|    Sep 19 Tue, 2017 8:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മണിപ്പൂര്‍ ഏറ്റുമുട്ടല്‍ കൊലകള്‍ : അന്വേഷണം സിബിഐക്ക്‌

Published : 15th July 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) നിലനില്‍ക്കുന്ന മണിപ്പൂരില്‍ സായുധ സൈന്യവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവ്.ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേസുകള്‍ അന്വേഷിക്കുന്നതിനായി സിബിഐ ഡയറക്ടര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി രണ്ടാഴ്ചയ്ക്കകം അതിന്റെ ഘടനയെക്കുറിച്ച് കോടതിയെ അറിയിക്കണം. മൂന്നാഴ്ചയ്ക്കുശേഷം എത്രയും വേഗം കേസുകള്‍ ലിസ്റ്റ് ചെയ്യണമെന്നും ബെഞ്ച് സിബിഐക്ക് നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണം സംബന്ധിച്ച കോടതിയുടെ നിര്‍ദേശങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി 2018 ജനുവരി രണ്ടാം വാരത്തില്‍ ഈ ഹരജികള്‍ വ്യക്തമായി ലിസ്റ്റ് ചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകളാണോ എന്നു തിരിച്ചറിയാന്‍ സിബിഐ അന്വേഷണം ആവശ്യമാണ്. അഞ്ച് ഓഫിസര്‍മാര്‍ അടങ്ങിയ ഒരു സംഘത്തിന് രൂപം നല്‍കണം. എഫ്‌ഐആര്‍ തയ്യാറാക്കി, 2017 ഡിസംബര്‍ 31ഓടെ അന്വേഷണം പൂര്‍ത്തിയാക്കി ആവശ്യമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മണിപ്പൂരില്‍ നടന്ന 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹരജി നേരത്തേ കോടതി തള്ളിയിരുന്നു. അഫ്‌സ്പ നിലനില്‍ക്കുന്ന പ്രദേശങ്ങളിലടക്കം സായുധസൈന്യവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന 2016ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, മദന്‍ ബി ലോകുര്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സുപ്രിംകോടതിയുടെ ചേംബറില്‍ വച്ച് വാദം കേട്ടശേഷം ഹരജി തള്ളുകയായിരുന്നു. കേസിന്റെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി പരിഗണിച്ചിരുന്നില്ല. ഭീകരവാദികളോടും വിഘടനവാദികളോടും പ്രതികരിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നതാണ് സുപ്രിംകോടതി വിധിയെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദം. 2016 ജൂലൈ എട്ടിനാണ് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ച് മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയര്‍ന്ന 1528 കേസുകളില്‍ അന്വേഷണം വേണമെന്ന് ഉത്തരവിട്ടത്. രാജ്യത്തിന്റെ ശത്രുവാണ് എന്ന ആരോപണത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രം സുരക്ഷാ സൈനികര്‍ക്ക് ഒരു പൗരനെ വധിക്കാനുള്ള അധികാരം നല്‍കിയാല്‍ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക