|    Feb 25 Sat, 2017 10:33 am
FLASH NEWS

മണി ഫാന്‍സ് അസോസിയേഷനും തടയണയും

Published : 20th December 2016 | Posted By: SMR

 ഡോ. എസ് അബ്ദുല്‍ ഖാദര്‍

വിനയത്തോടെയാണ് ചെറുപ്പക്കാര്‍ മുറിയില്‍ കയറിയത്. ക്ലീന്‍ ഷേവ് ചെയ്ത് ജീന്‍സ് ധരിച്ചയാള്‍ ലാപ്‌ടോപ്പ് കരുതിയിരുന്നു. സാധാരണ വേഷത്തിലുള്ളയാള്‍ കുറ്റിരോമം നിറഞ്ഞ താടിയില്‍ തടവി വന്ന കാര്യം പറഞ്ഞു: ”സര്‍, ഞങ്ങള്‍ ട്രിപ്പിള്‍ എം ഫാന്‍സ് പ്രവര്‍ത്തകരാണ്.”
എന്റെ സംശയം ദൂരീകരിക്കാനെന്ന മട്ടില്‍ അയാള്‍ വിശദീകരിച്ചു: ”ഓള്‍ കേരള എം എം മണി ഫാന്‍സ് അസോസിയേഷന്‍. ജനകീയനും ആരാധ്യനുമായ എം എം മണിയുടെ ചിന്തകളും പ്രസംഗങ്ങളും ജനഹൃദയത്തിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ചേര്‍ത്തലയാണ് സര്‍ ഇപ്പോഴിതിന്റെ പ്രഭവകേന്ദ്രം. താമസിയാതെ കേരളം മുഴുവനും ഈ മണിയൊച്ച മുഴങ്ങും. സര്‍ അങ്ങയുടെ എല്ലാവിധ സഹായസഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”
ലാപ്പില്‍ കരുതിവച്ചിരുന്ന മണിയുടെ പ്രസംഗത്തിന്റെ സിഡി അവര്‍ കാണിച്ചു. മണിയും മൈക്കും ലാപ് സ്‌ക്രീനില്‍ തെളിഞ്ഞുവന്നു. മണിയുടെ മണിമണിയായ ശബ്ദം.
”വണ്‍, ടു, ത്രി, ഫോര്‍… ഒന്നിനെ വെടിവച്ചു… ഒന്നിനെ വെട്ടി… ഒന്നിനെ കുത്തി” അവര്‍ വിശദീകരണം തുടര്‍ന്നു. മണിയും മൈക്കും സ്‌ക്രീനില്‍ സാക്ഷിയായി നിന്നു.
”ഇതാണ് സര്‍ സത്യസന്ധതയും ചങ്കൂറ്റവും. എത്രപേര്‍ക്ക് ഇങ്ങനെ പറയാനാവും സര്‍. കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇതിന്റെയെല്ലാം മൂലകാരണം. നട്ടുനനച്ച് പ്രതീക്ഷയോടെ വളര്‍ത്തുന്ന കൃഷി ഒറ്റരാത്രികൊണ്ട് കാട്ടുപന്നികളും കാട്ടാനകളും നശിപ്പിച്ച് നാനാവിധമാക്കും. പിന്നെ ഒരു രക്ഷയുമില്ല സര്‍. വെടിവച്ചും വെട്ടിയും കുത്തിയും കൊല്ലുക മാത്രമേ രക്ഷയുള്ളൂ. ഇതാണു സര്‍ സംഭവം.” അയാള്‍ പറഞ്ഞു നിര്‍ത്തി. കുറ്റിത്താടിയിലൂടെ വിരലോടിച്ച് പ്രതികരണത്തിനായി സാകൂതം ചെവിയോര്‍ത്ത് അയാള്‍ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി. പള്ളിമണി കേട്ടിട്ടും തിരിഞ്ഞുനടക്കുന്ന അവിശ്വാസിയെപ്പോലെ ഞാന്‍ നെറ്റിചുളിച്ച് സംശയം ആവര്‍ത്തിച്ചു: ”ഈ പത്രങ്ങളായ പത്രങ്ങളും ടിവി ചാനലുകളും പറയുന്ന കാര്യങ്ങള്‍ വെറുതെയാണോ?”
”വിഎസിന്റെ പ്രയോഗമാണ് സര്‍ അതിനുള്ള തക്ക മറുപടി. ശുദ്ധ ഭോഷ്‌ക്, വെറും ശുംഭത്തരം.” അയാള്‍ തുടര്‍ന്നു.
”സര്‍, 40 വര്‍ഷങ്ങളിലേറെയായി ഇടുക്കിയിലെ മലമടക്കുകളില്‍ മണിയാശാന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മൂന്നാറിലെയും ചിന്നക്കനാലിലെയും തോട്ടങ്ങളിലെ മഞ്ഞും വെയിലുമേറ്റ് കരുവാളിച്ച പ്രാക്തന ദ്രാവിഡ സംസ്‌കൃതിയുടെ ആള്‍രൂപം. പൂച്ച മൂന്നായാലും പുലി രണ്ടായാലും കീഴ്‌പ്പെടുത്തി മണികെട്ടാനുള്ള ചങ്കുറപ്പ്. ആദി ദ്രാവിഡ വാമൊഴിയും ചെന്തമിഴും ചേര്‍ന്ന മണിപ്രവാളം. ഏതു കൊലകൊമ്പനെയും മുട്ടുകുത്തിച്ച് ജണ്ടയ്ക്കുള്ളിലാക്കി മണിച്ചിത്രത്താഴിട്ട് പൂട്ടിയ ചരിത്രം. ഏതു സിനിമാതാരത്തെയും വെല്ലുന്ന നടന വൈഭവം. ഏതു റിയാലിറ്റി ഷോയില്‍ മല്‍സരിച്ചാലും എതിരാളിയെ ഫഌറ്റാക്കുന്ന മിമിക്രി പാടവം. പുതിയ പുതിയ പദസമ്പത്തും ശൈലീപ്രയോഗങ്ങളും മലയാണ്മയ്ക്ക് സമ്മാനിച്ച മണിമുത്ത്. ഇങ്ങനെ വ്യത്യസ്തനായ മണിയാശാനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല സര്‍.”
അയാള്‍ ഒറ്റശ്വാസത്തില്‍ കൂട്ടമണിപോലെ തുടരുമ്പോഴും ഞാന്‍ സംശയം മറച്ചുവച്ചില്ല.
”ഇപ്പോള്‍ അവസാനമായി സെക്രട്ടറിസ്ഥാനം കൈയൊഴിയുമ്പോള്‍ കൊലക്കുറ്റത്തിന് അറസ്റ്റുണ്ടാവുമെന്നാണല്ലോ കേള്‍ക്കുന്നത്.”
”ഒലത്തും…” ജീന്‍സ് ധാരിയാണ് മറുപടി പറഞ്ഞത്. അയാള്‍ തുടര്‍ന്നു: ”സര്‍ തടയണ എന്നു കേട്ടിട്ടുണ്ടോ? കൂലംകുത്തിപ്പായുന്ന ഏത് കുത്തൊഴുക്കും തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഇടുക്കിയുടെ പ്രത്യേക പദ്ധതി. മൂന്നാറിലെ ടാറ്റയുടെ തടയണ പത്രങ്ങളില്‍ നിറഞ്ഞുനിന്നത് സര്‍ ഓര്‍ക്കുന്നുണ്ടോ. അവസാനം കേസും വഴക്കുമായി കോടതി വരെ എത്തി. മാസം രണ്ടുമൂന്ന് കഴിഞ്ഞപ്പോള്‍ എല്ലാവരും റ്റാറ്റാ പറഞ്ഞു പിരിഞ്ഞു. മൂന്നാറിലും ചിന്നക്കനാലിലും എലികള്‍ പെറ്റുപെരുകി. പൂച്ചകള്‍ നാലുപാടും ഓടി രക്ഷപ്പെട്ടു. എല്ലാ അഗ്നിപര്‍വതങ്ങളും അങ്ങനെ പൊട്ടിയൊഴുകി കെട്ടടങ്ങും സര്‍.” അയാള്‍ ഒന്നു നിര്‍ത്തി ചിരിച്ചു.
”മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി? അകലങ്ങളിലെ മണിമുഴക്കം. ഇതിലേത് വാചകമാണ് സാറിന്റെ അഭിപ്രായത്തില്‍ മണി ഫാന്‍സ് അസോസിയേഷന് ചേരുന്ന സ്ലോഗന്‍.” ചെറുപ്പക്കാര്‍ ചിരിച്ചുകൊണ്ട് ലാപ്‌ടോപ്പ് ടേണ്‍ ഓഫ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക