|    Jan 22 Sun, 2017 5:45 pm
FLASH NEWS

മണല്‍ക്കടവുകള്‍ അടച്ചതോടെ നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍

Published : 22nd July 2016 | Posted By: SMR

പത്തനാപുരം: കിഴക്കന്‍ മേഖലയിലെ മണല്‍ വാരല്‍ കടവുകള്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് അടച്ചു പൂട്ടിയതോടെ പട്ടിണിയിലായത് നിരവധി കുടുംബങ്ങള്‍.
പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി, തലവൂര്‍ പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് മണല്‍ വാരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്. നാല് പഞ്ചായത്തുകളിലായുള്ള പിടവൂര്‍ പുളിവിള, ആദംകോട്, കുറ്റിമൂട്ടില്‍ കടവ്, അന്തമണ്‍, ആറാട്ടുപുഴ, തര്യന്‍തോപ്പ്, കമുകുംചേരി, തോണിക്കടവ്, എലിക്കാട്ടൂര്‍, പട്ടാഴി എന്നീ അംഗീകൃത കടവുകളില്‍ സ്ത്രീ തൊഴിലാളികളടക്കം നൂറുകണക്കിന് തൊഴിലാളികളാണ് മണല്‍വാരല്‍ തൊഴിലെടുത്ത് കുടുംബം പോറ്റിയിരുന്നത്.
ജലാശയങ്ങളുടെ തകര്‍ച്ചയുടെ പേരില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ വല്ലപ്പോഴും ലഭിക്കുന്ന കെട്ടിട നിര്‍മാണ തൊഴിലും മറ്റുമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം. അംഗീകരിച്ച തൊഴില്‍ കാര്‍ഡ്, ക്ഷേമനിധി, ഉല്‍സവബത്ത ഇതെല്ലാം ലഭ്യമായിരുന്ന തൊഴിലാളികള്‍ക്ക് ഇന്ന് ഇതൊന്നും ലഭിക്കുന്നില്ല. മണല്‍ വാരുന്നതിനും എത്തിക്കുന്നതിനായി ലക്ഷങ്ങള്‍ വിലവരുന്ന വള്ളങ്ങളും ലോറികളും മണല്‍ കടവുകളിലും വീട്ടുമുറ്റങ്ങളിലുമായി നശിച്ച നിലയിലാണ്.
മണല്‍ വാരല്‍ ഉണ്ടായിരുന്നപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തുകള്‍ക്ക് ലഭ്യമായിരുന്നത്.
അംഗീക്യത മണല്‍ വാരല്‍ തൊഴിലാളികള്‍ക്ക് ഭീഷണിയായി അനധിക്യത മണല്‍മാഫിയ കടവുകള്‍ കൈയടക്കിയതോടെയാണ് കടവുകള്‍ അടച്ചുപൂട്ടലില്‍ എത്തിയത്. കൂടാതെ കെട്ടിട നിര്‍മാണ മേഖല മണലിനു പകരം പാറപ്പൊടിയും എംസാന്റും കൈയടക്കിയതോടെ ആവശ്യക്കാരും കുറഞ്ഞു. തെന്മല ഡാമിന്റെ ജലസംഭരണിയിലും അച്ചന്‍കോവിലാറിന്റെ വനമേഖലയിലും ലോഡുകണക്കിനു മണ്ണാണ് ഉള്ളത്.
ഇവിടെ നിന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത വിധം മണല്‍ വാരാവുന്നതാണ്. മണല്‍ വാരല്‍ നിലച്ചതോടെ തൊഴില്‍ നഷ്ടമായവര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാനും കഴിയും.
മമ്പ് കെ ബി ഗണേഷ്‌കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ വനമേഖലയില്‍ നിന്നും മണല്‍ വാരുന്നതിനു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആ പദ്ധതിയും നടപ്പിലായില്ല. കിഴക്കന്‍ മേഖലയ്ക്ക് പുതിയ വനം മന്ത്രിയെ ലഭിച്ചതിലൂടെ കുളത്തുപ്പുഴയിലും അച്ചന്‍കോവിലിലും മണല്‍കാലവറകള്‍ തുറക്കുമെന്നും തൊഴില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലുമാണ് നൂറു കണക്കിന് തൊഴിലാളി കുടുംബങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക