|    Dec 14 Fri, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും

Published : 16th November 2018 | Posted By: kasim kzm

പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്നു വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുക. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. ഡിസംബര്‍ 30ന് മകരവിളക്ക് ഉല്‍സവത്തിനായി നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.
അതേസമയം, യുവതികള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ നിലയ്ക്കലിലെത്തി. വനംവകുപ്പ് നിലയ്ക്കലില്‍ പ്രത്യേക ചെക്‌പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെ ഇലവുങ്കല്‍ വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22ന് അര്‍ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രതിഷേധത്തിനും അക്രമത്തിനും സാധ്യതയുള്ളതായി ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലിസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ഇന്നു രാവിലെ പത്തിനുശേഷമേ വാഹനങ്ങള്‍ കടത്തിവിടൂവെന്ന് പോലിസ് അറിയിച്ചു.
അതിനിടെ, യുദ്ധകാലാടിസ്ഥാനത്തില്‍ പമ്പയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം തീര്‍ത്ഥാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും പൂര്‍ണഫലം കണ്ടിട്ടില്ല. എന്നാല്‍, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ വാദം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss