|    Jun 18 Mon, 2018 3:26 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു

Published : 18th October 2015 | Posted By: TK

ഡോ. സി കെ അബ്ദുല്ല/അഖ്‌സയില്‍ ഇസ്രായേല്‍ കൈയേറ്റം 2

ഇസ്രായേല്‍ പതിവു മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അവരുടെ ഓരോ നീക്കവും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കുകയാണ്. രക്തസാക്ഷികള്‍ വര്‍ധിക്കുന്നത് ഫലസ്തീനികള്‍ക്ക് കൂടുതല്‍ ആവേശമാവുമ്പോള്‍ ഇസ്രായേലികള്‍ കൂടുതല്‍ ഭയവിഹ്വലരാവുന്നു. ഫലസ്തീനികളുടെ കത്തിപ്രയോഗം അനധികൃത കുടിയേറ്റക്കാരില്‍ സൃഷ്ടിച്ച ഭയം നിമിത്തം ആയുധം കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാന്‍ നിരുപാധികം അനുമതികൊടുത്തിരിക്കയാണ് സര്‍ക്കാര്‍. അതിന്റെ തിരിച്ചടിയും അവര്‍ക്കു തന്നെ. കണ്ടാല്‍ അറബ് വംശജനാണെന്നു തോന്നുന്ന ഇസ്രായേല്‍ ജൂതനെ ജൂതന്മാര്‍ തന്നെ തെരുവില്‍  ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഫലസ്തീനി പെണ്ണുങ്ങളെ കണ്ടാല്‍പ്പോലും കുടിയേറ്റ ജൂതര്‍ ഭയന്നോടുകയോ വിഭ്രാന്തിയോടെ ആക്രമിക്കുകയോ ചെയ്യുന്നു. ഈയിടെ ഹമാസ് ഹിബ്രു ഭാഷയില്‍ ഇറക്കിയ ഒരു വീഡിയോ ആല്‍ബം ഇസ്രായേലികളുടെ ഉറക്കംകെടുത്തി. ‘ഞങ്ങള്‍ ദൈവത്തിന്റെ സൈന്യം’ എന്നു തുടങ്ങുന്ന പാട്ട് ചെറുത്തുനില്‍പ്പിനെ വാഴ്ത്തുന്നത് സ്വന്തം ഭാഷയില്‍ കേട്ടപ്പോള്‍ ‘ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം ജനത’ എന്ന പൊട്ടത്തരം വിശ്വസിച്ചു നടക്കുന്ന ഇസ്രായേലികള്‍ വിരണ്ടുപോയി. യൂട്യൂബ് അധികൃതരില്‍ സമ്മര്‍ദ്ദംചെലുത്തി അതു നീക്കം ചെയ്തിരിക്കയാണിപ്പോള്‍.

ഒരുമാസത്തോളമായി നടക്കുന്ന പുതിയ ജനകീയ പ്രതിരോധം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ അനുകൂല സാഹചര്യം ഫലസ്തീനിലും അറബ് ലോകത്തും നിലവിലില്ലെന്നത് ഖേദകരമാണ്. ഗസയില്‍നിന്നു പ്രതിരോധം വ്യാപിക്കുന്നതു തടയാന്‍ ഇസ്രായേല്‍ കാലേക്കൂട്ടി ഗസ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. 1987ലും 2000ലും നടന്ന ഒന്നും രണ്ടും ഇന്‍തിഫാദകള്‍ക്ക് അറബ് മുസ്‌ലിം ലോകത്ത് പൊതുജനങ്ങള്‍ക്കു പുറമെ ചില രാഷ്ട്രീയനേതൃത്വങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ഫലസ്തീനിലെ ആഭ്യന്തരപ്രസ്ഥാനങ്ങള്‍ മിക്കതും ആ മുന്നേറ്റങ്ങളെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2006ല്‍ ഹമാസ് ഭരണത്തില്‍ വന്നപ്പോള്‍ ഇസ്‌ലാമിക മുന്നേറ്റത്തെ ഭയപ്പെടുന്ന എല്ലാവരും ചേര്‍ന്നു നടത്തിയ അട്ടിമറിയെ തുടര്‍ന്ന് സംജാതമായ ആഭ്യന്തരഭിന്നത നിലനില്‍ക്കുന്നു.

അറബ് മുസ്‌ലിം ലോകത്തെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഇപ്പോള്‍ ഫലസ്തീനിലേക്കു തിരിഞ്ഞുനോക്കാന്‍ സാധ്യതയില്ലെന്ന് ഇസ്രായേല്‍ കണക്കുകൂട്ടുന്നു. ഒന്നിലധികം തവണ ഇസ്രായേലിനെ മുട്ടുകുത്തിച്ച ലബ്‌നാനിലെ ഹിസ്ബുല്ല സിറിയന്‍ സംഘര്‍ഷത്തില്‍ എതിര്‍കക്ഷിയായതോടെ ഒറ്റപ്പെട്ടിരിക്കുന്നു. ‘ഇസ്രായേലിന് ഈജിപ്തുകാരുടെ ദാനം’ എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്ന അബ്ദുല്‍ ഫതാഹ് സീസിയുടെ സര്‍ക്കാരാണ് അപ്പുറത്തുള്ളത്. ചെറുത്തുനില്‍പ്പുകാര്‍ റഫ അതിര്‍ത്തിയില്‍ ഉപയോഗിച്ചിരുന്ന തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം തിരിച്ചുവിടുന്ന തിരക്കിലാണവര്‍. അഖ്‌സയുടെ പരിപാലന ചുമതല ജോര്‍ദാനിലെ ഔഖാഫ് മന്ത്രാലയത്തിനാണ്. എന്നാല്‍, അഖ്‌സ ചെറുത്തുനില്‍പ്പിന് അഭിവാദ്യമര്‍പ്പിച്ച് അമ്മാന്‍ നഗരത്തില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെപ്പോലും അറസ്റ്റ് ചെയ്യുകയാണ് ഭരണകൂടം.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്ന തുര്‍ക്കിയും ചില ഗള്‍ഫ് നാടുകളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട് മൗനികളാക്കപ്പെട്ടിരിക്കുന്നു. ഈയിടെ തുര്‍ക്കി തലസ്ഥാനത്തു നടന്ന ഇരട്ട സ്‌ഫോടനങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ രാജ്യത്ത് നടക്കാന്‍പോവുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ അട്ടിമറിവിജയം മാത്രം ലക്ഷ്യം വച്ചുള്ളതല്ല. തന്‍സീമുദ്ദൗലതുല്‍ ഇസ്‌ലാമിയ്യ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് സ്‌റ്റേറ്റ്) പോലുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്നു. തന്‍സീമുദ്ദൗലയെ തുരത്താനെന്ന പേരില്‍ സിറിയയില്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ വ്യോമസേന യഥാര്‍ഥത്തില്‍ തന്‍സീമുദ്ദൗലയെ ലക്ഷ്യമിടുന്നില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി വിളിച്ചുപറഞ്ഞതിനടുത്ത ദിവസമായിരുന്നു അങ്കറയിലെ ഇരട്ട സ്‌ഫോടനമെന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നവസാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയ്ക്കും റഷ്യക്കും വേണ്ടി പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധങ്ങളില്‍ ശത്രുവിന്റെ ശത്രുവും അവരുടെ ശത്രുവുമെല്ലാം സഹകരിച്ചു രംഗത്തുണ്ട്. തന്‍സീമുദ്ദൗല പോലുള്ള സംഘങ്ങളുടെ മുന്നേറ്റവും അവരെ പിന്തുണച്ചവര്‍ തന്നെ പങ്കാളികളായി അവര്‍ക്കെതിരേ രൂപപ്പെട്ട യുദ്ധസഖ്യങ്ങളും അമേരിക്കന്‍ പരിശീലനം കിട്ടിയ പോരാട്ടക്കാരുടെ ഒളിച്ചോട്ടവുമടക്കം വിവിധ രംഗങ്ങള്‍ അരങ്ങേറുന്നു. ആക്രമണലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിന് തങ്ങള്‍ക്ക് ഇസ്രായേലിന്റെ ഇന്റലിജന്‍സ് സഹായം ഉണ്ടെന്നു റഷ്യ. ഒപ്പം, സിറിയയില്‍ നിയുക്തരായ റഷ്യന്‍ സൈന്യത്തിലെ ഉന്നതര്‍ ഇസ്രായേല്‍ സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് തെല്‍അവീവില്‍ പോവുന്ന റിപോര്‍ട്ടുകള്‍. തന്‍സീമുദ്ദൗല അസദിനു ഭീഷണി സൃഷ്ടിക്കാത്തതിനാല്‍ അവരെ റഷ്യന്‍സേന ലക്ഷ്യമിടാത്തതില്‍ അദ്ഭുതമില്ലെന്നു ജബ്ഹത്തുന്നുസ്ര. തന്‍സീമുദ്ദൗലയില്‍നിന്ന് അസദിനെ രക്ഷിക്കാന്‍ വന്ന റഷ്യന്‍ പോര്‍വിമാനങ്ങള്‍ സിറിയയില്‍ വട്ടമിട്ടുപറക്കുമ്പോള്‍ തന്നെ അവരുടെ ഖിലാഫത്ത് ചവറ്റുകൂനകള്‍ മാത്രം ബാക്കിയായ അലപ്പോ നഗരത്തിന്റെ കവാടത്തിലെത്തിയിട്ടുമുണ്ട്.  മിക്കവരും സിറിയയില്‍ ഇസ്‌ലാമിക ആഭിമുഖ്യമുള്ള ഭരണമാറ്റം വരുന്നതിനെയാണ് എതിര്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല.

ഈ കലുഷിത സാഹചര്യം മുതലെടുത്ത് ഇസ്രായേല്‍ അഖ്‌സ കൈയടക്കുമ്പോള്‍ രാജകല്‍പ്പനകളുടെ അഭാവം നിമിത്തം ഔദ്യോഗിക, പണ്ഡിത, രാഷ്ട്രീയ പ്രസ്താവനകള്‍ ഒന്നുമിറങ്ങുന്നില്ല. ദോഷംപറയരുതല്ലോ, കഴിഞ്ഞ വെള്ളിയാഴ്ച ദമസ്‌കസിലെ പ്രസിദ്ധമായ ഉമവിയ്യ മസ്ജിദിലെ (മസ്ജിദുല്‍ അഖ്‌സ വികസിപ്പിച്ചവര്‍ സ്ഥാപിച്ചത്) ഖതീബ് മഅമൂന്‍ റഹ്മയുടെ ഖുതുബ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് ഡെഡിക്കേറ്റ് ചെയ്തിരുന്നു.

അറബ് ലോകത്ത് സുസ്ഥിതി കൈവന്നിട്ട് അഖ്‌സ മോചിപ്പിക്കപ്പെടുകയില്ലെന്നു നല്ലപോലെ അറിയാവുന്ന ഫലസ്തീന്‍ ജനത ജനകീയ ചെറുത്തുനില്‍പ്പ് വ്യാപകമാക്കിയിരിക്കുന്നു. തങ്ങളുടെ ഭൂമിയും പുണ്യകേന്ദ്രങ്ങളും തട്ടിയെടുത്ത് സുഖിക്കുന്നവര്‍ക്കെതിരെ ഖുദ്‌സിലും വെസ്റ്റ്ബാങ്കിലും ഗസയിലും യുവത കൈയില്‍ കിട്ടിയ കത്തിയും കല്ലുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഈ മാസം തുടക്കം മുതല്‍ ഇന്നുവരെ 40 രക്തസാക്ഷികളെ അവര്‍ നല്‍കി. 4600ലധികം പേര്‍ക്ക് പരിക്കുപറ്റി. അതില്‍ 500ലധികവും വെടിയേറ്റവരാണ്. ചെറുത്തുനില്‍പ്പ് വ്യാപകമാക്കാന്‍ ഹമാസ്, അല്‍ജിഹാദുല്‍ ഇസ്‌ലാമി, ഫലസ്തീന്‍ പോപുലര്‍ ഫ്രണ്ട് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ആഹ്വാനംചെയ്തിട്ടുണ്ട്.

ഫത്ഹ് പോലുള്ള ഔദ്യോഗികപ്രസ്ഥാനങ്ങളുടെ ഭാഗമായ യുവത തിട്ടൂരങ്ങള്‍ക്കു കാത്തുനിന്നില്ല. വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും സയണിസ്റ്റ് ജൂതര്‍ക്ക് പേടിസ്വപ്‌നം തീര്‍ക്കുന്നവരില്‍ വലിയൊരളവും ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമല്ലാത്തവരാണ്. ഇസ്രായേലിനകത്ത് ഗ്രീന്‍ലൈനില്‍ വസിക്കുന്ന അറബ് വംശജരും അവരുടെ ജനപ്രതിനിധികളും ജനകീയ പ്രതിരോധത്തിനു പിന്തുണയുമായി മാര്‍ച്ച് നടത്തുന്നുണ്ട്.              (അവസാനിച്ചു.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss