|    Dec 18 Mon, 2017 4:10 pm
Home   >  Todays Paper  >  Page 1  >  

മണിയന്‍പിള്ള വധം: ആട് ആന്റണിക്ക് ജീവപര്യന്തം; 15 വര്‍ഷത്തെ തടവും പ്രത്യേകമായി അനുഭവിക്കണം

Published : 28th July 2016 | Posted By: SMR

കൊല്ലം: പോലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവും നാലുലക്ഷം രൂപ പിഴയും. ഇതിനു പുറമെ വിവിധ വകുപ്പുകളിലായി 15 വര്‍ഷത്തെ തടവ് പ്രത്യേകമായി അനുഭവിക്കണം. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യുവാണു ശിക്ഷാവിധി പ്രഖ്യാപിച്ചത്.
എഎസ്‌ഐ ജോയിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 10 വര്‍ഷമാണു തടവ്. കൂടാതെ വധശ്രമം, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കേസുകളില്‍ അഞ്ചുവര്‍ഷം കൂടി തടവനുഭവിക്കണം. ഇതോടെ പ്രതിക്ക് 25 വര്‍ഷത്തെ തടവില്‍ കഴിയേണ്ടിവരും.
പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ മണിയന്‍പിള്ളയുടെ ആശ്രിതര്‍ക്കും രണ്ടുലക്ഷം കുത്തിപ്പരിക്കേല്‍പ്പിച്ച എഎസ്‌ഐ ജോയിക്കും നല്‍കണം. ഇതിനുപുറമെ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം മണിയന്‍പിള്ളയുടെ ആശ്രിതര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരിക്കേല്‍പ്പിക്കല്‍, കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടല്‍ എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരുന്നത്.
ഐപിസി 302 പ്രകാരമുള്ള ജീവപര്യന്തം തടവിന് ഏതെങ്കിലും കാരണവശാല്‍ ഇളവ് ലഭിക്കുകയാണെങ്കില്‍ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള തടവുശിക്ഷ ആരംഭിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.
2012 ജൂണ്‍ 26ന് പുലര്‍ച്ചെ പാരിപ്പള്ളി-നിലമേല്‍ റോഡിലെ കുളമട ജവഹര്‍ ജങ്ഷനിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ പാരിപ്പള്ളി പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്‌ഐ ജോയിയെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ആന്റണിയെ 2015 ഒക്‌ടോബര്‍ 13ന് പാലക്കാട്ടുവച്ചാണ് പിടികൂടിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഇതെന്നും അതിനാല്‍ വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss