|    Jan 19 Fri, 2018 1:32 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

മണ്ണും പുല്ലും മണ്ണില്ലാത്ത മണ്ണുത്തിയും

Published : 12th August 2017 | Posted By: fsq

മഴയുടെ ആവേശമൊക്കെ ശമിച്ചുതുടങ്ങി. ഓണക്കാലം വരുന്നുവെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഇത്തിരിപ്പൂവും കുഞ്ഞിപ്പൂവുമൊക്കെ പറമ്പുകളില്‍ തലനീട്ടുന്നു. പൂവും പൂന്തോട്ടവുമെല്ലാം മലയാളികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. പല വീടുകള്‍ക്കും ഇന്നു പൂന്തോട്ടമുണ്ട്്; കാലത്തിനൊത്ത ചില മാറ്റങ്ങളോടെയാണെങ്കിലും. ഈ മാറ്റങ്ങളാവട്ടെ കൗതുകകരമാണ്. തിരക്കുപിടിച്ച നഗരജീവിതത്തില്‍ ഒരല്‍പം ആശ്വാസം തേടി മണ്ണിലേക്കിറങ്ങാനാണ് പലരും വീട്ടില്‍ പൂന്തോട്ടമുണ്ടാക്കുന്നതെന്ന്് ആരും ധരിച്ചുവശാകരുത്്. ഒരുതരി മണ്ണ് ഇന്നത്തെ പൂന്തോട്ടങ്ങളില്‍ എവിടെയും കാണാനാവില്ല. പലര്‍ക്കും മുറ്റത്തൊരല്‍പം മണ്ണു കാണുന്നതുപോലും അലര്‍ജിയാണ്. വീടകങ്ങളെല്ലാം ടൈല്‍സ് പാകിയതിനാല്‍ മണ്ണ് ചവിട്ടി കയറുന്നത് പ്രശ്‌നമാവുമെന്നതാവാം ഇതിനൊരു കാരണം. അതുകൊണ്ട്് വീട്ടുമുറ്റം കഴിയുന്നത്ര ഇന്റര്‍ലോക്ക് കട്ടകള്‍ പാകും. ബാക്കി ഭാഗത്ത് മണ്ണ് കാഴ്ചയില്‍ നിന്ന് മറയ്ക്കാനുള്ള ശ്രമങ്ങളാണു പിന്നെ. പുല്‍ത്തകിടിയും ആവരണസസ്യങ്ങളുംകൊണ്ട് മുറ്റം മറയ്ക്കും. ഗ്രൗണ്ട് കവര്‍ എന്നാണ് ഉദ്യാനപാലകരുടെ സാങ്കേതികഭാഷയില്‍ ഈ ചെടികള്‍ക്ക് പറയുക.ഇന്ന് ഉദ്യാനങ്ങളുടെ പ്രധാന ഘടകം ഈ ഗ്രൗണ്ട് കവര്‍ സസ്യങ്ങളും പുല്ലുമാണ്. മണ്ണ് കാണുന്നത് ഇഷ്ടമില്ലെങ്കിലും പുല്‍ത്തകിടിയുടെ ഹരിതാഭ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിദേശികളായ കിടിലന്‍ പുല്ലിനങ്ങള്‍ക്കൊപ്പം നാടന്‍ കറുകയും പാളപ്പുല്ലുമൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ബഫലോ ഗ്രാസ് എന്നാണ് നമ്മുടെ പാളപ്പുല്ലിന്റെ പരിഷ്‌കാരപ്പേര്്. പുല്ലിന്റെ പ്രധാന പ്രശ്‌നം വെള്ളവും വെളിച്ചവുമാണ്. തരക്കേടില്ലാത്ത വെയില്‍ കിട്ടണം. നല്ല നനയും വേണം. കഴിഞ്ഞ വര്‍ഷം വെള്ളത്തിന്റെ കാര്യത്തില്‍ പലരും പെട്ടുപോയി. തൊണ്ട നനയ്ക്കാന്‍ വെള്ളം ലിറ്ററിന് 20 രൂപ കൊടുത്ത് വാങ്ങേണ്ടിവന്നവരുടെയെല്ലാം വീട്ടുമുറ്റത്ത് പുല്ലുകള്‍ കരിഞ്ഞുണങ്ങിയെന്നു പറയേണ്ടതില്ലല്ലോ.പുല്‍ത്തകിടികള്‍ നനയ്ക്കുക എന്നത് വന്‍ നഗരങ്ങളെപ്പോലും അലട്ടുന്ന പ്രശ്‌നമാണ്. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച പുല്ലുകള്‍ വേനല്‍ക്കാലത്ത് അധികൃതര്‍ക്ക്് തലവേദനയാവുകയാണു പതിവ്. ഈ പ്രശ്‌നം ഇക്കഴിഞ്ഞ വേനലില്‍ കേരളവും ശരിക്ക് അനുഭവിച്ചു. വീട്ടുവളപ്പുകളില്‍ മാത്രമല്ല,  സ്ഥാപനങ്ങളുടെ അങ്കണത്തിലും റോഡിനു നടുവിലെ മീഡിയനുകളിലുമൊക്കെ പുല്ലുകള്‍ കരിഞ്ഞുണങ്ങി.മഴ കിട്ടിയതോടെ പലയിടത്തും ഇപ്പോള്‍ പുല്ലുകള്‍ വീണ്ടും വച്ചുപിടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്്. കഴിഞ്ഞ വേനലിന്റെ കാഠിന്യം നന്നായി അറിഞ്ഞ പൂന്തോട്ട കരാറുകാര്‍ ഇപ്പോള്‍ മറ്റൊരു തുറുപ്പുചീട്ട് പുറത്തെടുത്തിരിക്കുകയാണ്- പിന്റോ. ഇതാണ് ഇപ്പോള്‍ പലയിടത്തും ഗ്രൗണ്ട് കവറായി വച്ചുപിടിപ്പിക്കുന്നത്.നമ്മള്‍ വറുത്തുകഴിക്കുന്ന നിലക്കടലയുടെ കുടുംബാംഗമാണ് ഈ ചെടി. വളരെ പെട്ടെന്ന് പുല്‍ത്തകിടിപോലെ പടര്‍ന്നുപിടിക്കും. മണ്ണ് കണ്ണില്‍ നിന്ന് മറയ്ക്കും. ഇടയ്ക്കിടെ മഞ്ഞപ്പൂക്കളുമുണ്ടാവും. എന്നാല്‍, യഥാര്‍ഥ ബോണസ് ഇതൊന്നുമല്ല. വരള്‍ച്ചയെ നേരിടാനുള്ള ശേഷി. പുല്ലുകള്‍ പകച്ചുപോവുന്ന കൊടും വരള്‍ച്ചയിലും പിന്റോ പിടിച്ചുനില്‍ക്കും. വെയിലും വേണ്ട. അതുകൊണ്ട് വീട്ടുമുറ്റത്ത് ഇതു വച്ചുപിടിപ്പിക്കാന്‍ ആര്‍ക്കും മരം വെട്ടിക്കളയേണ്ടിവരില്ല.പരീക്ഷിച്ചുതുടങ്ങിയിട്ടേയുള്ളൂവെങ്കിലും നല്ല വിജയമാണെന്നാണ് തോട്ടക്കാര്‍ പറയുന്നത്്. ചുരുങ്ങിയ കാലംകൊണ്ട് ഈ ചെടി നമ്മുടെ നാട്ടില്‍ വ്യാപകമാവും. പലയിടത്തും പുല്‍ത്തകിടികള്‍ ഈ കടലച്ചെടിക്ക് വഴിമാറുമെന്ന് നിസ്സംശയം പറയാം. കാലാവസ്ഥാമാറ്റം വരുത്തുന്ന ഓരോരോ മാറ്റങ്ങളേ.വീട്ടുവളപ്പില്‍ സ്വന്തമായി പൂന്തോട്ടം വച്ചുപിടിപ്പിക്കാനൊന്നും ഇന്ന് അധികമാരും മിനക്കെടാറില്ല. എല്ലാം കരാറെടുത്ത്് ചെയ്യാന്‍ ഇന്ന് ആളുകളുണ്ട്. വീട് നിര്‍മാണത്തോടൊപ്പം ഉദ്യാന നിര്‍മാണവും ആരംഭിക്കും. ലാന്‍ഡ് സ്‌കേപിങ്് എന്നാണ് ഓമനപ്പേര്. ലാഭകരമായി നടന്നുവരുന്നൊരു ബിസിനസാണിത്്. പുല്ലും പനകളും ഉരുളന്‍കല്ലുകളുമൊക്കെ ഉപയോഗിച്ച് ഉദ്യാനപ്രതീതി സൃഷ്ടിക്കുകയാണു പരിപാടി. വന്‍കിട നഴ്‌സറിക്കാര്‍ ഈ രംഗത്തേക്കു കടന്നുവന്നിട്ടുണ്ട്. കേരളത്തില്‍ ഇതിന്റെയെല്ലാം കേന്ദ്രം തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക്് സമീപമുള്ള മണ്ണുത്തിയാണ്. കുടില്‍വ്യവസായംപോലെയാണ് അവിടെ നഴ്‌സറികള്‍. ഇവിടെനിന്നാണ് മറ്റു ജില്ലകളിലേക്ക് ഉദ്യാനസസ്യങ്ങള്‍ എത്തിക്കുന്നത്്.രസകരമായ ഒരുകാര്യം അവിടെയുള്ള ഒരു നഴ്‌സറി ജീവനക്കാരന്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്്. അവരുടെ പ്രധാന പ്രശ്‌നം മണ്ണുക്ഷാമമാണ്. ചട്ടിയിലും കവറിലുമൊക്കെ ചെടികള്‍ നടാന്‍ മണ്ണു വേണം. പക്ഷേ, മണ്ണ് കിട്ടാനില്ല. വില എത്ര കൊടുത്താലും ദിവസങ്ങള്‍ കാത്തിരിക്കണം. പലപ്പോഴും രാത്രിയില്‍ കള്ളക്കടത്തായാണ് മണ്ണ് ലോറിയില്‍ എത്തിക്കുകയത്രേ. മണ്ണുക്ഷാമം കാരണം പലരും ഇപ്പോള്‍ ചെടികള്‍ നടാന്‍ ഉപയോഗിക്കുന്നത്് ചകിരിച്ചോറാണ്. കേരളം എന്നാണല്ലോ നാടിന്റെ പേര്. അതുകൊണ്ട് കേരത്തിന്റെ ചകിരിക്കും ചകിരിച്ചോറിനും ക്ഷാമമുണ്ടാവില്ലല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ. സമീപഭാവിയില്‍ത്തന്നെ കേരവും കേരളത്തില്‍ ഇല്ലാതായി ചകിരിച്ചോറ് കിട്ടാനില്ലാത്ത സ്ഥിതി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സ്ഥലത്തിന്റെ പേര് ‘മണ്ണു’ത്തി എന്നായിട്ടും മണ്ണ് കിട്ടാനില്ല എന്നാണല്ലോ പരാതി!                                              ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day