്ട് പൂജ്യമാവും. അതാണ് മണ്ണിന്റെയും അവസ്ഥ. മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളായ ധാതുക്കള്‍ പലതരത്തില്‍ നഷ്ടപ്പെടും. ചെടികള്‍ അവയ്ക്ക് ആവശ്യമുള്ളവ വലിച്ചെടുക്കുന്നു. മണ്ണൊലിപ്പ്, അശാസ്ത്രീയമായ കൃഷിരീതികള്‍ മുതലായ സ്ഥിതിവിശേഷങ്ങള്‍ മൂലവും മൂലകങ്ങള്‍ നഷ്ടപ്പെടുന്നു. വര്‍ഷങ്ങളോളം ഒരേ കൃഷി തന്നെ ചെയ്യുമ്പോള്‍ മണ്ണ് ക്രമേണ ഫലപുഷ്ടിയില്ലാത്തതായി മാറുന്നു. ഇത്തരുണത്തില്‍ ഭൂക്ഷമത പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ഭൂമിയുടെയും മണ്ണിന്റെയും ക്ഷമത മനസ്സിലാക്കി വേണം അതിനെ ഉപയോഗിക്കാന്‍. ഉല്‍പ്പാദനം കൂട്ടുന്നതിനു വേണ്ടി അമിതമായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതും ദോഷകരമാണ്.

രാസവസ്തുക്കള്‍ മണ്ണിന്റെ ഘടനയും രചനയും മറ്റു സ്വഭാവഗുണങ്ങളും മാറ്റിമറിക്കുന്നു. അമിത രാസവസ്തു ഉപയോഗം മൂലം മണ്ണ് മരിക്കുന്നു. മണ്ണിലെ കോടാനുകോടി സൂക്ഷ്മജീവികളാണ് അതിനു ജീവന്‍ നല്‍കുന്നത്. അമിത രാസവസ്തുപ്രയോഗം സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ഈ സൂക്ഷ്മജീവികളാണ് മണ്ണിലെ എല്ലാ പ്രക്രിയകളും സാധ്യമാക്കുന്നത്.  ഇന്ന് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഭൂനശീകരണമാണ്. കേരളവും വിവിധ രൂപത്തിലുള്ള ഭൂനശീകരണം അനുഭവിക്കുന്നുണ്ട്. ഭൂമിയില്‍ മണ്ണ് ഉണ്ടായപ്പോള്‍ മുതല്‍ മണ്ണൊലിപ്പും ഉണ്ടായിരുന്നു. പക്ഷേ, നേരിയ തോതില്‍ മാത്രമായിരുന്നതിനാല്‍ അന്നൊന്നും മണ്ണൊലിപ്പ് ഒരു പ്രശ്‌നമായിരുന്നില്ല. മണ്ണൊലിപ്പും പ്രകൃതിയും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിന്നിരുന്നു.

ജനസംഖ്യ വര്‍ധിച്ചപ്പോള്‍ മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും വേണ്ടി മണ്ണിനെ ചൂഷണം ചെയ്യാന്‍ തുടങ്ങി. മണ്ണും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ താളം തെറ്റി. അപ്പോഴാണ് മണ്ണൊലിപ്പ് പ്രശ്‌നമാവുകയും മേല്‍മണ്ണ് നഷ്ടപ്പെട്ട് ഗുണമേന്മ ഇല്ലാതാവുകയും ചെയ്തത്. ഇന്നു നമ്മുടെ മണ്ണിനു ഫലപുഷ്ടി കുറവാണ്. നശിച്ചുകൊണ്ടിരിക്കുന്ന മണ്ണിനെ എങ്ങനെ രക്ഷിക്കാം എന്നാണ് അന്താരാഷ്ട്രതലത്തില്‍ നാം ചിന്തിക്കേണ്ടത്. ഒരു ഇഞ്ച് മേല്‍മണ്ണ് പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകളിലൂടെ ഉണ്ടായിവരാന്‍ ഏകദേശം ആയിരം വര്‍ഷങ്ങളെടുക്കും. അങ്ങനെ എത്രയോ കാലംകൊണ്ട് രൂപപ്പെടുന്ന മണ്ണ് നമ്മുടെ അശ്രദ്ധയും അശാസ്ത്രീയമായ കൃഷിരീതികളും കാരണം വെറും ഒരു നിമിഷം കൊണ്ടാണ് നശിച്ചുപോവുന്നത്. മണ്ണുസംരക്ഷണ പ്രക്രിയകള്‍ക്ക് ഏറെ പ്രാധാന്യം കൈവരുന്നത് ഇവിടെയാണ്. വികസിത രാജ്യങ്ങള്‍ മണ്ണിന്റെ പ്രാധാന്യം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നശിച്ചുപോയ മണ്ണിനെ സംരക്ഷിക്കാനും പരിപാലിക്കാനും അവര്‍ തീരുമാനിച്ചിരിക്കുന്നു.

എന്നാല്‍, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ മണ്ണുപരിപാലനത്തോടുള്ള ഉപേക്ഷയുടെ പ്രശ്‌നം ഇന്നും നിലനില്‍ക്കുന്നു. മണ്ണിനെ തോന്നിയതുപോലെ ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. മണ്ണിന്റെ ക്ഷമതയോ ദൗര്‍ബല്യങ്ങളോ നമുക്കു പ്രശ്‌നമല്ല. മണ്ണും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിയില്‍ അഭിലഷണീയമല്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നു. ഇതിന് ഉദാഹരണം തേടി മറ്റൊരിടത്തേക്കും പോവേണ്ടതില്ല. ഒരൊറ്റ മഴ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടാക്കുന്ന വെള്ളപ്പൊക്കം നാം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തിലെ ഏതൊരിടത്തും ഇന്നു സര്‍വസാധാരണമാണ് ഈ പ്രശ്‌നം.

വെള്ളം വാര്‍ന്നുപോകാനുള്ള പഴുതുകളെല്ലാം അടച്ചുകൊണ്ടും മണ്ണിനെ അതിന്റെ ധര്‍മമനുഷ്ഠിക്കാന്‍ അനുവദിക്കാതെയും നടത്തിയ ഭൂപരിവര്‍ത്തനത്തിന്റെ, ഭൂവിനിയോഗത്തിന്റെ ഫലമായി ഭൂമിയുടെ സ്വാഭാവിക പ്രകൃതി നശിപ്പിച്ചതിന്റെ ദുരനുഭവമല്ലാതെ മറ്റൊന്നുമല്ല അത്. മണ്ണിനും ഭൂമിക്കും നാശം സംഭവിച്ചാല്‍ അതു പുനര്‍നിര്‍മിക്കുക എളുപ്പമല്ല. ഒരു വെള്ളക്കെട്ടോ ചെളിക്കെട്ടോ ഏതെങ്കിലുമൊരു വ്യക്തിയുടെ പുരയിടത്തില്‍ ഉണ്ടെങ്കില്‍, അതു നിലനിര്‍ത്തുന്നതിലേക്കായി ആ സ്ഥലമുടമയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്ന രീതി അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ നിലവിലുണ്ട്.

ആ വെള്ളക്കെട്ടിനു ചുറ്റും ഒരു സൂക്ഷ്മ കാലാവസ്ഥ (മൈക്രോ ക്ലൈമറ്റ്) നിലനില്‍ക്കുന്നുവെന്നും അതില്‍ പലതരം ജീവജാലങ്ങള്‍ വസിക്കുന്നുണ്ടെന്നും അവയെ നിലനിര്‍ത്തേണ്ടതു പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവര്‍ തിരിച്ചറിയുന്നു. അന്താരാഷ്ട്ര മണ്ണുവര്‍ഷം നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അനേകം വസ്തുതകളുണ്ട്. മണ്ണ് നശിച്ചാല്‍ മണ്ണിന്റെ ക്ഷമത നഷ്ടപ്പെടുന്നു എന്നതാണ് മണ്ണിന്റെ നാശം ഗൗരവത്തോടെ കാണണമെന്നു പറയാന്‍ കാരണം. ഇതിന്റെ ഫലമായി വെള്ളപ്പൊക്കം, കൃഷിനാശം, വായുവിന്റെ താപനില വര്‍ധിക്കല്‍, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടല്‍, ആപല്‍ക്കരമായ വായുവിസര്‍ജനം തുടങ്ങിയവ സംഭവിക്കുന്നു.

മേല്‍മണ്ണ് നഷ്ടപ്പെട്ടുപോവുമ്പോള്‍ ഭക്ഷ്യസുരക്ഷയാണ് അവതാളത്തിലാവുന്നത്. ഫലവത്തായ ബോധവല്‍ക്കരണം വളര്‍ത്തിയെടുക്കുകയെന്നത് പ്രധാനമാണ്. യുവതലമുറയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണമാണ് ആവശ്യം. ഇന്നത്തെ തലമുറയുടെ തെറ്റുകള്‍ നാളത്തെ തലമുറ ആവര്‍ത്തിച്ചുകൂടല്ലോ. അതു സ്‌കൂള്‍തലത്തില്‍ തന്നെ തുടങ്ങുകയും വേണം. മണ്ണ് യഥേഷ്ടം ചൂഷണം ചെയ്യാനുള്ള ചരക്കു മാത്രമാണെന്ന വിശ്വാസപ്രമാണം മുതിര്‍ന്നവരുടെ മനസ്സില്‍ നിന്ന് നീക്കുക ബുദ്ധിമുട്ടാെണന്നത് ദുഃഖസത്യം. മണ്ണിനെ മനസ്സിലാക്കാനും ശാസ്ത്രീയമായി മണ്ണിനെ ഉപയോഗിക്കാനും കുട്ടികള്‍ പഠിച്ചാല്‍ പ്രതീക്ഷയ്ക്കു വകയായി എന്നു പറയാം. ആരോഗ്യമുള്ള മണ്ണാണ് നമുക്ക് ആവശ്യം. ആരോഗ്യമുള്ള മെണ്ണന്നാല്‍ സുസ്ഥിരമായ കൃഷിക്ക് അനുയോജ്യമായ, അതോടൊപ്പം പരിസ്ഥിതിയുടെ ഗുണമേന്മ നിലനിര്‍ത്താന്‍ കഴിയുന്ന മണ്ണിനെ ആരോഗ്യമുള്ള മെണ്ണന്നു വിശേഷിപ്പിക്കാം. ഭൂമിയിലെ എല്ലാ മണ്ണും കൃഷിയോഗ്യമല്ലെന്ന വസ്തുതയും പ്രാധാന്യമര്‍ഹിക്കുന്നു.

ലോകത്ത് കരഭൂമിയുടെ വിസ്തീര്‍ണം 13 ദശലക്ഷം ഹെക്ടറിനു മുകളിലാണെങ്കിലും ഏകദേശം അതില്‍ പകുതി മാത്രമേ കാര്‍ഷികവൃത്തിക്ക് അനുയോജ്യമായുള്ളൂ. അതില്‍ത്തന്നെ പല കാരണങ്ങളാല്‍ ഏകദേശം 14 ലക്ഷം ഹെക്ടര്‍ മാത്രമേ കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റുന്നുള്ളൂ. കൃഷിഭൂമിയുടെ വിസ്തീര്‍ണം കൂട്ടുകയെന്നത് അസാധ്യമായതിനാല്‍ ഏറ്റവും ഉചിതമായ രീതിയില്‍ കൃഷിഭൂമി ഉപയോഗിക്കാനാണ് പരിശ്രമിക്കേണ്ടത്.

(കടപ്പാട്: ശാസ്ത്രഗതി,                          സപ്തംബര്‍ 2015.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 470 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക