|    Feb 27 Mon, 2017 1:06 am
FLASH NEWS

മണല്‍മാഫിയയുടെ സമ്മര്‍ദം;എസ്‌ഐയുടെ കസേര തെറിച്ചു

Published : 24th November 2016 | Posted By: SMR

തൊടുപുഴ: മണല്‍മാഫിയയുടെ സമ്മര്‍ദത്തില്‍ കാഞ്ഞാര്‍ എസ്‌ഐയുടെ കസേര തെറിച്ചു.കാഞ്ഞാര്‍ എസ്‌ഐ ജയകുമാറിനെയാണ് മാറ്റിയത്. മണല്‍മാഫിയാ ബന്ധമുള്ള ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം മാറ്റുകയായിരുന്നെന്നാണ് ആക്ഷേപം. കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് ജയകുമാറിനെ സ്ഥലം മാറ്റിയത്.മുട്ടം പോലിസ് സ്റ്റേഷനില്‍ നിന്ന് തൊടുപുഴയിലേയ്ക്കും തൊടുപുഴയില്‍ നിന്ന് കാഞ്ഞാറിലേയ്ക്കുമാണ് മാറ്റിയത്. കഴിഞ്ഞദിവസം ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ റിപോര്‍ട്ടാണ് സ്ഥാനചലനത്തിനു കാരണമായത്. എന്നാല്‍ ഇടുക്കി പോലിസ് സ്റ്റേഷനില്‍ എസ്‌ഐ ഇല്ലാത്തതുകൊണ്ടാണ് ജയകുമാറിനെ മാറ്റിയതെന്നാണ് പോലിസ് ഉന്നതോദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.അതേസമയം മണല്‍കടത്തു മാഫിയായുമായി അടുത്ത ബന്ധമുള്ള കാഞ്ഞാറിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.കാഞ്ഞാറില്‍ നിന്ന് ഇടുക്കിയിലേയ്ക്കാണ് ജയകുമാറിനെ മാറ്റിയത്. ചില ഉദ്യോഗസ്ഥരുടെ മണല്‍മാഫിയ ബന്ധത്തിനു തടസം നിന്നതാണ് കാഞ്ഞാര്‍ എസ്‌ഐയ്ക്ക് വിനയായത്. രാത്രിയില്‍ തൊടുപുഴ മേഖല വഴി അനധികൃതമായി 50 ലോഡിലധികം മണലാണ് മറ്റ് ജില്ലകളിലേക്ക് കടത്തുന്നത്.മണല്‍, മണ്ണ് കടത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായതോടെ എസ് ഐ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞമാസം എതാനും ലോഡുകള്‍ പിടിക്കുകകൂടി ചെയ്‌തോടെ കൃത്യമായി മാസപ്പടിപറ്റുന്ന ചില ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കാഞ്ഞാര്‍ പോലിസ് സ്റ്റേഷനില്‍ പുതിയ എസ്‌ഐയെ നിയമിച്ചിട്ടില്ല. അഡീഷണല്‍ എസ്‌ഐയ്ക്കാണ് പകരം ചുമതല.ഇടുക്കി എസ്‌ഐ വിനോദ്കുമാറിനെ കരിമണല്‍ പോലിസ് സ്റ്റേഷനിലേയ്ക്കും മാറ്റി. കഴിഞ്ഞമാസം മാത്രം ഒരു ഉദ്യോഗസ്ഥന്‍ 1.36 ലക്ഷം രൂപയാണ് തൊടുപുഴ മേഖലയില്‍ നിന്ന് മണല്‍കടത്ത് ബന്ധമുള്ള നേതാവില്‍ നിന്ന് കൈപ്പറ്റിയത്. രാത്രിയില്‍ മണല്‍ കടത്തുന്ന സ്ഥലത്ത് ചെന്നു നിന്നാണ് ലോഡ് അനുസരിച്ച് കൈക്കൂലി പറ്റുന്നതത്രെ. തൊടുപുഴ സബ്ഡിവിഷനിലെയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക ആക്ഷേപമുയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പോലിസ് നേതൃത്വം തയ്യാറായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day