|    Apr 27 Fri, 2018 2:15 pm
FLASH NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നാലു ജീവനുകള്‍ പൊലിഞ്ഞു; ആലപ്പുഴയ്ക്ക് ഇന്നലെ കണ്ണീര്‍ ദിനം

Published : 5th September 2016 | Posted By: SMR

ആലപ്പുഴ:  തിരുവോണത്തിന്റെ വരവറിയിച്ച്  പടിക്കലെത്തിയ അത്തം ആലപ്പുഴക്ക് സമ്മാനിച്ചത് കണ്ണീര്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നാലു ജീവനുകള്‍ പൊലിഞ്ഞതോടെയാണ് ആലപ്പുഴക്ക് ഇന്നലെ കണ്ണീര്‍ ദിനമായത്.
ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്ത് പുലര്‍ച്ചെ രണ്ടോടെ ബൈക്കും  കാറും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച തകഴി കുന്നുമ്മ സാബിത്ത് മന്‍സിലില്‍ സാദിറത്തിന്റെ മകന്‍ മുഹമ്മദ് സാബിത്ത് (25), കുറുങ്ങാട്ട് ലക്ഷം വീട്ടില്‍ നൗഷാദ് (സുജീര്‍-23), ഐരാംമ്പള്ളില്‍ ലക്ഷം വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ അനസ് (26) എന്നിവരും കരീലക്കുലങ്ങര പെട്രോള്‍ പമ്പിന് സമീപം ദേശീയ പാതയില്‍ ദമ്പതികള്‍ സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടര്‍ പിക്ക് അപ് വാനില്‍ ഇടിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന പത്തിയൂര്‍ വിഎസ് വിഹാറില്‍ വിശ്വനാഥപിള്ളയുടെ ഭാര്യ എസ് സാവിത്രിയമ്മയുമാണ് മരിച്ചത്.
പച്ചക്കറി വ്യാപാരികളായ സാബിത്തും നൗഷാദും കച്ചവട ആവശ്യത്തിനായി സുഹൃത്ത് അനസുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടത്തില്‍ പെട്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സഹോദരന്റെ ചെറുതനയിലെ വീട്ടിലേക്ക് പോകുന്ന വഴി കരീലക്കുളങ്ങര പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച ശേഷം സ്‌കൂട്ടറില്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഭര്‍ത്താവ് ഓടിച്ചിരുന്നസ്‌കൂട്ടറില്‍ പിക്ക് അപ് വാന്‍ ഇടിച്ചായിരുന്നു സാവിത്രിയമ്മയുടെ മരണം. എസ്ഡി പിഐ കുന്നുമ്മ ബ്രാഞ്ചിലെ പ്രവര്‍ത്തകരായിരുന്നു മരിച്ച സാബിത്തും നൗഷാദും അനസും.
സ്വന്തം ജീവിതായോധനത്തിനുള്ള പെടാപ്പാടിനൊപ്പം പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മൂവരും എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്കപ്പുറത്തും പലപ്പോഴും പൊതുകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ യുവാക്കളുടെ ആകസ്മികമായ വേര്‍പാട് നാടിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞു. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുന്നുമ്മയിലെ സ്വന്തം വീടുകളില്‍ എത്തിച്ച മൂവര്‍ക്കും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജാതി-മത-താഷ്ട്രീയ വ്യത്യാസമില്ലാതെ ആയിരങ്ങളാണ്  എത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടിലെമ്പാടും  അനുശോചന ബോര്‍ഡുകളും പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.
മൂന്ന് മണിയോടെ കുന്നുമ്മ മുസ്‌ലിം ജമാഅത്ത് മദ്‌റസ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അകാലത്തില്‍ പൊലിഞ്ഞ സഹപ്രവര്‍ത്തകരുടെ വിയോഗത്തില്‍ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss