|    Oct 23 Mon, 2017 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മണിലാലിന്റെ കുടുംബാംഗങ്ങളെ കണ്ടത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ട്: പി എ മാധവന്‍

Published : 1st June 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍ റിജേഷിനെയും അമ്മയെയും താന്‍ നേരിട്ടുകണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് മുന്‍ മണലൂര്‍ എംഎല്‍എ പി എ മാധവന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിന്റെ തൃശൂര്‍ ജില്ലയിലെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായി ഉമ്മന്‍ചാണ്ടി തൃശൂര്‍ ടൗണ്‍ഹാളിലെത്തിയ ദിവസമാണ് ആദ്യമായി റിജേഷിനെയും അമ്മയെയും താന്‍ നേരില്‍ കാണുന്നത്. റിജേഷ് മൂന്നുപ്രാവശ്യം തന്നെ കാണാന്‍ വരുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഒരു തവണ രണ്ടായിരം രൂപ റിജേഷിന് കൊടുത്തിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട പ്രകാരം മല്‍സ്യത്തൊഴിലാളി ഓഫിസിന്റെ താഴെയെത്തിയ റിജേഷിനും അമ്മയ്ക്കും പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപ കൊടുത്തശേഷം പൊയ്‌ക്കൊള്ളാന്‍ ആവശ്യപ്പെട്ടു. പീന്നീട് മാസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയപ്പോള്‍ വീട്ടിനകത്തേക്ക് കയറാനനുവദിക്കാതെ പറഞ്ഞുവിടുകയും ചെയ്തു. റിജേഷിനെയും അമ്മയെയും സഹായിക്കണമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് നിര്‍ദേശം കിട്ടിയിട്ടും അവരെ ആവശ്യമെന്തെന്നു പോലും ചോദിക്കാതെ രണ്ടായിരം രൂപ കൊടുത്ത് ഒഴിവാക്കാന്‍ നോക്കി എന്ന മാധവന്റെ മൊഴി അപലപനീയമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാധവന്റെ നടപടി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാനാവത്തതാണെന്നും നിരുത്തരവാദപരമായി പെരുമാറിയത് ശരിയായില്ലെന്നും ജസ്റ്റിസ് ജി ശിവരാജന്‍ വിമര്‍ശിച്ചു.
മണിലാലിന്റെ ജാമ്യത്തിനായി സഹോദരന്‍ റിജേഷുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങളിലുള്ളത് തന്റെ ശബ്ദം തന്നെയാണന്നും മാധവന്‍ വ്യക്തമാക്കി. തന്റെതന്നെ ശബ്ദമാണെന്ന് സമ്മതിച്ചെങ്കിലും റിജേഷുമായി നടത്തുന്ന സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും അപൂര്‍ണമാണെന്നും പി എ മാധവന്‍ വ്യക്തമാക്കി. റിജേഷ് ഉമ്മന്‍ചാണ്ടിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വാസുദേവ ശര്‍മയുമായും സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കമ്മീഷന്‍ മാധവനെ കേള്‍പ്പിച്ചു. റിജേഷും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തുന്ന സംഭാഷണങ്ങളില്‍ സോളാറിനെയും സരിതയേയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടിയുടെയും വാസുദേവ ശര്‍മയുടെയും ശബ്ദത്തോട് സാമ്യമുള്ളതാണ് സിഡിയിലെ ശബ്ദമെന്ന് മാധവന്‍ വ്യക്തമാക്കി.
2015 മാര്‍ച്ച് 5ന് കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയ സുനില്‍കുമാര്‍ എംഎല്‍എയാണ് ഈ ശബ്ദരേഖകളുടെ സിഡി കമ്മീഷനില്‍ ഹാജരാക്കിയിരുന്നത്. ആദ്യം തൃശൂര്‍ ടൗണ്‍ ഹാളില്‍വച്ച് റിജേഷും അമ്മയും ഉമ്മന്‍ചാണ്ടിയോട് എന്തോ സംസാരിക്കുന്നതുകണ്ടുവെന്ന് പി എ മാധവന്‍ കമ്മീഷനില്‍ മൊഴിനല്‍കി. അവരെ കഴിയുന്നതുപോലെ സഹായിക്കണമെന്ന് തന്നോട് പറഞ്ഞ് അദ്ദേഹം കാറില്‍ കയറി പോയി.
സോളാര്‍ കേസുമായോ അതിലെ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മാധവന്‍ മൊഴി നല്‍കി. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ ജയിലില്‍ കിടക്കുന്നത് എന്ന് റിജേഷ് തന്നോട് പറഞ്ഞിരുന്നില്ല. മണിലാലിനെ ജയിലില്‍ നിന്നിറക്കാന്‍ താന്‍ 50,000 രൂപ നല്‍കിയിട്ടില്ലെന്നും പി എ മാധവന്‍ മൊഴി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക