|    May 24 Thu, 2018 1:55 pm
FLASH NEWS

മണലിയിലെ ആക്രമണം : കഞ്ചാവ് -ഗുണ്ടാസംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍

Published : 16th June 2017 | Posted By: fsq

 

കേച്ചേരി: കേച്ചേരി മണലിയില്‍ യുവതി ഉള്‍പ്പെടെയുള്ളവരെ അക്രമിച്ച കഞ്ചാവ്-ഗുണ്ടാ സംഘത്തിലെ നാലു പേരെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കാവ് പറപ്പൂപറമ്പില്‍ ദയാല്‍(22), പെരുമ്പിലാവ് നാലകത്ത് ചാപ്പു എന്ന് വിളിക്കുന്ന ബാദുഷ(24), സഹോദരന്‍ ഷിഹാബ്(22), പറപ്പൂക്കാവ് ചോഴിയാട്ടില്‍ ദിലീപ്(23) എന്നിവരെയാണ് എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കഞ്ചാവ്-ഗുണ്ടാ സംഘത്തിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ആക്രമണങ്ങളില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. മണലി തെങ്ങ് പുതുവീട്ടില്‍ ബിലാലിന്റെ മകള്‍ നസീമ, പനംമ്പട്ട വീട്ടില്‍ ചന്ദ്രന്‍ മകന്‍ പ്രദീപ്, കോട്ടോല്‍ വളപ്പില്‍ രാജേഷ് എന്നിവര്‍ക്കാണ് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. മയക്കു മരുന്നിന്റെ ലഹരിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമ പരമ്പര അരങ്ങേറിയത്. ബിലാലിന്റെ വീട്ടിലേക്ക് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം മകള്‍ നസീമയുടെ ദേഹത്തേക്ക് കൂറ്റന്‍ കരിങ്കല്ല് വലിച്ചെറിയുകയും  സംഭവത്തില്‍ ഇടപെടാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രദീപിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സംഭവത്തിന് പിറ്റേന്നാളാണ് റോഡിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ മാരകായുധങ്ങളുമായി കഞ്ചാവ് ഗുണ്ടാ സംഘം വീണ്ടും അക്രമിച്ചത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റ് റോഡില്‍ തളര്‍ന്ന് കിടന്നിരുന്ന രാജേഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കേച്ചേരി, മണലി, തലക്കോട്ടുകര, പെരുമണ്ണ് തുടങ്ങിയ മേഖലയിലെ യുവാക്കളാണ് കഞ്ചാവ്-ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നവരും ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ജൂനിയര്‍ എസ്‌ഐ ബിനുലാല്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ആരിഫ്, ആഷിഷ്, മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss