|    Jan 21 Sat, 2017 4:25 pm
FLASH NEWS

മണപ്പുറം: കൈമാറിയത് 22 കേസുകള്‍ ; സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറണമെന്ന് ഹൈേക്കാടതി

Published : 18th October 2016 | Posted By: Abbasali tf

തൃശൂര്‍: മണപ്പുറം ഫിനാന്‍സിന്റെ കൊടുങ്ങല്ലൂര്‍ ശാഖയുമായി ബന്ധപ്പെട്ട് നിലവിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. നിക്ഷേപം നടത്തി തട്ടിപ്പിനിരയായവര്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്ന കേസുകള്‍ കോട്ടയം ക്രൈംബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എസ്പി സ്വന്തമായോ ഡെപ്യൂട്ടി സൂപ്രണ്ടിന് താഴെയല്ലാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ചോ അന്വേഷണം നടത്താനാണ് നിര്‍ദേശം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തണമെന്നും  കോടതി നിര്‍ദേശിച്ചു. നിക്ഷേപത്തിന്റെ പേരില്‍ ഒട്ടേറെ പേരില്‍ നിന്ന്  കോടികള്‍ തട്ടിയ കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സുതാര്യമല്ലെന്നും ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂര്‍ സ്വദേശി സോമകുമാര്‍ അടക്കം ഏഴ് പേര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊടുങ്ങല്ലൂര്‍ സിഐയുടെ കീഴില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 22 കേസുകളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. മണപ്പുറം ഫിനാന്‍സ് അധികൃതര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ച ശേഷം ഇവ സ്വന്തം ആവശ്യത്തിനായി വിനിയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മേബന്‍ നിധി ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിച്ച് തട്ടിപ്പിന് കൂട്ടു നിന്നതിന് മാനേജിങ് ഡയറക്ടര്‍ ജ്യോതിക്കെതിരെയും കേസുണ്ട്. 19 കേസുകളുടെ അന്വേഷണം കോട്ടയത്തെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 2016 മാര്‍ച്ചില്‍ എസ്പിക്ക് റിപോര്‍ട്ട് നല്‍കിയെന്ന കൊടുങ്ങല്ലൂര്‍ സിഐ സമര്‍പ്പിച്ച വിശദീകരണം കോടതി പരിഗണിച്ചു. എന്നാല്‍, തൃശൂര്‍ മേഖല ഐജി ഈ റിപോര്‍ട്ട് തിരിച്ചയക്കുകയും നിലവിലുള്ള സംഘം തന്നെ അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. കേസിന്‍െ ഗൗരവം മുന്‍നിര്‍ത്തി അന്വേഷണം ഏറ്റെടുക്കാനുള്ള  നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥന്‍ തള്ളിയെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടേറെ പേരില്‍ നിന്ന്  കോടികള്‍ തട്ടിയ കേസാണിത്. എന്നാല്‍, ഇതുവരെയുള്ള അന്വേഷണം ഫലപ്രദമോ ശരിയായ രീതിയിലോ അല്ലെന്ന ആരോപണത്തില്‍ കഴമ്പുള്ളതായി തോന്നുന്നു. ബാങ്കിന്റെ മുന്‍ മാനേജരുടെ പ്രവൃത്തിയില്‍ സംശയം ആരോപിക്കുന്നുവെങ്കിലും ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി കാണുന്നില്ല. നിക്ഷേപകര്‍ നല്‍കിയ പണം നന്ദകുമാറില്‍ നിന്ന് ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇത് സംബന്ധിച്ച അന്വേഷണം മുന്‍ധാരണയോ പക്ഷപാതിത്വമോ അനാവശ്യ താല്‍പര്യങ്ങളോ ഇല്ലാതെ വേണം നടക്കാനെന്നും ഈ സാഹചര്യത്തില്‍ ഹരജിക്കാരുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക