|    Nov 19 Mon, 2018 9:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മണലും ചളിയും അടിഞ്ഞുകൂടിയത് ഡാമുകള്‍ പെട്ടെന്ന് നിറയാനിടയാക്കി

Published : 30th August 2018 | Posted By: kasim kzm

കെ സനൂപ്

തൃശൂര്‍: സംസ്ഥാനത്ത് ഡാമുകളില്‍ വന്‍തോതില്‍ ചളിയും മണലും അടിഞ്ഞുകൂടിയിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം. പ്രളയത്തിനിടെ ഡാമുകള്‍ പെട്ടെന്ന് നിറയാന്‍ അത് വഴിവച്ചെന്നും സൂചന. 2010ല്‍ ധനമന്ത്രി ടി എം തോമസ് ഐസകിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ഡാമുകളിലെ മണല്‍ വാരാനുള്ള പദ്ധതി പ്രകാരം നടത്തിയ വിവര കണക്കെടുപ്പില്‍ ജലവിഭവ വകുപ്പിന്റെ 14 സംഭരണികളിലായി 10.7963 കോടി ക്യുബിക് മീറ്റര്‍ ചളിയും എക്കലും ഉണ്ടെന്നാണ് 2004 മുതല്‍ നടന്ന പഠനങ്ങളില്‍ പറയുന്നത്. കെഎസ്ഇബിയുടെ അധീനതയിലുള്ള ഇടുക്കി ഉള്‍െപ്പടെയുള്ള മറ്റ് ഡാമുകളിലെ മണലിന്റെ കണക്ക് അന്നെടുത്തിരുന്നില്ല.
അണക്കെട്ടുകളുടെ ജലസംഭരണശേഷി കൂട്ടുന്നതിനൊപ്പം മണല്‍ വില്‍പനയിലൂടെ 15,000 കോടി വരെ സര്‍ക്കാരിനു വരുമാനമുണ്ടാക്കാമെന്നും അന്നു കണക്കാക്കിയിരുന്നു. തൃശൂരിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപോര്‍ട്ട് പ്രകാരം മലമ്പുഴ ഡാമില്‍ മാത്രം 800 കോടിയുടെ മണല്‍ നിക്ഷേപമാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മലമ്പുഴ ഡാമില്‍ നിന്ന് 300 കോടിയുടെ മണല്‍ എടുക്കാനാണ് ലക്ഷ്യമിട്ടത്. ഡാമിലെ മണലും ചളിയും നീക്കം ചെയ്യുന്നതിനു സര്‍ക്കാര്‍ ഏജന്‍സിയായ കെംഡെല്ലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
പാലക്കാട്, കഞ്ചിക്കോട് മേഖലകളിലെ യാര്‍ഡുകളില്‍ ശേഖരിച്ചിട്ട മണല്‍ മിതമായ നിരക്കില്‍ ആദ്യം പൊതുജനങ്ങള്‍ക്ക് വില്‍പന നടത്തണമെന്നായിരുന്നു നിയമം. ബാക്കി വരുന്നത് കരാറുകാര്‍ക്ക് നല്‍കാനും 25,000 ക്യൂബിക് മീറ്റര്‍ മണല്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി മാറ്റിവച്ച് കുറഞ്ഞ നിരക്കില്‍ വില്‍പന നടത്താനും ലക്ഷ്യമിട്ടിരുന്നു. കെംഡെല്ലിന്റെ കണക്കു പ്രകാരം 2010ല്‍ മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് ശേഖരിച്ചത് 2,78,950 ക്യുബിക് മീറ്റര്‍ മണല്‍ മാത്രമാണ്. മലമ്പുഴ ഡാമില്‍ നിന്ന് 1,69,950 ക്യുബിക് മീറ്ററും വാളയാറില്‍ നിന്ന് 79,000 ക്യുബിക് മീറ്ററും ചുള്ളിയാറില്‍ നിന്ന് 30,000 ക്യുബിക് മീറ്ററും.
226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിന്. എന്നാല്‍, നിബന്ധനകള്‍ പാലിക്കാതെയുള്ള മണലെടുപ്പും കോരിക്കൂട്ടിയ മണലിന്റെ അളവ് സംബന്ധിച്ച വിവാദവും പദ്ധതിയെ തകിടം മറിക്കുകയായിരുന്നു.
മലമ്പുഴ ഡാമില്‍ നിന്നു വാരിയ ടണ്‍കണക്കിനു മണല്‍ ഇന്നും സംസ്‌കരിക്കാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. 2010ല്‍ തുടങ്ങിയ ഡാം മണല്‍ പദ്ധതി പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നില്ല. 2016ല്‍ മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പിന്റെ 20 ഡാമുകളെയും വൈദ്യുതി ബോര്‍ഡിന്റെ മുപ്പതോളം അണക്കെട്ടുകളെയും ഉള്‍പ്പെടുത്തി. പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഡാമുകളിലെ ഒരു ക്യുബിക് മീറ്റര്‍ ചളി മാറ്റിയാല്‍ അവിടെ 1000 ലിറ്റര്‍ വെള്ളം സംഭരിക്കാം. എന്നാല്‍, മണലും ചളിയും അടിഞ്ഞുകൂടി ഡാമുകളുടെ സംഭരണശേഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന സ്ഥിതിയാണ് പിന്നീട് ഉണ്ടായത്. കനത്ത മഴയിലും നീരൊഴുക്കിലും ഡാമുകള്‍ പെട്ടെന്ന് നിറയാനും അത് കാരണമാക്കിയിട്ടുണ്ടാകാം.
പദ്ധതി പുനരുജ്ജീവിപ്പിക്കാനും ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍തലത്തില്‍ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. ഡാമുകളില്‍ അടിഞ്ഞുകൂടിയ മണല്‍ എടുത്താല്‍ തന്നെ പ്രളയക്കെടുതിയില്‍ വീടും മറ്റും നഷ്ടമായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവ ഉപയോഗപ്പെടുത്താനാകും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss