|    Feb 25 Sat, 2017 7:35 pm
FLASH NEWS

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും

Published : 14th November 2016 | Posted By: SMR

എസ് ഷാജഹാന്‍

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് 5നാണ് മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നട തുറക്കുക. നാളെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. തുടര്‍ന്ന് പുതുതായി ചുതമലയേല്‍ക്കുന്ന മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ശബരിമല മേല്‍ശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയില്‍ ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി പുതുമന മനു നമ്പൂതിരിയും ചുമതലയേല്‍ക്കും. നിലവിലുള്ള മേല്‍ശാന്തിമാര്‍ ഒരു വര്‍ഷം അയ്യപ്പപൂജ ചെയ്ത സംതൃപ്തിയോടെ മലയിറങ്ങും. വൃശ്ചികം ഒന്നിനു രാവിലെ പുതിയ മേല്‍ശാന്തി നട തുറന്ന് ഗണപതി ഹോമത്തോടെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടനകാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് 40 ലക്ഷം വീതം അപ്പവും അരവണയും സ്‌റ്റോക്കുണ്ടാവും. ആവശ്യം വരുകയാണെങ്കില്‍ സന്നിധാനം മുതല്‍ പമ്പ വരെ വഴിപാട് വിതരണത്തിന് പ്രത്യേകം കൗണ്ടര്‍ തുറക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ 10 മിനിറ്റു നേരം നെയ്‌ത്തോണിയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനു നിലയ്ക്കലില്‍ ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ അന്നദാന കൗണ്ടറുകള്‍ തുറക്കും.  500, 1000 നോട്ടുകളുമായി വരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് സഹായം നല്‍കുന്നതിന് ക്ഷേത്രങ്ങളോട് ചേര്‍ന്ന് ഉപദേശക സമിതി കൗണ്ടര്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 2000ല്‍ അധികം പോലിസുകാരെ പമ്പയിലും സന്നിധാനത്തുമായി നിയോഗിക്കും. കേന്ദ്രസേനയും ഉണ്ടാവും. നിലയ്ക്കലില്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് സെക്ടറുകള്‍ തിരിച്ച് പാര്‍ക്കിങ് സംവിധാനം ഒരുക്കിയിടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായുള്ള സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രനും പമ്പയിലെ എമര്‍ജന്‍സി ഓപറേറ്റിങ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ 16ന് നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക