|    Feb 20 Mon, 2017 11:35 pm
FLASH NEWS

മണി മന്ത്രിയായി; ഇനിയെന്ത്?

Published : 22nd November 2016 | Posted By: SMR

അങ്ങനെ ഇടുക്കിയുടെ പടനായകന്‍ എം എം മണി മന്ത്രിയായി. സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റില്‍ മന്ത്രിസഭയില്‍ ഇടം കിട്ടാതെനിന്ന മണിയാശാനും മന്ത്രിയായതോടെ പാര്‍ട്ടിനേതൃത്വത്തില്‍ മന്ത്രിക്കസേരയില്‍ ഇരുന്ന് ജനസേവനം നടത്താന്‍ അവസരം നിഷേധിക്കപ്പെട്ട അവസാനത്തെ ആള്‍ക്കും മോക്ഷമായി.
മണി വൈദ്യുതി വകുപ്പാണ് കൈകാര്യം ചെയ്യുക എന്നാണ് അറിയുന്നത്. കേരളത്തിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ വലിയ പങ്കും വരുന്നത് ഇടുക്കി അണക്കെട്ടില്‍ നിന്നായതുകൊണ്ട് ഇടുക്കിക്കാരന്‍ തന്നെ വകുപ്പുമന്ത്രിയായതു നന്നാെയന്ന മട്ടിലുള്ള ചില വര്‍ത്തമാനങ്ങള്‍ കേട്ടു. അതു തമാശയായി തള്ളാമെങ്കിലും കേരളത്തിലെ തൊഴിലാളി-കര്‍ഷകാദി അടിസ്ഥാന വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ മന്ത്രിസഭയിലേക്കു വരുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.
എന്നാല്‍, മണിയുടെ മന്ത്രിസഭാ പ്രവേശനം തീരുമാനിച്ച അതേ സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടിയിലെ പുതിയ പടലപ്പിണക്കങ്ങളുടെയും ആഭ്യന്തര സംഘട്ടനങ്ങളുടെയും തിരപ്പുറപ്പാടും കൂടി പ്രത്യക്ഷപ്പെടുകയുണ്ടായെന്ന വസ്തുതയും കാണാതിരുന്നുകൂടാ. വി എസ് അച്യുതാനന്ദനെ ഒതുക്കിയ ശേഷം കേരളത്തിലെ സിപിഎമ്മില്‍ എതിര്‍ശബ്ദങ്ങള്‍ താരതമ്യേന ഇല്ലാതായ സമയത്താണ് പുതിയ പ്രതിസന്ധികള്‍ പൊട്ടിപ്പുറപ്പെടുന്നത്. പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ നിന്നുതന്നെയാണ് പുതിയ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് എന്നതും ചിന്തനീയമാണ്.
പരാതികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജനെ പാര്‍ട്ടി പുറംകാല്‍ കൊണ്ട് തൊഴിച്ചു പുറത്താക്കിയെന്ന പ്രതീതിയാണ്. ജയരാജന്‍ കുടുംബക്കാര്‍ക്ക് ഔദ്യോഗിക പദവികള്‍ വീതിച്ചുനല്‍കിയത് പാര്‍ട്ടിക്കകത്തുതന്നെ പരാതിക്ക് ഇടയാക്കിയ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു അന്വേഷണം നടത്തി തന്റെ പേരിലുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നു സ്ഥാപിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ജയരാജനും പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും കഴിഞ്ഞുകൂടിയിരുന്നത്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് വീണ്ടും കരുത്തരായി തിരിച്ചുവരാമെന്ന പ്രതീക്ഷയാണ് അവര്‍ പുലര്‍ത്തിയത്.
പക്ഷേ, അതിന് അവസരം നല്‍കാതെ പുതിയ ഒരംഗത്തെ മന്ത്രിസഭയിലേക്ക് എടുക്കുന്നതും വകുപ്പുകള്‍ പുനര്‍വിഭജിക്കുന്നതും ജയരാജന്റെ തിരിച്ചുവരവ് അസാധ്യമാക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അതില്‍ അതിരുകവിഞ്ഞ താല്‍പര്യമെടുത്തു എന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്.
അത് അസംബന്ധമാെണന്നു തീര്‍ച്ച. കാരണം, കേന്ദ്ര കമ്മിറ്റി ജയരാജന്റെ വീഴ്ച മാപ്പാക്കിക്കൊടുക്കാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല. കളങ്കിതനായ ഒരാളെ വീണ്ടും വ്യവസായ വകുപ്പില്‍ അവരോധിക്കാനും പാര്‍ട്ടിക്കു സാധ്യമല്ല. പക്ഷേ, വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും പാര്‍ട്ടിക്കകത്ത് പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക