|    Jun 19 Tue, 2018 8:24 am

മണിയാറന്‍കുടി-കൊക്കരക്കുളം റോഡ് പൂര്‍ണമായും തകര്‍ന്നു

Published : 30th January 2017 | Posted By: fsq

 

ചെറുതോണി: ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോവുന്ന മണിയാറന്‍കുടി മുസ്്‌ലിംപള്ളി-വാസുപ്പാറ -കൊക്കരക്കുളം റോഡ് പൂര്‍ണമായും തകര്‍ന്നു. റീ ടാറിങ് നടത്താന്‍ കരാര്‍ ഏറ്റെടുത്തയാള്‍ മെറ്റീരിയലുകള്‍ ഇറക്കിയെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും നിര്‍മ്മാണമാരംഭിച്ചിട്ടില്ല. ഇപ്പോള്‍ വാഹന ഗതാഗതവും നിലച്ചിരിക്കയാണ്. ജില്ലാപഞ്ചായത്ത് മുന്‍ ഭരണ സമിതി 10 ലക്ഷം രൂപ റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നു.  കമ്മിറ്റി രൂപീകരിച്ച് ചെയര്‍മാന്റെയും കണ്‍വീനറിന്റെയും പേരില്‍ ജില്ലാ പഞ്ചായത്തില്‍ എഗ്രിമെന്റ് വക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപക്കുമുകളില്‍ ഇ ടെണ്ടര്‍ നടപടിയിലൂടെയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവു എന്ന് സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ എഗ്രിമെന്റ് റദ്ദാക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് 17 ശതമാനം കുറഞ്ഞ തുകയില്‍ കരിമ്പന്‍ സ്വദേശിയായ കരാറുകാരന്‍ വര്‍ക്ക് ഏറ്റെടുത്ത് എഗ്രിമെന്റ് വച്ചു. 2016 ഡിസംബര്‍ പകുതിയോടെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും  ചെയ്തു. സോളിംഗും മെറ്റലും റോഡില്‍ ഇറക്കി. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും റോഡിന്റെ ജോലികള്‍ ആരംഭിച്ചിട്ടില്ല. ടാറിങിനായി റോഡ് ഇളക്കുക കൂടി ചെയ്തതിനാല്‍ പൊടിപടലങ്ങളാല്‍ ഇതുവഴി കാല്‍നട യാത്രപോലും ദുഷ്‌ക്കരമായിരിക്കയാണ്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ പോലും വരാത്ത സ്ഥിതിയിലാണിപ്പോള്‍. സ്‌കൂള്‍ കുട്ടികളും വൃദ്ധരുമെല്ലാം ഇതുവഴി യാത്രചെയ്യാനാകാതെ വലയുകയാണ്. റോഡു നിര്‍മ്മാണം തടസപ്പെട്ടതോടെ പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമര പരിപാടികള്‍ തീരുമാനിച്ചിരിക്കയാണ്. ഇതിനിടെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തി ല്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.ഇതിനിടെ കരാറുകാരന്‍ റോഡിന്റെ നിര്‍മ്മാണത്തിനിറക്കിയിരിക്കുന്ന മെറ്റീരിയല്‍സ് തിരികെ കൊണ്ടുപോകാനും നീക്കമുണ്ട്.ബഹു വര്‍ഷ പദ്ധതിയായതിനാല്‍ റോഡിന്റെ ടാറിംഗ് നടത്താനാകില്ലെന്ന മറുപടിയാണ് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ചത്. 10 ലക്ഷത്തിന് കരാര്‍ വച്ച റോഡിന് ഇപ്പോള്‍ അഞ്ചുലക്ഷം രൂപയേ ഉള്ളുവെന്നാണ് ജില്ലാ പഞ്ചായത്തില്‍ നിന്നറിയിച്ചിരിക്കുന്നതെന്നും ആക്ഷ ന്‍ കൗണ്‍സില്‍ ഭരവാഹികള്‍ പറഞ്ഞു.അടിയന്തിരമായി റോഡ് ടാര്‍ ചെയ്തില്ലെങ്കില്‍ പ്രദേശവാസികള്‍ ജില്ലാ പഞ്ചായത്താഫിസില്‍ നിരാഹാരമിരിക്കുമെന്ന് ആക്ഷന്‍ കൗ ണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss