|    Jun 26 Tue, 2018 12:35 am
FLASH NEWS

മണല്‍ക്കടത്തും കടലേറ്റവും; മല്‍സ്യത്തൊഴിലാളികള്‍ കുടിയൊഴിയുന്നു

Published : 27th July 2016 | Posted By: SMR

തലശ്ശേരി: രൂക്ഷമായ മണല്‍ക്കടത്തും കടലേറ്റവും കാരണം തീരപ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ കുടിയൊഴിയുന്നു. മട്ടാമ്പ്രം ഇന്ദിരാഗാന്ധി പാര്‍ക്ക്, ചാലില്‍ മുസ്‌ലിംപള്ളി പരിസരം, ഗോപാലപേട്ട, തലായി ഐസ് പ്ലാന്റ് മുതല്‍ ന്യൂ മാഹി അഴീക്കല്‍ വരെയും പാലിശ്ശേരി മണക്കായി ദ്വീപ് എന്നിവിടങ്ങളിലുള്ളവരാണ് കുടിയൊഴിയുന്നവരില്‍ ഏറെയും. പ്രിയദര്‍ശിനി പാര്‍ക്ക് മുതല്‍ ചാലില്‍ മുസ്‌ലിംപള്ളി വരെയുള്ള ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നു ഇതിനകം 25 കുടുംബങ്ങള്‍ വിവിധ കാലയളവില്‍ ഒഴിഞ്ഞുപോയി. ഇതില്‍ ചിലര്‍ തിരിച്ചെത്തിയെങ്കിലും ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന വീടുകളില്‍ ഭീതിയോടെ കഴിയുകയാണ്.
1962ലാണ് തീരദേശ സുരക്ഷയ്ക്കായി കടല്‍ഭിത്തി കെട്ടിഉയര്‍ത്തിയത്. ചുള്ളികെട്ടുകള്‍ കൊണ്ട് വരിഞ്ഞുമുറുക്കിയാണ് ഭിത്തിയുടെ അടിത്തറ ബലപ്പെട്ടുത്തിയിരുന്നത്. ഇതിന്റെ ഫലമായി തീരദേശത്ത് 100 മുതല്‍ 200 മീറ്റര്‍ വരെ ദൂരത്തില്‍ തിരമാലയുടെ ശക്തിയാല്‍ നിക്ഷേപിക്കപ്പെട്ട പൂഴി തീരദേശവാസികള്‍ക്ക് സുരക്ഷാ കവചം ഒരുക്കിയിരുന്നു. ഗോപാലപേട്ട മുതല്‍ തലശ്ശേരി പഴയ ബസ്സ്റ്റാന്റ് മാര്‍ക്കറ്റ് വരെ ഇതേ അകലത്തില്‍ പുഴിയാല്‍ സമൃദ്ധമായിരുന്നു. കടപ്പുറം ഹാര്‍ബര്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് വലിയ തോണികള്‍ കരയിലേക്ക് അടുപ്പിച്ച് വര്‍ഷകാലങ്ങളില്‍ അറ്റകുറ്റപണി ചെയ്തിരുന്നതും ഇതേ പൂഴിയിലായിരുന്നു.
എന്നാല്‍, നിര്‍മാണവശ്യങ്ങള്‍ക്ക് പുഴമണല്‍ ലഭ്യമല്ലാതായതോടെ തീരദേശത്തെ പുഴികള്‍ കടത്തികൊണ്ടുപോവുന്ന സംഘം സജീവമായി. ഇതോടെ തീരദേശത്ത് നിന്ന് പൂഴി അപ്രത്യക്ഷമായി. തദ്ഫലമായി തിരമാല കരയിലേക്ക് ശക്തമായി അടിച്ചുകയറാന്‍ തുടങ്ങി. മണല്‍ക്കടത്ത് വ്യാപകമായതോടെ തീരദേശ സുരക്ഷക്കായി കെട്ടിയുയര്‍ത്തിയ ഭിത്തിയിടിഞ്ഞു. ഇതോടെ കടലും കരയും തമ്മിലെ അകലം ഇല്ലാതാവുകയും തീരദേശത്ത് മല്‍സ്യത്തൊഴിലാളികള്‍ നിര്‍മിച്ച വീടുകളുടെ അടിത്തറ ഇളകുകയും കടല്‍ വെള്ളം കയറുന്നത് പതിവാകുകയും ചെയ്തു.—
ഈ പശ്ചാത്തലത്തിലാണ് നിര്‍ധന കുടുംബങ്ങള്‍ പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ച് മറ്റു പ്രദേശങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരായത്. അധികൃതര്‍ ഇടപെട്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് തളിപ്പറമ്പ്, പുഴാതി, പയ്യന്നര്‍, പിലാത്തറ, കോയിപ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമി പതിച്ചു നല്‍കിയിരുന്നു. ഇവയെല്ലാം മല്‍സ്യബന്ധനവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളാണ്. ഇതേത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
മണല്‍ക്കടത്ത് വ്യാപകമായതിനാല്‍ മുന്‍കാലങ്ങളില്‍ കരയ്ക്കടുക്കാറുള്ള മാന്ത, ഏട്ട തുടങ്ങി ചെറുതും വലുതുമായ മല്‍സ്യങ്ങളും കിട്ടാതായി. കടലാമകള്‍ വരുന്നതും മുട്ടയിടുന്നതും പൂര്‍ണമായും ഇല്ലാതായി. മുമ്പ് ഇതേ കടപ്പുറത്ത് വലിയ റാലികള്‍, പൊതുയോഗങ്ങള്‍, ഉല്‍സവ ആഘോഷങ്ങള്‍, ഓണക്കാലത്തെ പട്ടം പറപ്പിക്കല്‍ എന്നിവയ്ക്കു നിരവധി പേര്‍ കുടുംബസമേതം എത്തിയിരുന്നു. എന്നാല്‍ പ്രദേശം ഇന്ന് മാലിന്യനിക്ഷേ കേന്ദ്രമായി ചുരുങ്ങി. തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും മണല്‍ക്കടത്ത് സംഘത്തെ നിയന്ത്രിക്കുകയും ചെയ്ത് മല്‍സ്യത്തൊഴിലാളികളുടെ ജീവിതവും വീടും സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss