|    Nov 18 Sun, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മണ്ഡലകാലത്ത് ശബരിമലയിലേക്ക് 550 സ്ത്രീകള്‍

Published : 10th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനു ശബരിമലയിലെത്താന്‍ 550ലധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തതായി പോലിസ് റിപോര്‍ട്ട്. പോലിസ് ഐടി സെല്‍ ശേഖരിച്ച കണക്ക് ഡിജിപിക്കു കൈമാറി.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ മേല്‍വിലാസം പോലിസ് പരിശോധിക്കും. ഒക്ടോബര്‍ 30നാണ് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങും ദര്‍ശനസമയ തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാവുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും.
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രിംകോടതി ഉത്തരവ് വന്നെങ്കിലും തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുനാളിനും നട തുറന്നെങ്കിലും സംഘപരിവാര പ്രതിഷേധം മൂലം സ്ത്രീകള്‍ക്കു സന്നിധാനത്തെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, സ്ത്രീപ്രവേശനം തടയാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ കാഡര്‍മാരെ മണ്ഡല-മകരവിളക്കുകാലത്ത് സന്നിധാനത്ത് എത്തിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായും സൂചനയുണ്ട്.
ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം 16 ലക്ഷത്തോളം പേര്‍ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് ലിങ്ക് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലിസ് വെബ്‌സൈറ്റുകളിലും ലഭ്യമാക്കിയിരുന്നു.
ശബരിമലയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സുരക്ഷയായിരുന്നു ചിത്തിര ആട്ടത്തിരുനാളിന് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പോലിസ് ഒരുക്കിയിരുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കിയെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കയറി ആചാരലംഘനം നടത്തിയ സാഹചര്യത്തില്‍ മണ്ഡല-മകരവിളക്കുകാലത്ത് സ്ത്രീപ്രവേശനത്തിന് സുരക്ഷയൊരുക്കുക പോലിസിന് കീറാമുട്ടിയാവും. തീര്‍ത്ഥാടനം തുടങ്ങാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ വലിയ വെല്ലുവിളിയാണ് പോലിസിന് മുന്നിലുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss