|    Jan 24 Tue, 2017 10:35 am
FLASH NEWS

മണിപ്പാറ കാനത്തില്‍ അനധികൃത വിവരശേഖരണം

Published : 12th October 2016 | Posted By: Abbasali tf

ചെറുതോണി: കരിമ്പന്‍ മണിപ്പാറ കാനം ഭാഗത്ത് വനപാലകരെ നാട്ടുകാര്‍ വളഞ്ഞുവച്ചു. ഇടുക്കി നഗരംപാറ റെയ്ഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജെയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് നാനൂറോളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്. കുടിയൊഴിപ്പിക്കാനായി എത്തിയെന്ന് കരുതിയാണ് നാട്ടുകാര്‍ പ്രകോപിതരായത്. തിങ്കളാഴ്ച 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ 40 വര്‍ഷങ്ങളായി വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമമായ മണിപ്പാറ കാനത്തില്‍ ജനവാസം ആരംഭിച്ചിട്ട്. ഇതിനിടെ പട്ടയനടപടികള്‍ പൂര്‍ത്തിയായ ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ഇവിടുത്തെ ജനങ്ങളെ കുടിയിറക്കുന്നതിന് മുന്നോടിയായി വീടുകള്‍ തോറും വിവരശേഖരണത്തിന് എത്തിയതാണ് ഉദ്യോഗസ്ഥരെന്നാരോപിച്ചാണ് ആളുകള്‍ രംഗത്തെത്തിയത്. ഇതോടെ ഇവര്‍ നടപടികള്‍ നിര്‍ത്തിവച്ചു. എന്നാല്‍ ജില്ലാ കലക്ടര്‍ , ഡി.എഫ്.ഒ , റെയ്ഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രമേ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയുള്ളുവെന്ന നിലപാടില്‍  നാട്ടുകാര്‍ ഉറച്ചുനിന്നു. ഇതിനിടെ സംഘത്തിലെ മൂന്ന് പേര്‍ മറുഭാഗത്തുകൂടി കടന്നു. പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇരുപഞ്ചായത്തുകളിലേയും പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാപഞ്ചായത്ത് അംഗം വിഷ്ണു കെ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എംഎല്‍എ റോഷി അഗസ്റ്റിന്‍, എംപി ജോയ്‌സ് ജോര്‍ജ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും സ്ഥലത്തെത്തി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് ജനങ്ങളും നേതാക്കളും പ്രകടനമായെത്തി ഇടുക്കി നേര്യമംഗലം സംസ്ഥാന പാത ഉപരോധിച്ചു. ഇതിനിടെ ജനപ്രതിനിധികള്‍ വനംവകുപ്പ് മന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കര്‍ഷകരെ കുടിയൊഴിപ്പിക്കല്‍ സര്‍ക്കാര്‍ നിലപാടല്ലെന്നും ഉത്തരവുകളില്ലാതെ എത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് നാലുമണിയോടെ സമരം അവസാനിപ്പിച്ചു.ഇടുക്കി,കഞ്ഞിക്കുഴി , മുരിക്കാശേരി എന്നിവിടങ്ങളില്‍ നിന്നുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക