|    Jul 22 Sun, 2018 4:42 am
FLASH NEWS

മണല്‍തിട്ടയിലിടിച്ച് ബോട്ട് തകര്‍ന്ന സംഭവം : മല്‍സ്യത്തൊഴിലാളി പണിമുടക്കില്‍ തീരമേഖല സ്തംഭിപ്പിച്ചു

Published : 8th August 2017 | Posted By: fsq

 

കണ്ണൂര്‍സിറ്റി: ആയിക്കര ഹാര്‍ബറിനു സമീപം മണല്‍തിട്ടയില്‍ ഇടിച്ച് അഴീക്കോട്ടെ ചെഗുവേര ബോട്ട് തകര്‍ന്നതില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ പണിമുടക്കി. സംയുക്ത മല്‍സ്യതൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പണിമുടക്കില്‍ ആയിക്കര മല്‍സ്യമേഖല സ്തംഭിച്ചു. മല്‍സ്യ കയറ്റു-ഇറക്കുമതി മേഖല പൂര്‍ണമായും നിലച്ചു. ഇതുകാരണം നഗരത്തിലും ഗ്രാമങ്ങൡലുമുള്ള മല്‍സ്യമാര്‍ക്കറ്റുകളില്‍ മല്‍സ്യത്തിന് ക്ഷാമം അനുഭവപ്പെട്ടു. ട്രോളിങ് നിരോധനം കഴിഞ്ഞ് മല്‍സ്യമേഖല സജീവമാവുന്നതിനിടെ തീരദേശത്തുണ്ടായ പണിമുടക്ക് ജനങ്ങളെയും ബാധിച്ചു. ഹോട്ടലുകൡലും വീടുകളിലും ആവശ്യത്തിന് മല്‍സ്യം ലഭിച്ചില്ല. ആയിക്കര ഹാര്‍ബര്‍ കേന്ദ്രീകരിച്ച് 300ലേറെ ബോട്ടുകളാണ് ദിനേന പുറംകടലില്‍ പോവുന്നത്. 30 വലിയ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, 300ഓളം ചെറിയ ബോട്ടുകള്‍, 20ഓളം വലിയ ബോട്ടുകള്‍ തുടങ്ങിയവയും അനുബന്ധ മേഖലയുമടക്കം പതിനായിരത്തോളം പേരാണ് ആയിക്കര മേഖലയെ ആശ്രയിച്ചു കഴിയുന്നത്. ബോട്ട് കരയ്ക്കടുപ്പിക്കുന്ന സ്ഥലത്ത് മണല്‍ അടിഞ്ഞുകൂടി രൂപംകൊണ്ട തിട്ടയില്‍ ഇടിച്ചാണ് ബോട്ട് അപകടത്തില്‍പെട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് മണല്‍തിട്ടയിലിടിച്ച് ബോട്ട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നു നടന്ന പ്രതിഷേധം ഫിഷറീസ് ഓഫിസ് ആക്രമിക്കുന്നതില്‍ വരെയെത്തിയിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ കടലില്‍ ഇറക്കുന്നതിനിടെ ഇതേ മണല്‍തിട്ടയില്‍ ഇടിച്ചാണ് ചെഗുവേര ബോട്ടിന്റെ അടിഭാഗം പൂര്‍ണമായും തകര്‍ന്നത്. പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ ആയിക്കരയിലെ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. ഫാദര്‍ ദേവസ്യ ഈരത്തറ ഉദ്ഘാടനം ചെയ്തു. കെ കെ അബ്ദുല്‍സലാം, കെ പി പ്രതാപന്‍, കെ സഹറാസ്, ടി സത്യനാഥന്‍, മുഹമ്മദ്കുഞ്ഞി, കെ രാജീവന്‍, യു പുഷ്പരാജ് നേതൃത്വം നല്‍കി. പ്രതിഷേധഭാഗമായി ഇന്നു രാവിലെ 10നു ആയിക്കര മാപ്പിള ബേ കവാടത്തില്‍ സംയുക്ത സമരസമിതി സത്യഗ്രഹം നടത്തും. രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള സമരത്തിലേക്കു നീങ്ങാനാണു തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss